യോഹന്നാൻ 1:6-18
യോഹന്നാൻ 1:6-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവനു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിനായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻതന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽനിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 1:6-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. അദ്ദേഹം സാക്ഷ്യം വഹിക്കുവാൻ, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാൻ തന്നെ വന്നു. അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാൻ വന്നവൻ മാത്രമായിരുന്നു. സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു. അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്‍ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല. അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാൽ സ്വജനങ്ങൾ അവിടുത്തെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ച്, തന്റെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കൾ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി. അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തിൽ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തിൽ നിന്നത്രേ. വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്റെ വരപ്രസാദവും സത്യവും സമ്പൂർണമായി നിറഞ്ഞ് നമ്മുടെ ഇടയിൽ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവിൽനിന്നുള്ള ഏകജാതന്റെ തേജസ്സായി ഞങ്ങൾ ദർശിച്ചു. യോഹന്നാൻ അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാൽ എന്നെക്കാൾ ശ്രേഷ്ഠനാണെന്നും ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.” അവിടുത്തെ സമ്പൂർണതയിൽനിന്നു നമുക്കെല്ലാവർക്കും മേല്‌ക്കുമേൽ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാർമിക നിയമങ്ങൾ നല്‌കപ്പെട്ടു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദർശിച്ചിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രൻ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 1:6-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്‍റെ പേരു യോഹന്നാൻ. താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നെ അവൻ വന്നു. യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്. എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ തന്‍റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 1:6-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 1:6-18 സമകാലിക മലയാളവിവർത്തനം (MCV)
യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. അദ്ദേഹം വന്നത്, പ്രകാശത്തെക്കുറിച്ച് സാക്ഷ്യം പറയാനും സർവരും ആ സാക്ഷ്യത്തിൽ വിശ്വസിക്കേണ്ടതിനുമാണ്. അദ്ദേഹം പ്രകാശം ആയിരുന്നില്ല; പിന്നെയോ പ്രകാശത്തെക്കുറിച്ച് സാക്ഷ്യംവഹിക്കുകമാത്രമായിരുന്നു. ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല. അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല. എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി. അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്. വചനം മനുഷ്യനായി നമ്മുടെ മധ്യേ വസിച്ചു. അവിടത്തെ തേജസ്സ്, പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു. യോഹന്നാൻ അദ്ദേഹത്തെക്കുറിച്ചു സാക്ഷ്യംവഹിച്ചുകൊണ്ട് ഇപ്രകാരം പ്രഘോഷിച്ചു: “ ‘എന്റെ പിന്നാലെ വരുന്നയാൾ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.” അവിടത്തെ പരിപൂർണതയിൽനിന്ന് നമുക്കെല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശമുഖേന നൽകപ്പെട്ടെങ്കിൽ കൃപയും സത്യവും യേശുക്രിസ്തുമുഖേനയാണ് ലഭ്യമായത്. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി അഭേദ്യബന്ധം പുലർത്തുന്ന നിസ്തുലപുത്രനായ ദൈവംതന്നെ അവിടത്തെ വെളിപ്പെടുത്തിയിരിക്കുന്നു.