യോഹന്നാൻ 13:1-12
യോഹന്നാൻ 13:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെസഹാപെരുന്നാളിനു മുമ്പേ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; പിതാവു സകലവും തന്റെ കൈയിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തിൽനിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻപത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാൽ അല്ലാതെ കഴുകുവാൻ ആവശ്യമില്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ?
യോഹന്നാൻ 13:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് പെസഹാപെരുന്നാളിന്റെ തലേദിവസമായിരുന്നു. താൻ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകേണ്ട സമയമായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കി. ലോകത്തിൽ തനിക്കുള്ളവരെ അവിടുന്ന് എപ്പോഴും സ്നേഹിച്ചിരുന്നു. അന്ത്യംവരെയും അവരെ അവിടുന്നു പൂർണമായി സ്നേഹിക്കുകയും ചെയ്തു. ആ സായാഹ്നത്തിൽ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്റെ ഹൃദയത്തിൽ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു. പിതാവു സമസ്തകാര്യങ്ങളും തന്റെ കൈയിലേല്പിച്ചിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നാണു വന്നിരിക്കുന്നത് എന്നും ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത് എന്നും അറിഞ്ഞുകൊണ്ട് അത്താഴത്തിനിരുന്ന യേശു എഴുന്നേറ്റ് പുറങ്കുപ്പായം ഊരിവച്ചശേഷം ഒരു തുവർത്തെടുത്ത് അരയ്‍ക്കു കെട്ടി. പിന്നീട് ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അരയിൽ ചുറ്റിയിരുന്ന തുവർത്തുകൊണ്ടു തുടയ്‍ക്കുകയും ചെയ്തു. യേശു ശിമോൻപത്രോസിന്റെ അടുക്കൽ ചെന്നപ്പോൾ, “ഗുരോ, അങ്ങ് എന്റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാൻ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോൾ മനസ്സിലാക്കുന്നില്ല, എന്നാൽ പിന്നീടു മനസ്സിലാക്കും.” അപ്പോൾ പത്രോസ്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ഞാൻ നിന്റെ കാലു കഴുകുന്നില്ലെങ്കിൽ ഇനി ഒരിക്കലും നീ എന്റെ ശിഷ്യനായിരിക്കുകയില്ല.” അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.” യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുദ്ധിയുള്ളവനാണ്. നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു, എന്നാൽ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാൻ നിങ്ങൾക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ?
യോഹന്നാൻ 13:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിൻ്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു; പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു. അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രോസിന്‍റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: “കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ?“ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു. “നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല“ എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: “കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ“ എന്നു പറഞ്ഞു. യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ?
യോഹന്നാൻ 13:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു; പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു. യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
യോഹന്നാൻ 13:1-12 സമകാലിക മലയാളവിവർത്തനം (MCV)
പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു. അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു. പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു. യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി. പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി. ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.” “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു. അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു. അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്. അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു.