യോഹന്നാൻ 19:28-37

യോഹന്നാൻ 19:28-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പു തണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാൽ ഒടിച്ച് എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോട് അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്ന് ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റേവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവൻ മരിച്ചുപോയി എന്ന് കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യം പറയുന്നു എന്ന് അവൻ അറിയുന്നു. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.

യോഹന്നാൻ 19:28-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം സകലവും പൂർത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ. അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവർ ആ പുളിച്ചവീഞ്ഞിൽ സ്പഞ്ചു മുക്കി ഒരു കോലിൽവച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു. പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുൾചെയ്തു. അനന്തരം അവിടുന്നു തലകുനിച്ചു പ്രാണൻ വെടിഞ്ഞു. ശബത്തിന്റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകൾ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. അതനുസരിച്ചു പടയാളികൾ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്റെയും അപരന്റെയും കാലുകൾ ഒടിച്ചു. എന്നാൽ അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാൽ അവിടുത്തെ കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ അവിടുത്തെ പാർശ്വത്തിൽ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരിൽ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താൻ പറയുന്നത് എന്ന് അയാൾക്കു ബോധ്യവുമുണ്ട്. ‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീർന്നു. തങ്ങൾ കുത്തിത്തുളച്ചവനിലേക്ക് അവർ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ.

യോഹന്നാൻ 19:28-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിന്‍റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞ് നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞ് നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്‍റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവൻ്റെയും യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവൻ്റെയും കാലുകൾ ഒടിച്ചു. അവർ യേശുവിന്‍റെ അടുക്കൽ വന്നപ്പോൾ, അവൻ മരിച്ചുകഴിഞ്ഞിരുന്നു എന്നു കാൺകയാൽ അവന്‍റെ കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്‍റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്ക് നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

യോഹന്നാൻ 19:28-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു. യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

യോഹന്നാൻ 19:28-37 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം, സകലതും പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞ്, തിരുവെഴുത്തു പൂർത്തീകരിക്കുന്നതിനായി യേശു, “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറച്ച് ഒരു പാത്രം വെച്ചിരുന്നു. അവർ ഒരു സ്പോഞ്ച് അതിൽ മുക്കി ഈസോപ്പുചെടിയുടെ തണ്ടിന്മേലാക്കി യേശുവിന്റെ വായോടടുപ്പിച്ചു. അതു കുടിച്ചശേഷം യേശു “സകലതും നിവൃത്തിയായി!” എന്നു പറഞ്ഞു തല ചായ്ച്ചു തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു. അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. അതുകൊണ്ടു പടയാളികൾ വന്ന്, യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടുപേരുടെയും കാലുകൾ ആദ്യം ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കിയിട്ടു കാലുകൾ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് യേശുവിന്റെ പാർശ്വത്തിൽ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. ഇതു കണ്ടയാൾതന്നെയാണ് ഈ സാക്ഷ്യം പറഞ്ഞിരിക്കുന്നത്; അവന്റെ സാക്ഷ്യം സത്യംതന്നെ; താൻ പറയുന്നതു സത്യം എന്ന് അയാൾ അറിയുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനാണ് അയാൾ ഇതു സാക്ഷ്യപ്പെടുത്തുന്നത്. “അവന്റെ അസ്ഥികളിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിന് ഇതു സംഭവിച്ചു. “തങ്ങൾ കുത്തിയവങ്കലേക്കു നോക്കും,” എന്നു വേറൊരു തിരുവെഴുത്തും പറയുന്നു.