യോഹന്നാൻ 5:1-18
യോഹന്നാൻ 5:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ട് അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു. യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചുപോന്നു.
യോഹന്നാൻ 5:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാൽ യേശു യെരൂശലേമിലേക്കു പോയി. അവിടെ ‘ആട്ടിൻ വാതിൽ’ എന്ന നഗരഗോപുരത്തിനു സമീപം ’ബേത്‍സഥാ’ എന്ന് എബ്രായ ഭാഷയിൽ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്. അവിടെ അന്ധന്മാർ, മുടന്തന്മാർ, ശരീരം തളർന്നവർ തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തർ കിടന്നിരുന്നു. കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവർ. ഇടയ്‍ക്കിടെ ഒരു ദൈവദൂതൻ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു. മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. യേശു ആ രോഗിയെ കണ്ടു; ദീർഘകാലമായി അയാൾ ഈ അവസ്ഥയിൽ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിലിറക്കുവാൻ ആരുമില്ല; ഞാൻ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.” യേശു അയാളോട്, “എഴുന്നേറ്റ്, നിന്റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു തുടങ്ങി. അതൊരു ശബത്തു ദിവസമായിരുന്നു. സുഖംപ്രാപിച്ച മനുഷ്യനോട് യെഹൂദന്മാർ ചോദിച്ചു: “ഇന്ന് ശബത്തല്ലേ? ശബത്തു ദിവസം കിടക്ക എടുത്തുകൊണ്ടു നടക്കുന്നത് നമ്മുടെ മതനിയമത്തിനു വിരുദ്ധമല്ലേ?” അപ്പോൾ അയാൾ പറഞ്ഞു: “എന്നെ സുഖപ്പെടുത്തിയ മനുഷ്യൻ കിടക്ക എടുത്തുകൊണ്ടു നടക്കുക എന്ന് എന്നോടു പറഞ്ഞു.” അവർ വീണ്ടും അയാളോടു ചോദിച്ചു: “കിടക്കയെടുത്തു നടക്കുവാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആരാണ്?” എന്നാൽ യേശു സൗഖ്യം നല്‌കിയ ആ മനുഷ്യന് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തെന്നാൽ അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിൽ യേശു മറഞ്ഞുകഴിഞ്ഞിരുന്നു. പിന്നീട് യേശു അയാളെ ദേവാലയത്തിൽവച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേൽ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു. ആ മനുഷ്യൻ ചെന്ന് യെഹൂദന്മാരോട്, തന്നെ സുഖപ്പെടുത്തിയത് യേശു ആണെന്നു പറഞ്ഞു. യേശു ശബത്തിൽ ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്തതുകൊണ്ട് യെഹൂദന്മാർ അവിടുത്തെ പീഡിപ്പിക്കുവാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്. അതുകൊണ്ടു ഞാനും പ്രവർത്തിക്കുന്നു.” ശബത്തു ലംഘിച്ചു എന്നതു മാത്രമല്ല, ദൈവത്തെ തന്റെ പിതാവ് എന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തോടു സമനാക്കി എന്നതുകൊണ്ടും യെഹൂദന്മാർ യേശുവിനെ വധിക്കുവാനുള്ള ഉപായം എന്തെന്നു പൂർവാധികം അന്വേഷിച്ചു.
യോഹന്നാൻ 5:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ആയതുകൊണ്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് കിടന്നിരുന്നു. അതത് സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏത് വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും. എന്നാൽ മുപ്പത്തെട്ടു വർഷമായി രോഗംപിടിച്ച് കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നത് യേശു കണ്ടു, ഇങ്ങനെ അവൻ അവിടെ വളരെ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോട് ചോദിച്ചു. രോഗി അവനോട്: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്ക് മുമ്പായി ഇറങ്ങുന്നു“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി തന്‍റെ കിടക്ക എടുത്തു നടന്നു. എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: “ഇന്ന് ശബ്ബത്ത് ആകുന്നു; കിടക്ക ചുമക്കുവാൻ നിനക്കു അനുവാദമില്ല“ എന്നു പറഞ്ഞു. അവൻ അവരോട്: “എന്നെ സൗഖ്യമാക്കിയവൻ കിടക്ക എടുത്തു നടക്ക“ എന്നു എന്നോട് പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “കിടക്ക എടുത്തു നടക്ക എന്നു നിന്നോട് പറഞ്ഞ മനുഷ്യൻ ആർ?“ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ടു അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു. യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
യോഹന്നാൻ 5:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: നോക്കു, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു. യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോടു: എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
യോഹന്നാൻ 5:1-18 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി. ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്. അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും. മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. “യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു. അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു. ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യംപ്രാപിച്ചു; കിടക്കയെടുത്തു നടന്നു. ഇതു സംഭവിച്ചത് ഒരു ശബ്ബത്തുദിവസമായിരുന്നു. അതുകൊണ്ട് സൗഖ്യമായ മനുഷ്യനോടു യെഹൂദനേതാക്കന്മാർ പറഞ്ഞു, “ഇന്നു ശബ്ബത്തുദിനമാണ്; ഇന്നു കിടക്ക ചുമക്കുന്നതു നിയമവിരുദ്ധമാണ്.” എന്നാൽ അയാൾ, “എന്നെ സൗഖ്യമാക്കിയ അദ്ദേഹം എന്നോടു ‘കിടക്കയെടുത്തു നടക്കുക എന്നു പറഞ്ഞു’ ” എന്നു മറുപടി നൽകി. അപ്പോൾ അവർ അയാളോട് ചോദിച്ചു, “കിടക്കയെടുത്തു നടക്കാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആര്?” യേശു അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കു മാറിപ്പോയിരുന്നതുകൊണ്ട് അത് ആരായിരുന്നെന്ന് സൗഖ്യമായ മനുഷ്യൻ അറിഞ്ഞിരുന്നില്ല. പിന്നീട് അയാളെ യേശു ദൈവാലയത്തിൽ കണ്ടപ്പോൾ പറഞ്ഞു, “നോക്കൂ, നിനക്കു സൗഖ്യം ലഭിച്ചല്ലോ. ഇതിലും വഷളായത് വരാതിരിക്കാൻ ഇനി പാപംചെയ്യരുത്.” തന്നെ സൗഖ്യമാക്കിയത് യേശുവാണെന്ന് ആ മനുഷ്യൻ ചെന്ന് യെഹൂദനേതാക്കന്മാരോട് പറഞ്ഞു. യേശു ശബ്ബത്തുനാളിൽ ഈ പ്രവൃത്തി ചെയ്തതുകൊണ്ടു യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി. യേശു അവരോട്: “എന്റെ പിതാവ് ഇന്നുവരെയും സദാ പ്രവർത്തനനിരതനായിരിക്കുന്നു, അതിനാൽ ഞാനും പ്രവർത്തിക്കുന്നു,” എന്നു പറഞ്ഞു. അങ്ങനെ, ശബ്ബത്തു ലംഘിച്ചതുകൊണ്ടുമാത്രമല്ല, ദൈവത്തെ സ്വപിതാവ് എന്നു പറഞ്ഞു സ്വയം ദൈവത്തോടു സമനാക്കുകയും ചെയ്തതിനാൽ യെഹൂദനേതാക്കന്മാർ യേശുവിനെ വധിക്കാൻ അധികം യത്നിച്ചു.