യോഹന്നാൻ 13:15-20

യോഹന്നാൻ 13:15-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ മശീഹാ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

യോഹന്നാൻ 13:15-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ നിങ്ങൾക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം. ഞാൻ ഉറപ്പിച്ചു പറയുന്നു: ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാൾ വലിയവനല്ല. ഇതു നിങ്ങൾ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകും. “നിങ്ങളെ എല്ലാവരെയും സംബന്ധിച്ചല്ല ഞാനിതു പറയുന്നത്; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. ‘എന്റെ അപ്പം തിന്നുന്നവൻ എന്റെ കുതികാലു വെട്ടാൻ ഒരുങ്ങിയിരിക്കുന്നു’ എന്ന വേദലിഖിതം സത്യമാകണമല്ലോ. ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് അവ സംഭവിക്കുന്നതിനുമുമ്പ് ഞാൻ നിങ്ങളെ അറിയിക്കുകയാണ്. ഞാൻ ഉറപ്പിച്ചുപറയുന്നു: ഞാൻ അയയ്‍ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു.”

യോഹന്നാൻ 13:15-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ. ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്‍റെ അപ്പം തിന്നുന്നവൻ എന്‍റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്. അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

യോഹന്നാൻ 13:15-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

യോഹന്നാൻ 13:15-20 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും. “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്. “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”