യോഹന്നാൻ 13:1-3
യോഹന്നാൻ 13:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെസഹാപെരുന്നാളിനു മുമ്പേ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; പിതാവു സകലവും തന്റെ കൈയിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
യോഹന്നാൻ 13:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് പെസഹാപെരുന്നാളിന്റെ തലേദിവസമായിരുന്നു. താൻ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തിൽ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂർണമായി സ്നേഹിക്കുകയും ചെയ്തു. ആ സായാഹ്നത്തിൽ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്റെ ഹൃദയത്തിൽ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു. പിതാവു സമസ്തകാര്യങ്ങളും തന്റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട്
യോഹന്നാൻ 13:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിൻ്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു; പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു.
യോഹന്നാൻ 13:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
യോഹന്നാൻ 13:1-3 സമകാലിക മലയാളവിവർത്തനം (MCV)
പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു. അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു. പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു.