യോഹന്നാൻ 2:13-17

യോഹന്നാൻ 2:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു. അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് എഴുതിയിരിക്കുന്നത് ഓർത്തു.

യോഹന്നാൻ 2:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനാൽ യേശു യെരൂശലേമിലേക്കുപോയി. ദേവാലയത്തിൽ ആടുമാടുകളെയും പ്രാക്കളെയും വിൽക്കുന്നവരെയും നാണയം മാറിക്കൊടുക്കുന്ന വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവരെയും കണ്ടിട്ട് യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി, അവിടെ വ്യാപാരം ചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ആടുമാടുകളെയും അവിടെനിന്നു പുറത്താക്കി; നാണയം മാറുന്നവരുടെ മേശകൾ മറിച്ചിട്ടു പണം ചിതറിച്ചുകളഞ്ഞു. പ്രാക്കളെ വിൽക്കുന്നവരോട് “ഇവയെല്ലാം ഇവിടെനിന്നു കൊണ്ടുപോകൂ; എന്റെ പിതാവിന്റെ ഭവനം വ്യാപാരശാല ആക്കിക്കൂടാ” എന്നു പറഞ്ഞു. “അവിടുത്തെ ആലയത്തെക്കുറിച്ചുള്ള ശുഷ്കാന്തി എന്നെ ഗ്രസിച്ചുകളയും” എന്ന വേദലിഖിതം ശിഷ്യന്മാർ ആ സമയത്ത് അനുസ്മരിച്ചു.

യോഹന്നാൻ 2:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട് കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്‍റെ പിതാവിന്‍റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു. അപ്പോൾ അവന്‍റെ ശിഷ്യന്മാർ: “അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു“ എന്നു എഴുതിയിരിക്കുന്നത് ഓർത്തു.

യോഹന്നാൻ 2:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു. അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.

യോഹന്നാൻ 2:13-17 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി. ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു. അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു. പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.” അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു.