യോഹന്നാൻ 11:1-7
യോഹന്നാൻ 11:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായിക്കിടന്നത്. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. അതിന്റെ ശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
യോഹന്നാൻ 11:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബേഥാന്യക്കാരനായ ലാസർ എന്നൊരാൾ രോഗിയായി കിടന്നിരുന്നു. മറിയമിന്റെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായിരുന്നു ബേഥാന്യ. കർത്താവിന്റെ തൃപ്പാദങ്ങളിൽ സുഗന്ധതൈലം പൂശി തന്റെ തലമുടികൊണ്ടു തുടച്ചത് ഈ മറിയമാണ്. അവരുടെ സഹോദരനായിരുന്നു രോഗിയായി കിടന്നിരുന്ന ലാസർ. ആ സഹോദരികൾ യേശുവിന്റെ അടുക്കൽ ആളയച്ചു: “കർത്താവേ, അങ്ങയുടെ പ്രിയപ്പെട്ട സ്നേഹിതൻ രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു. ഇതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കുവാനുള്ളതല്ല; ഇതു ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടിയുള്ളതാണ്. ദൈവപുത്രൻ ഇതിൽക്കൂടി പ്രകീർത്തിക്കപ്പെടും.” യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എങ്കിലും ലാസർ രോഗിയായി കിടക്കുന്നു എന്നു കേട്ടിട്ടും അവിടുന്ന് രണ്ടു ദിവസംകൂടി അവിടെത്തന്നെ താമസിച്ചു. അനന്തരം യേശു ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യെഹൂദ്യയിലേക്കു പോകാം എന്നു പറഞ്ഞു.”
യോഹന്നാൻ 11:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ നിന്നുള്ളവനായിരുന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്. ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ചു: “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു“ എന്നു പറയിച്ചു. യേശു അത് കേട്ടിട്ടു: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്‍റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു. അതിന്റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
യോഹന്നാൻ 11:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടെച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു. അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
യോഹന്നാൻ 11:1-7 സമകാലിക മലയാളവിവർത്തനം (MCV)
മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബെഥാന്യയിൽ ലാസർ എന്നു പേരുള്ള ഒരു മനുഷ്യൻ രോഗിയായിക്കിടന്നിരുന്നു. ഈ മറിയ ആയിരുന്നു കർത്താവിന്റെമേൽ സുഗന്ധതൈലം പകരുകയും പാദങ്ങൾ തന്റെ തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരനായിരുന്നു രോഗിയായിരുന്ന ലാസർ. ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്, “കർത്താവേ, അങ്ങയുടെ സ്നേഹിതൻ രോഗിയായിക്കിടക്കുന്നു” എന്നറിയിച്ചു. ഇതു കേട്ട് യേശു, “ഈ രോഗം മരണകാരണമല്ല; പിന്നെയോ, ദൈവമഹത്ത്വത്തിനും അതിലൂടെ ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനും വേണ്ടിയുള്ളതാണ്” എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എന്നിട്ടും ലാസർ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ട് താൻ ആയിരുന്ന സ്ഥലത്ത് അദ്ദേഹം രണ്ടുദിവസംകൂടി താമസിച്ചു. അതിനുശേഷം യേശു ശിഷ്യന്മാരോട്, “നമുക്കു യെഹൂദ്യയിലേക്കു തിരിച്ചുപോകാം” എന്നു പറഞ്ഞു.