യോഹന്നാൻ 15:1-11
യോഹന്നാൻ 15:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ച് അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
യോഹന്നാൻ 15:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ യഥാർഥ മുന്തിരിച്ചെടിയും എന്റെ പിതാവു കൃഷിക്കാരനുമാകുന്നു. അവിടുന്നു ഫലം കായ്‍ക്കാത്ത എല്ലാ ശാഖകളും എന്നിൽനിന്ന് വെട്ടിക്കളയുന്നു. ഫലം കായ്‍ക്കുന്നവ കൂടുതൽ ഫലം നല്‌കേണ്ടതിനു തലപ്പുകൾ കോതി വൃത്തിയാക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. എന്നിൽ വസിക്കുക; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ സ്ഥിതിചെയ്യാത്ത ശാഖയ്‍ക്കു സ്വയമേവ ഫലം കായ്‍ക്കുവാൻ കഴിയുകയില്ല. അതുപോലെ എന്നിൽ വസിക്കാതെയിരുന്നാൽ നിങ്ങൾക്കും ഫലം കായ്‍ക്കുവാൻ സാധ്യമല്ല. “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ, അവൻ ധാരാളം ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ ഒരു ശാഖയെന്നപോലെ പുറത്തെറിയപ്പെട്ട് ഉണങ്ങിപ്പോകും. ഉണങ്ങിയ ശാഖകൾ ശേഖരിച്ചു തീയിലിട്ടു ചുട്ടുകളയുന്നു; നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ കുടികൊള്ളുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ധാരാളം ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരായിത്തീരുന്നു. എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിൽ നിങ്ങൾ നിലനില്‌ക്കുക. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ അനുസരിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്‌ക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ നിലനില്‌ക്കും. “എന്റെ ആനന്ദം നിങ്ങളിൽ ഉണ്ടായിരിക്കുവാനും നിങ്ങളുടെ ആനന്ദം സമ്പൂർണമാകുവാനും വേണ്ടിയാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു സംസാരിച്ചത്.
യോഹന്നാൻ 15:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിലുള്ള കൊമ്പുകളിൽ ഫലം കായ്ക്കാത്തതിനെ ഒക്കെയും അവൻ നീക്കിക്കളയുന്നു; ഫലം കായ്ക്കുന്നതിനെ ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന് മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കും കഴിയുകയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ കഴിയുകയില്ല. ആരെങ്കിലും എന്നിൽ വസിക്കാതിരുന്നാൽ അവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; മനുഷ്യർ ആ കൊമ്പുകൾ ചേർത്ത് തീയിലേക്ക് എറിയുകയും; അത് വെന്തുപോകുകയും ചെയ്യുന്നു. നിങ്ങൾ എന്നിലും എന്‍റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിൻ; അത് നിങ്ങൾക്ക് ലഭിക്കും. അങ്ങനെ നിങ്ങൾ എന്‍റെ ശിഷ്യന്മാരാകും; നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്വപ്പെടുന്നു;. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചിരിക്കുന്നു; എന്‍റെ സ്നേഹത്തിൽ വസിക്കുവിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
യോഹന്നാൻ 15:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും. നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
യോഹന്നാൻ 15:1-11 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും! ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല. “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല. നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും. ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും. “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക. ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്.