യോഹന്നാൻ 11:5-16
യോഹന്നാൻ 11:5-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. അതിന്റെ ശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. അതിന് യേശു: പകലിനു പന്ത്രണ്ടുമണി നേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്ന് അവരോടു പറഞ്ഞു. ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൗഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്നുപറഞ്ഞു.
യോഹന്നാൻ 11:5-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എങ്കിലും ലാസർ രോഗിയായി കിടക്കുന്നു എന്നു കേട്ടിട്ടും അവിടുന്ന് രണ്ടു ദിവസംകൂടി അവിടെത്തന്നെ താമസിച്ചു. അനന്തരം യേശു ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യെഹൂദ്യയിലേക്കു പോകാം എന്നു പറഞ്ഞു.” അപ്പോൾ ശിഷ്യന്മാർ ചോദിച്ചു: “ഗുരോ, യെഹൂദ്യയിലെ ജനങ്ങൾ അങ്ങയെ കല്ലെറിയാൻ ഭാവിച്ചിട്ട് അധികകാലം ആയില്ലല്ലോ. എന്നിട്ടും അങ്ങു വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?” യേശു ഉത്തരമരുളി: “പകലിനു പന്ത്രണ്ടു മണിക്കൂറല്ലേ ഉള്ളത്? പകൽ നടക്കുന്നവൻ ഈ ലോകത്തിന്റെ പ്രകാശം കാണുന്നതുകൊണ്ട് തട്ടിവീഴുകയില്ല. എന്നാൽ രാത്രിയിൽ നടക്കുന്നവനിൽ വെളിച്ചമില്ലാത്തതിനാൽ അവൻ കാലിടറി വീഴും.” അവിടുന്നു വീണ്ടും പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്. അയാളെ ഉണർത്തുന്നതിനായി ഞാൻ പോകുന്നു.” അപ്പോൾ ശിഷ്യന്മാർ “ലാസർ ഉറങ്ങുകയാണെങ്കിൽ അയാൾ സുഖം പ്രാപിക്കും” എന്നു പറഞ്ഞു. ലാസറിന്റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാൾ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാർ ധരിച്ചത്. അതുകൊണ്ട് യേശു സ്പഷ്ടമായി പറഞ്ഞു: “ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാതിരുന്നതിനാൽ നിങ്ങൾ നിമിത്തം ഞാൻ സന്തോഷിക്കുന്നു. എന്തെന്നാൽ നിങ്ങൾ വിശ്വസിക്കുവാൻ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.” അപ്പോൾ ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്: “അവിടുത്തോടുകൂടി മരിക്കുവാൻ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞു.
യോഹന്നാൻ 11:5-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു. അതിന്റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: “റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നെ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ?“ എന്നു ചോദിച്ചു. അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ടു മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു. ശിഷ്യന്മാർ അവനോട്: “കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൌഖ്യംവരും“ എന്നു പറഞ്ഞു. യേശു അവന്‍റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു. അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: “അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക“ എന്നു പറഞ്ഞു.
യോഹന്നാൻ 11:5-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു. അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു. ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൗഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
യോഹന്നാൻ 11:5-16 സമകാലിക മലയാളവിവർത്തനം (MCV)
യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എന്നിട്ടും ലാസർ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ട് താൻ ആയിരുന്ന സ്ഥലത്ത് അദ്ദേഹം രണ്ടുദിവസംകൂടി താമസിച്ചു. അതിനുശേഷം യേശു ശിഷ്യന്മാരോട്, “നമുക്കു യെഹൂദ്യയിലേക്കു തിരിച്ചുപോകാം” എന്നു പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: “റബ്ബീ, അൽപ്പകാലം മുമ്പല്ലേ യെഹൂദനേതാക്കന്മാർ അങ്ങയെ കല്ലെറിയാൻ ഭാവിച്ചത്? എന്നിട്ടും അങ്ങ് അവിടേക്കു തിരിച്ചുപോകുന്നോ?” യേശു മറുപടി പറഞ്ഞു: “പന്ത്രണ്ടുമണിക്കൂറല്ലേ പകലിനുള്ളത്? ഈ ലോകത്തിന്റെ പ്രകാശം കാണാൻ കഴിയുന്നതുകൊണ്ട് പകലിൽ നടക്കുന്ന മനുഷ്യൻ തട്ടിവീഴുന്നില്ല. എന്നാൽ രാത്രിയിൽ നടക്കുന്നയാൾ പ്രകാശമില്ലാത്തതുകൊണ്ടു കാലിടറിവീഴുന്നു.” ഇതു പറഞ്ഞിട്ട് യേശു തുടർന്നു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊണ്ടിരിക്കുന്നു, അവനെ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു.” ശിഷ്യന്മാർ ഉത്തരം പറഞ്ഞു. “കർത്താവേ, അയാൾ ഉറങ്ങുകയാണെങ്കിൽ സുഖംപ്രാപിക്കുമല്ലോ?” യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു. അപ്പോൾ യേശു സ്പഷ്ടമായി പറഞ്ഞു. “ലാസർ മരിച്ചുപോയി. നിങ്ങൾ വിശ്വസിക്കാൻ ഇതു കാരണമാകുമല്ലോ എന്നതിനാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെ ഓർത്ത് ആനന്ദിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.” അപ്പോൾ ദിദിമൊസ് എന്നു പേരുള്ള തോമസ്, “നമുക്കും പോകാം അദ്ദേഹത്തോടുകൂടെ മരിക്കാം” എന്നു മറ്റുള്ള ശിഷ്യന്മാരോടു പറഞ്ഞു.