യോഹന്നാൻ 21:4-11

യോഹന്നാൻ 21:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാർ അറിഞ്ഞില്ല. യേശു അവരോട്: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്ന് അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാൻ കഴിഞ്ഞില്ല. യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്ന് ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. ശേഷം ശിഷ്യന്മാർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് ചെറിയ പടകിൽ വന്നു. കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

യോഹന്നാൻ 21:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പ്രഭാതമായപ്പോൾ യേശു തടാകത്തിന്റെ കരയ്‍ക്കു നില്‌ക്കുകയായിരുന്നു. എന്നാൽ അത് യേശു ആണെന്നു ശിഷ്യന്മാർ മനസ്സിലാക്കിയില്ല. യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, മീൻ വല്ലതും കിട്ടിയോ?” “ഒന്നും കിട്ടിയില്ല” എന്ന് അവർ പറഞ്ഞു. അവിടുന്ന് അവരോട് അരുൾചെയ്തു: “നിങ്ങൾ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോൾ നിങ്ങൾക്കു കിട്ടും” അവർ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാൻ കഴിയാത്തവിധം വലയിൽ മീൻ അകപ്പെട്ടു. യേശുവിന്റെ വത്സലശിഷ്യൻ അപ്പോൾ പത്രോസിനോട് “അതു കർത്താവാണ്” എന്നു പറഞ്ഞു. ശിമോൻപത്രോസ് അപ്പോൾ വസ്ത്രം ധരിച്ചിരുന്നില്ല. അതു കർത്താവാകുന്നു എന്നു കേട്ടമാത്രയിൽ പുറങ്കുപ്പായം അരയിൽചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി. എന്നാൽ മറ്റു ശിഷ്യന്മാർ മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയിൽത്തന്നെ വന്നടുത്തു. അവർ കരയിൽനിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. അവർ കരയ്‍ക്കിറങ്ങിയപ്പോൾ തീക്കനൽ കൂട്ടി അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട് “ഇപ്പോൾ നിങ്ങൾ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു. ശിമോൻപത്രോസ് വഞ്ചിയിൽ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല.

യോഹന്നാൻ 21:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല. യേശു അവരോട്: കുഞ്ഞുങ്ങളെ, നിങ്ങൾക്ക് കഴിക്കുവാൻ വല്ലതും ഉണ്ടോഎന്നു ചോദിച്ചു; “ഇല്ല“ എന്നു അവർ ഉത്തരം പറഞ്ഞു. പടകിൻ്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടുംഎന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിൻ്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല. യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: “അത് കർത്താവ് ആകുന്നു“ എന്നു പറഞ്ഞു; “കർത്താവ് ആകുന്നു“ എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്‍റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി. മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു. കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചുകയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

യോഹന്നാൻ 21:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല. യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു. പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല. യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു. കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

യോഹന്നാൻ 21:4-11 സമകാലിക മലയാളവിവർത്തനം (MCV)

ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല. യേശു അവരോട്, “കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?” എന്നു ചോദിച്ചു. “ഇല്ല,” എന്ന് അവർ മറുപടി പറഞ്ഞു. “വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു. യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി. മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ ദൂരത്തിലായിരുന്നു. കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു. ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല!