യോഹന്നാൻ 14:22-26
യോഹന്നാൻ 14:22-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത് എന്നു ചോദിച്ചു. യേശു അവനോട് എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എൻറേതല്ല എന്നെ അയച്ച പിതാവിൻറേതത്രേ എന്ന് ഉത്തരം പറഞ്ഞു. ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവ് എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും.
യോഹന്നാൻ 14:22-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ യേശുവിനോട് “ഗുരോ, അങ്ങ് അങ്ങയെത്തന്നെ ലോകത്തിന് വെളിപ്പെടുത്താതെ ഞങ്ങൾക്കു മാത്രം വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്ന ഏതൊരുവനും എന്റെ വചനം അനുസരിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ വന്ന് അവനോടുകൂടി വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനങ്ങൾ അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന വചനം എന്റെ സ്വന്തമല്ല എന്നെ അയച്ച പിതാവിൻറേതത്രേ. “ഞാൻ നിങ്ങളുടെ കൂടെയുള്ളപ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാൽ എന്റെ നാമത്തിൽ പിതാവ് അയയ്‍ക്കുവാൻ പോകുന്ന പരിശുദ്ധാത്മാവ് എന്ന സഹായകൻ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും; ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും.
യോഹന്നാൻ 14:22-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: “കർത്താവേ, എന്ത് സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത്?“ എന്നു ചോദിച്ചു. യേശു അവനോട്: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്‍റെതല്ല എന്നെ അയച്ച പിതാവിൻ്റേതത്രേ എന്നു ഉത്തരം പറഞ്ഞു. ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവ് എന്റെ നാമത്തിൽ അയയ്ക്കുവാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
യോഹന്നാൻ 14:22-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു. യേശു അവനോടു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
യോഹന്നാൻ 14:22-26 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ ചോദിച്ചു: “കർത്താവേ, അവിടന്നു ലോകത്തിനല്ല, ഞങ്ങൾക്കുതന്നെ സ്വയം വെളിപ്പെടുത്താൻ ഇച്ഛിക്കുന്നതെന്തുകൊണ്ട്?” യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും. എന്നെ സ്നേഹിക്കാത്തവർ എന്റെ ഉപദേശം അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന ഈ വചനങ്ങൾ എന്റെ സ്വന്തമല്ല; എന്നെ അയച്ച പിതാവിന്റേതാണ്. “ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾത്തന്നെ ഇതെല്ലാം നിങ്ങളോടു സംസാരിച്ചിരിക്കുന്നു. എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.