യോഹന്നാൻ 18:32-37
യോഹന്നാൻ 18:32-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാൽ നിവൃത്തി വന്നു. പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു; നീ യെഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചു. അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. പീലാത്തൊസ് അതിനുത്തരമായി ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: എന്നാൽ നീ രാജാവ് തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ച് അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്ന് ഉത്തരം പറഞ്ഞു.
യോഹന്നാൻ 18:32-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദന്മാർ അദ്ദേഹത്തോട്, “വധശിക്ഷ നല്‌കാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാൻ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ. വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. അപ്പോൾ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവർ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു. പീലാത്തോസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്റെ പക്കൽ ഏല്പിച്ചത്. നിങ്ങൾ ചെയ്ത കുറ്റം എന്താണ്?” യേശു പറഞ്ഞു: “എന്റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്നെ യെഹൂദന്മാർക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്റെ പടയാളികൾ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജത്വം ഐഹികമല്ല.” “അപ്പോൾ നിങ്ങൾ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാൻ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതൽപരനായ ഏതൊരുവനും എന്റെ ശബ്ദം കേൾക്കുന്നു” എന്ന് യേശു പറഞ്ഞു.
യോഹന്നാൻ 18:32-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ ഇതു പറഞ്ഞതിനാൽ യേശു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞ വാക്കിന് നിവൃത്തിവന്നു. പീലാത്തോസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: “നീ യെഹൂദന്മാരുടെ രാജാവോ?“ എന്നു ചോദിച്ചു. അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടോ? എന്നു ചോദിച്ചു. പീലാത്തോസ് അതിന് ഉത്തരമായി: “ഞാൻ യെഹൂദനല്ലല്ലോ? നിന്‍റെ ജനവും മുഖ്യപുരോഹിതന്മാരുമാണ് നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നത്; നീ എന്ത് ചെയ്തു?“ എന്നു ചോദിച്ചു. അതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തോസ് അവനോട്: അപ്പോൾ നീ രാജാവ് തന്നേയാണോ? എന്നു ചോദിച്ചു. അതിന് യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവ് തന്നെ; സത്യത്തിന് സാക്ഷിനില്ക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യത്തിനുള്ളവർ എല്ലാം എന്‍റെ സ്വരം കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 18:32-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു. പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു. അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 18:32-37 സമകാലിക മലയാളവിവർത്തനം (MCV)
താൻ മരിക്കുന്നത് ഏതുവിധത്തിലായിരിക്കും എന്ന് യേശു മുൻകൂട്ടി അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഇതു സംഭവിച്ചു. പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. “ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു. “ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?” അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.” “അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു. “ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു.