യോഹന്നാൻ 17:14-26

യോഹന്നാൻ 17:14-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന് ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ. നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

യോഹന്നാൻ 17:14-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുത്തെ വചനം ഞാൻ അവർക്കു നല്‌കി. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു. അവരെ ലോകത്തിൽനിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയിൽനിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാൻ പ്രാർഥിക്കുന്നു. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലല്ലോ. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. സത്യത്താൽ അവർ അങ്ങേക്കു സമർപ്പിക്കപ്പെടുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നിൽ വിശ്വസിക്കാനിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. പിതാവേ, അവിടുന്ന് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാൻവേണ്ടി അവർ നമ്മിലായിത്തീരണമേ. അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാൻവേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാൻ അവർക്കു നല്‌കിയിരിക്കുന്നു. അങ്ങനെ ഞാൻ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാൽ, അവർ സമ്പൂർണമായി ഐക്യത്തിൽ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവർഗം അറിയുന്നതിന് ഇടയാകട്ടെ. “പിതാവേ, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്‌കിയിട്ടുള്ളവർ ദർശിക്കുന്നതിന് ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരിൽ ഉണ്ടായിരിക്കുന്നതിനും ഞാൻ ഇവരിൽ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാൻ ഇവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.”

യോഹന്നാൻ 17:14-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ അവർക്ക് നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്‍റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു. നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു: നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. ഞാൻ നിന്‍റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.

യോഹന്നാൻ 17:14-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു: നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

യോഹന്നാൻ 17:14-26 സമകാലിക മലയാളവിവർത്തനം (MCV)

അവിടത്തെ വചനം ഞാൻ അവർക്കു കൊടുത്തു; ഞാൻ ഈ ലോകത്തിന്റെ സ്വന്തം അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിന്റെ സ്വന്തം അല്ല. അതിനാൽ ഈ ലോകം അവരെ വെറുക്കുന്നു. അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന. ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിൽനിന്നുള്ളവരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടത്തെ വചനം സത്യംതന്നെ. അവിടന്ന് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അവരും വാസ്തവമായി വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. “അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും. “പിതാവേ, അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർ എന്നോടുകൂടെ, ഞാൻ ആയിരിക്കുന്നേടത്ത് ഉണ്ടായിരിക്കണമെന്നും അവർ എന്റെ മഹത്ത്വം—ലോകസൃഷ്ടിക്കുമുമ്പേ അങ്ങ് എന്നെ സ്നേഹിച്ചിരുന്നതിനാൽ അവിടന്ന് എനിക്കു നൽകിയ അതേ മഹത്ത്വംതന്നെ—കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു. “നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിയുന്നില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചിരിക്കുന്നെന്ന് ഇവരും അറിയുന്നു. അങ്ങേക്ക് എന്നോടുള്ള സ്നേഹം അവരിൽ ആകാനും ഞാൻ അവരിൽ ആകാനും ഞാൻ അങ്ങയുടെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.”