യോഹന്നാൻ 13:5-10

യോഹന്നാൻ 13:5-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻപത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

യോഹന്നാൻ 13:5-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അരയിൽ ചുറ്റിയിരുന്ന തുവർത്തുകൊണ്ടു തുടയ്‍ക്കുകയും ചെയ്തു. യേശു ശിമോൻപത്രോസിന്റെ അടുക്കൽ ചെന്നപ്പോൾ, “ഗുരോ, അങ്ങ് എന്റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാൻ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോൾ മനസ്സിലാക്കുന്നില്ല, എന്നാൽ പിന്നീടു മനസ്സിലാക്കും.” അപ്പോൾ പത്രോസ്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ഞാൻ നിന്റെ കാലു കഴുകുന്നില്ലെങ്കിൽ ഇനി ഒരിക്കലും നീ എന്റെ ശിഷ്യനായിരിക്കുകയില്ല.” അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.” യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുദ്ധിയുള്ളവനാണ്. നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു, എന്നാൽ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു.

യോഹന്നാൻ 13:5-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രോസിന്‍റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: “കർത്താവേ, നീ എന്‍റെ കാൽ കഴുകുന്നുവോ?“ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു. “നീ ഒരുനാളും എന്‍റെ കാൽ കഴുകുകയില്ല“ എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: “കർത്താവേ, എന്‍റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ“ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

യോഹന്നാൻ 13:5-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

യോഹന്നാൻ 13:5-10 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി. ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.” “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു. അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു.