യോഹന്നാൻ 19:16-27
യോഹന്നാൻ 19:16-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ കൈയേറ്റു; അവൻ താൻ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്ന് അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു. അതിന് പീലാത്തൊസ്: ഞാൻ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇത് കീറരുത്; ആർക്കു വരും എന്ന് ചീട്ടിടുക എന്ന് അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്ത് എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെയൊക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: സ്ത്രീയേ, ഇതാ, നിന്റെ മകൻ എന്ന് അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
യോഹന്നാൻ 19:16-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു. അവർ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോൽഗോഥായിലേക്കു പോയി. എബ്രായഭാഷയിൽ ‘ഗോൽഗോഥാ’ എന്ന വാക്കിന് ‘തലയോടിന്റെ സ്ഥലം’ എന്നർഥം. അവിടെ അവർ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു. ‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്റെ മുകളിൽ വയ്പിച്ചു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാർ ആ മേലെഴുത്തു വായിച്ചു. ‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യൻ പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാർ പറഞ്ഞു. “ഞാൻ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു. യേശുവിനെ ക്രൂശിച്ചശേഷം പടയാളികൾ അവിടുത്തെ വസ്ത്രങ്ങൾ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാൽ അത് മുകൾമുതൽ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട് “ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആർക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു. എന്റെ വസ്ത്രങ്ങൾ അവർ പങ്കിട്ടെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിട്ടു എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു. യേശുവിന്റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‌ക്കുന്നുണ്ടായിരുന്നു. തന്റെ മാതാവും താൻ സ്നേഹിച്ച ശിഷ്യനും അടുത്തുനില്‌ക്കുന്നതു കണ്ടപ്പോൾ യേശു മാതാവിനോട്, “സ്‍ത്രീയേ, ഇതാ നിങ്ങളുടെ മകൻ എന്നു പറഞ്ഞു. പിന്നീട് ശിഷ്യനോട്, ‘ഇതാ നിന്റെ അമ്മ’ എന്നും അരുൾചെയ്തു. അപ്പോൾത്തന്നെ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ തന്റെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.
യോഹന്നാൻ 19:16-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ ഏറ്റുവാങ്ങി; അവൻ തന്നത്താൻ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രായ ഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേയ്ക്ക് പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുവനെ അപ്പുറത്തും ഒരുവനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തോസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: “നസറായനായ യേശു യെഹൂദന്മാരുടെ രാജാവ്” എന്നു എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന് സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്ത് വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തോസിനോട്: “യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവ് എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടത്“ എന്നു പറഞ്ഞു. അതിന് പീലാത്തോസ്: “ഞാൻ എഴുതിയത് എഴുതി“ എന്നു ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്ക് ഓരോ പങ്കായിട്ട് നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ട് മുഴുവനും നെയ്തതായിരുന്നു. “ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക“ എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തിവന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോട് പറഞ്ഞു. പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
യോഹന്നാൻ 19:16-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി. അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു. പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു. ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു. അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു. പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
യോഹന്നാൻ 19:16-27 സമകാലിക മലയാളവിവർത്തനം (MCV)
ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു. പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി. യേശു തന്റെ ക്രൂശു സ്വയം ചുമന്നുകൊണ്ട്, അരാമ്യഭാഷയിൽ തലയോട്ടിയുടെ സ്ഥലം എന്നർഥം വരുന്ന ഗൊൽഗോഥാ എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ, യേശുവിനെ മധ്യത്തിലും വേറെ രണ്ടുപേരെ ഇരുവശത്തുമായി ക്രൂശിച്ചു. പീലാത്തോസ് ഒരു കുറ്റപത്രം എഴുതി ക്രൂശിൽ പതിപ്പിച്ചു. നസറായനായ യേശു, യെഹൂദരുടെ രാജാവ്, എന്നായിരുന്നു അത്. യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും ആ മേലെഴുത്ത് എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയിരുന്നതുകൊണ്ടും യെഹൂദരിൽ പലരും അതു വായിച്ചു. യെഹൂദരുടെ പുരോഹിതമുഖ്യന്മാർ പീലാത്തോസിനോട്, “ ‘യെഹൂദരുടെ രാജാവ്’ എന്നല്ല, ‘യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് ഈ മനുഷ്യൻ അവകാശപ്പെട്ടു,’ എന്നാണ് എഴുതേണ്ടത്” എന്നു പറഞ്ഞു. അതിന് “ഞാൻ എഴുതിയത് എഴുതി,” എന്നു പീലാത്തോസ് മറുപടി പറഞ്ഞു. യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു. “ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു. എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്. ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു. അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിന്റെ മകൻ!” എന്നും ശിഷ്യനോട്, “ഇതാ നിന്റെ അമ്മ!” എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ സ്വീകരിച്ചു.