യോഹന്നാൻ 2:6-8
യോഹന്നാൻ 2:6-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോട് ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ വക്കോളവും നിറച്ചു. ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്ന് അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
യോഹന്നാൻ 2:6-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദന്മാരുടെ ആചാരപ്രകാരമുള്ള ശുദ്ധീകരണത്തിനു വെള്ളം നിറച്ചുവയ്ക്കുന്ന ആറു കല്ഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റർ വെള്ളം കൊള്ളുമായിരുന്നു. യേശു പരിചാരകരോട്: “ആ കല്ഭരണികളിൽ വെള്ളം നിറയ്ക്കുക” എന്നു പറഞ്ഞു. അവർ അവയുടെ വക്കുവരെ വെള്ളം നിറച്ചു. “ഇനി ഇതു പകർന്നു വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്ന ആളിന്റെ അടുക്കൽ കൊണ്ടുചെല്ലുക” എന്നും യേശു ആജ്ഞാപിച്ചു. അവർ അങ്ങനെ ചെയ്തു.
യോഹന്നാൻ 2:6-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു. ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരനെ കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു.
യോഹന്നാൻ 2:6-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു. ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
യോഹന്നാൻ 2:6-8 സമകാലിക മലയാളവിവർത്തനം (MCV)
അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു. “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു. തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു.