യോഹന്നാൻ 2:1-25
യോഹന്നാൻ 2:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. വീഞ്ഞു പോരാതെ വരികയാൽ യേശുവിന്റെ അമ്മ അവനോട്: അവർക്കു വീഞ്ഞ് ഇല്ല എന്നുപറഞ്ഞു. യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. അവന്റെ അമ്മ ശുശ്രൂഷക്കാരോട്: അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ എന്നു പറഞ്ഞു. അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോട് ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ വക്കോളവും നിറച്ചു. ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്ന് അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു. അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: എല്ലാവരും ആദ്യം നല്ലവീഞ്ഞും ലഹരിപിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ എന്ന് അവനോടു പറഞ്ഞു. യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവച്ചു ചെയ്തു തന്റെ മഹത്ത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു. അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറെനാൾ പാർത്തില്ല. യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു. അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് എഴുതിയിരിക്കുന്നത് ഓർത്തു. എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു. യേശു അവരോട്: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോട്: ഈ മന്ദിരം നാല്പത്താറ് സംവത്‍സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. പെസഹാപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു. യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
യോഹന്നാൻ 2:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂന്നാം ദിവസം ഗലീലയിലെ കാനായിൽ ഒരു കല്യാണം ഉണ്ടായിരുന്നു. യേശുവിന്റെ അമ്മയും അവിടെ എത്തിയിരുന്നു. യേശുവും ശിഷ്യന്മാരും ആ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തികയാതെ വന്നതിനാൽ യേശുവിന്റെ അമ്മ യേശുവിന്റെ അടുക്കൽ ചെന്ന് “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു: “സ്‍ത്രീയേ, ഇതിൽ എനിക്കും നിങ്ങൾക്കും എന്തുകാര്യം? എന്റെ സമയം ഇതുവരെയും ആയിട്ടില്ല” എന്നു പറഞ്ഞു. യേശുവിന്റെ അമ്മ പരിചാരകരോട്: “യേശു പറയുന്നത് എന്തായാലും അതു നിങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. യെഹൂദന്മാരുടെ ആചാരപ്രകാരമുള്ള ശുദ്ധീകരണത്തിനു വെള്ളം നിറച്ചുവയ്‍ക്കുന്ന ആറു കല്ഭരണികൾ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും നൂറു നൂറ്റമ്പതു ലിറ്റർ വെള്ളം കൊള്ളുമായിരുന്നു. യേശു പരിചാരകരോട്: “ആ കല്ഭരണികളിൽ വെള്ളം നിറയ്‍ക്കുക” എന്നു പറഞ്ഞു. അവർ അവയുടെ വക്കുവരെ വെള്ളം നിറച്ചു. “ഇനി ഇതു പകർന്നു വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്ന ആളിന്റെ അടുക്കൽ കൊണ്ടുചെല്ലുക” എന്നും യേശു ആജ്ഞാപിച്ചു. അവർ അങ്ങനെ ചെയ്തു. വീഞ്ഞായിത്തീർന്ന വെള്ളം അയാൾ രുചിച്ചു നോക്കി. അതെവിടെനിന്നു കിട്ടിയെന്ന് അയാൾ അറിഞ്ഞില്ല. വെള്ളം കോരിക്കൊണ്ടുചെന്ന പരിചാരകർ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വിരുന്നിന്റെ മേൽനോട്ടം വഹിക്കുന്നയാൾ മണവാളനെ വിളിച്ചു പറഞ്ഞു: “എല്ലാവരും നല്ല വീഞ്ഞാണ് ആദ്യം വിളമ്പുക; ലഹരി പിടിച്ചശേഷമേ മോശമായതു വിളമ്പാറുള്ളൂ. എന്നാൽ നിങ്ങൾ ഈ നല്ല വീഞ്ഞ് ഇതുവരെ സൂക്ഷിച്ചുവച്ചിരുന്നല്ലോ.” യേശുവിന്റെ ദിവ്യമഹത്ത്വം പ്രകടമാക്കിയ ആദ്യത്തെ അടയാളപ്രവൃത്തി ആയിരുന്നു, ഗലീലയിലെ കാനായിൽ നടന്ന ഈ സംഭവം. അത് അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തി. ശിഷ്യന്മാർ യേശുവിൽ വിശ്വസിക്കുകയും ചെയ്തു. അനന്തരം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടി കഫർന്നഹൂമിലേക്കു പോയി. അവിടെ അവർ ഏതാനും ദിവസങ്ങൾ താമസിച്ചു. യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനാൽ യേശു യെരൂശലേമിലേക്കുപോയി. ദേവാലയത്തിൽ ആടുമാടുകളെയും പ്രാക്കളെയും വിൽക്കുന്നവരെയും നാണയം മാറിക്കൊടുക്കുന്ന വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവരെയും കണ്ടിട്ട് യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി, അവിടെ വ്യാപാരം ചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ആടുമാടുകളെയും അവിടെനിന്നു പുറത്താക്കി; നാണയം മാറുന്നവരുടെ മേശകൾ മറിച്ചിട്ടു പണം ചിതറിച്ചുകളഞ്ഞു. പ്രാക്കളെ വിൽക്കുന്നവരോട് “ഇവയെല്ലാം ഇവിടെനിന്നു കൊണ്ടുപോകൂ; എന്റെ പിതാവിന്റെ ഭവനം വ്യാപാരശാല ആക്കിക്കൂടാ” എന്നു പറഞ്ഞു. “അവിടുത്തെ ആലയത്തെക്കുറിച്ചുള്ള ശുഷ്കാന്തി എന്നെ ഗ്രസിച്ചുകളയും” എന്ന വേദലിഖിതം ശിഷ്യന്മാർ ആ സമയത്ത് അനുസ്മരിച്ചു. യെഹൂദന്മാർ അവിടുത്തോട്: “ഇവയെല്ലാം ചെയ്യുവാൻ താങ്കൾക്ക് അധികാരമുണ്ടെന്നുള്ളതിന് എന്താണ് അടയാളം? ഞങ്ങൾക്കു കാണിച്ചുതരൂ” എന്നു പറഞ്ഞു. “ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു. ഉടനെ യെഹൂദന്മാർ അവിടുത്തോടു ചോദിച്ചു: “നാല്പത്തിയാറു വർഷംകൊണ്ടാണ് ഈ ദേവാലയം നിർമിച്ചത്. ഇതു മൂന്നു ദിവസംകൊണ്ടു താങ്കൾ വീണ്ടും പണിയുമെന്നോ?” എന്നാൽ തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. യേശു പറഞ്ഞ ഈ വാക്കുകൾ അവിടുന്ന് മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റപ്പോൾ ശിഷ്യന്മാർ അനുസ്മരിച്ചു. അങ്ങനെ അവർ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. പെസഹാപെരുന്നാളിന് യേശു യെരൂശലേമിൽ ആയിരുന്നപ്പോൾ ചെയ്ത അദ്ഭുതപ്രവൃത്തികൾ കണ്ട് അനേകമാളുകൾ അവിടുത്തെ നാമത്തിൽ വിശ്വസിച്ചു. എന്നാൽ യേശു എല്ലാവരെയും അറിഞ്ഞിരുന്നതുകൊണ്ട് അവരിൽ വിശ്വാസം അർപ്പിച്ചില്ല. മനുഷ്യന്റെ അന്തർഗതം അറിയാമായിരുന്നതുകൊണ്ട് അവരെപ്പറ്റി മറ്റാരുടെയും സാക്ഷ്യം യേശുവിന് ആവശ്യമില്ലായിരുന്നു.
യോഹന്നാൻ 2:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൂന്നാം നാൾ ഗലീലയിലെ കാനായിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്‍റെ അമ്മ അവനോട്: “അവർക്ക് വീഞ്ഞ് ഇല്ല“ എന്നു പറഞ്ഞു. അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. അവന്റെ അമ്മ വേലക്കാരോട്: “അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ“ എന്നു പറഞ്ഞു. അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു. ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരനെ കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു. അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു: “എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ“ എന്നു അവനോട് പറഞ്ഞു. യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു. അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ അവർ ചുരുക്കംനാൾ താമസിച്ചു. യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട് കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു. അപ്പോൾ അവന്റെ ശിഷ്യന്മാർ: “അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു“ എന്നു എഴുതിയിരിക്കുന്നത് ഓർത്തു. എന്നാൽ യെഹൂദന്മാർ അവനോട്: “നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും?“ എന്നു ചോദിച്ചു. യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു. യെഹൂദ അധികാരികൾ അവനോട്: “ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ?“ എന്നു ചോദിച്ചു. എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്. അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. പെസഹ പെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അത്ഭുതകരമായ അടയാളങ്ങൾ കണ്ടിട്ട് പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു. യേശുവോ അവരെ എല്ലാവരെയും അറിയുകകൊണ്ട് തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല. മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവേ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ച് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
യോഹന്നാൻ 2:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു. യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില് ല എന്നു പറഞ്ഞു. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ എന്നു പറഞ്ഞു. അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു. ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു. അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു. യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു. അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല. യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു. അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു. എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു. യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു. യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
യോഹന്നാൻ 2:1-25 സമകാലിക മലയാളവിവർത്തനം (MCV)
മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു. വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു. അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു. യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു. അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു. “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു. തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു. കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!” യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല. യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി. ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു. അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു. പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.” അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു. “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?” എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു. യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു. എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല. മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.