യോഹന്നാൻ 14:6-17
യോഹന്നാൻ 14:6-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവനോട്: ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും. നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു.
യോഹന്നാൻ 14:6-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാൻ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോൾമുതൽ നിങ്ങൾ അവിടുത്തെ അറിയുന്നു, നിങ്ങൾ അവിടുത്തെ ദർശിച്ചുമിരിക്കുന്നു.” അപ്പോൾ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതന്നാലും; ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. യേശു ഇപ്രകാരം അരുൾചെയ്തു: “ഇത്രയുംകാലം ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്! ഞാൻ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാൻ പറയുന്ന ഈ വാക്കുകൾ എന്റെ സ്വന്തമല്ല; പിതാവ് എന്നിൽ വസിച്ച് എന്നിലൂടെ തന്റെ പ്രവൃത്തികൾ നിർവഹിക്കുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾകൊണ്ടെങ്കിലും വിശ്വസിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യും. പിതാവിന്റെ മഹത്ത്വം പുത്രനിൽക്കൂടി വെളിപ്പെടുന്നതിന് എന്റെ നാമത്തിൽ നിങ്ങൾ എന്തുതന്നെ അപേക്ഷിച്ചാലും ഞാൻ നിങ്ങൾക്കു ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കിൽ അതു ഞാൻ ചെയ്തുതരും. “നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്പനകൾ അനുസരിക്കും. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാൻ നിങ്ങൾക്കു നല്‌കുകയും ചെയ്യും. ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാൽ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങൾ അവിടുത്തെ അറിയുന്നു; എന്തെന്നാൽ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളിൽ വസിക്കുകയും ചെയ്യുന്നു.
യോഹന്നാൻ 14:6-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു അവനോട്: ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; ഞങ്ങൾക്കു അത് മതി“ എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പ്രത്യുത പിതാവ് എന്നിൽ വസിച്ചുകൊണ്ട് തന്‍റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്തുതരും. നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ പ്രമാണിക്കും. എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും. ഈ സത്യത്തിന്‍റെ ആത്മാവിനെ ലോകം കാണുകയോ അറിയുകയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴിയുകയില്ല; എന്നാൽ അവൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ടു അവനെ നിങ്ങൾ അറിയുന്നു.
യോഹന്നാൻ 14:6-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
യോഹന്നാൻ 14:6-17 സമകാലിക മലയാളവിവർത്തനം (MCV)
അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.” അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക. സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നയാളും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും മഹത്തായ പ്രവൃത്തികൾ അയാൾ ചെയ്യും. പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയും ചെയ്യും. ലൗകികർക്ക് ഈ ആത്മാവിനെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ, സ്വീകരിക്കാൻ കഴിയുകയില്ല. ലോകം ഈ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ സത്യത്തിന്റെ ആത്മാവിനെ അറിയുന്നു. കാരണം അവിടന്നു നിങ്ങളോടുകൂടെ ഇരിക്കുന്നു; നിങ്ങളിൽ വസിക്കുകയും ചെയ്യും.