യോഹന്നാൻ 16:1-4

യോഹന്നാൻ 16:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നിങ്ങൾ ഇടറിവീഴാതിരിക്കുന്നതിനാണ് ഞാൻ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. അവർ നിങ്ങളെ സുനഗോഗുകളിൽനിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അർപ്പിക്കുന്ന ഒരു പുണ്യകർമം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാൽ ഇവയെല്ലാം ചെയ്യും. അവർ ഇങ്ങനെ ചെയ്യുന്ന സമയം വരുമ്പോൾ ഞാൻ ഇവയെല്ലാം പറഞ്ഞതാണല്ലോ എന്നു നിങ്ങൾ അനുസ്മരിക്കുന്നതിനുവേണ്ടിയാണ് ഇതു പറയുന്നത്. “ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആദ്യംതന്നെ ഇക്കാര്യങ്ങൾ പറയാതിരുന്നത്.

യോഹന്നാൻ 16:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾ ഇടറിപ്പോകാതിരിക്കുവാൻ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. തീർച്ചയായും അവർ നിങ്ങളെ പള്ളിയിൽനിന്ന് പുറത്താക്കും; നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിനുവേണ്ടി നല്ലപ്രവൃത്തി ചെയ്യുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ട് ഇങ്ങനെ ചെയ്യും. അത് സംഭവിക്കുന്ന നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ ഓർക്കേണ്ടതിന് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആരംഭത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടത്രേ.

യോഹന്നാൻ 16:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

യോഹന്നാൻ 16:1-4 സമകാലിക മലയാളവിവർത്തനം (MCV)

“നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്. യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്. ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്.