യോഹന്നാൻ 1:14-34

യോഹന്നാൻ 1:14-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻതന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽനിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിനു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തുവല്ല എന്ന് ഏറ്റുപറഞ്ഞു. പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്ന് അവൻ ഉത്തരം പറഞ്ഞു. അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിനു നീ നിന്നെക്കുറിച്ചുതന്നെ എന്തു പറയുന്നു എന്നു ചോദിച്ചു. അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരേ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. അയയ്ക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. അതിനു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; എന്റെ പിന്നാലെ വരുന്നവൻതന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്ന് ഉത്തരം പറഞ്ഞു. ഇതു യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. പിറ്റന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് അവൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻതന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അത് അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻതന്നെ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.

യോഹന്നാൻ 1:14-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്റെ വരപ്രസാദവും സത്യവും സമ്പൂർണമായി നിറഞ്ഞ് നമ്മുടെ ഇടയിൽ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവിൽനിന്നുള്ള ഏകജാതന്റെ തേജസ്സായി ഞങ്ങൾ ദർശിച്ചു. യോഹന്നാൻ അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാൽ എന്നെക്കാൾ ശ്രേഷ്ഠനാണെന്നും ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.” അവിടുത്തെ സമ്പൂർണതയിൽനിന്നു നമുക്കെല്ലാവർക്കും മേല്‌ക്കുമേൽ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാർമിക നിയമങ്ങൾ നല്‌കപ്പെട്ടു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദർശിച്ചിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രൻ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു. ‘അങ്ങ് ആരാകുന്നു?’ എന്നു യോഹന്നാനോട് ചോദിക്കുന്നതിനു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചു. അദ്ദേഹം അവരോടു തുറന്നു പറഞ്ഞു: “ഞാൻ ക്രിസ്തുവല്ല.” അപ്പോൾ അവർ ചോദിച്ചു: “പിന്നെ അങ്ങ് ആരാണ്? ഏലിയാ ആണോ?” “അല്ല” എന്ന് അദ്ദേഹം പ്രതിവചിച്ചു. അവർ വീണ്ടും ചോദിച്ചു: “ഞങ്ങൾ പ്രതീക്ഷിക്കുന്ന ആ പ്രവാചകനാണോ താങ്കൾ?” “അല്ല” എന്ന് അദ്ദേഹം പറഞ്ഞു. അവർ പിന്നെയും അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ആരാണെന്നു പറഞ്ഞാലും: ഞങ്ങളെ പറഞ്ഞയച്ചവരോട് ഒരു മറുപടി പറയണമല്ലോ. അങ്ങയെക്കുറിച്ച് എന്താണ് പറയുന്നത്?” അദ്ദേഹം പറഞ്ഞു: “യെശയ്യാപ്രവാചകൻ പറഞ്ഞിട്ടുള്ളതുപോലെ ‘കർത്താവിന്റെ വഴി നേരേയാക്കുക’ എന്നു മരുഭൂമിയിൽ ഉദ്ഘോഷിക്കുന്നവന്റെ ശബ്ദമാകുന്നു ഞാൻ.” പരീശകക്ഷിയിൽപ്പെട്ടവരായിരുന്നു അവരെ അയച്ചത്. അവർ ചോദിച്ചു: “അങ്ങു ക്രിസ്തുവല്ല, ഏലിയായുമല്ല, വരുവാനുള്ള പ്രവാചകനുമല്ല എങ്കിൽ പിന്നെ അങ്ങ് എന്തിനു സ്നാപനം നടത്തുന്നു?” യോഹന്നാൻ പ്രതിവചിച്ചു: “ഞാൻ ജലംകൊണ്ടു സ്നാപനം ചെയ്യുന്നു. എന്നാൽ നിങ്ങൾക്ക് അജ്ഞാതനായ ഒരാൾ നിങ്ങളുടെ മധ്യത്തിൽ നില്‌ക്കുന്നുണ്ട്. അവിടുന്ന് എന്റെ പിന്നാലെ വരുന്നു എങ്കിലും അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല.” യോഹന്നാൻ സ്നാപനം നടത്തിക്കൊണ്ടിരുന്ന യോർദ്ദാൻനദിയുടെ തീരപ്രദേശമായ ബേഥാന്യയിലാണ് ഇവയെല്ലാം സംഭവിച്ചത്. അടുത്ത ദിവസം യേശു തന്റെ അടുക്കലേക്കു വരുന്നത് യോഹന്നാൻ കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപഭാരം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ഇദ്ദേഹത്തെക്കുറിച്ചാണു ഞാൻ പറഞ്ഞത്, ‘എന്റെ പിന്നാലെ ഒരാൾ വരുന്നു; അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാൽ എന്നെക്കാൾ ശ്രേഷ്ഠനാണ്’ എന്ന്. ഞാൻപോലും അവിടുത്തെ മനസ്സിലാക്കിയില്ല; എങ്കിലും ഇസ്രായേൽജനതയ്‍ക്ക് അവിടുത്തെ വെളിപ്പെടുത്തിക്കൊടുക്കുവാനാണ് ഞാൻ ജലംകൊണ്ടു സ്നാപനം നടത്തുവാൻ വന്നത്.” “യോഹന്നാൻ തന്റെ സാക്ഷ്യം ഇങ്ങനെ തുടർന്നു: “ഒരു പ്രാവെന്നപോലെ ആത്മാവു സ്വർഗത്തിൽ നിന്നിറങ്ങിവന്ന് അദ്ദേഹത്തിൽ ആവസിക്കുന്നതു ഞാൻ കണ്ടു. എങ്കിലും ഞാൻ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. എന്നാൽ ജലംകൊണ്ടു സ്നാപനം നടത്താൻ എന്നെ അയച്ചവൻ എന്നോട് അരുൾചെയ്തു: ‘ആത്മാവു സ്വർഗത്തിൽനിന്ന് ഇറങ്ങി ആരുടെമേൽ ആവസിക്കുന്നതായി നീ കാണുന്നുവോ, അദ്ദേഹമാണ് പരിശുദ്ധാത്മാവിനാൽ സ്നാപനം നടത്തുന്നവൻ.’ അതു ഞാൻ കാണുകയും അവിടുന്ന് ദൈവപുത്രനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു.”

യോഹന്നാൻ 1:14-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്‍റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്‍റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. “നീ ആർ?“ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കൽ അയച്ചപ്പോൾ അവന്‍റെ സാക്ഷ്യം എന്തെന്നാൽ അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്നു വ്യക്തമായി ഏറ്റുപറഞ്ഞു. അവർ അവനോട് ചോദിച്ചു, “എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ?“ എന്നു അവനോട് ചോദിച്ചതിന്: “അല്ല“ എന്നു അവൻ പറഞ്ഞു. “നീ ആ പ്രവാചകനോ?“ എന്നതിന്: “അല്ല“ എന്നു അവൻ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനോട്: “നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നെ എന്ത് പറയുന്നു?“ എന്നു ചോദിച്ചു. അതിന് അവൻ: “യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്‍റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.“ അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു. അവർ അവനോട്: “നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു. അതിന് യോഹന്നാൻ: “ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; എന്‍റെ പിന്നാലെ വരുന്നവൻ തന്നെ; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല“ എന്നു ഉത്തരം പറഞ്ഞു. ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു. പിറ്റെന്നാൾ യേശു തന്‍റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: “ഇതാ, ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ. ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിന് ഞാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു“ എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: “ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അത് അവന്‍റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ“ എന്നു പറഞ്ഞു. അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നെ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.

യോഹന്നാൻ 1:14-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു. അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു; എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു. ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.

യോഹന്നാൻ 1:14-34 സമകാലിക മലയാളവിവർത്തനം (MCV)

വചനം മനുഷ്യനായി നമ്മുടെ മധ്യേ വസിച്ചു. അവിടത്തെ തേജസ്സ്, പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു. യോഹന്നാൻ അദ്ദേഹത്തെക്കുറിച്ചു സാക്ഷ്യംവഹിച്ചുകൊണ്ട് ഇപ്രകാരം പ്രഘോഷിച്ചു: “ ‘എന്റെ പിന്നാലെ വരുന്നയാൾ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.” അവിടത്തെ പരിപൂർണതയിൽനിന്ന് നമുക്കെല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശമുഖേന നൽകപ്പെട്ടെങ്കിൽ കൃപയും സത്യവും യേശുക്രിസ്തുമുഖേനയാണ് ലഭ്യമായത്. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി അഭേദ്യബന്ധം പുലർത്തുന്ന നിസ്തുലപുത്രനായ ദൈവംതന്നെ അവിടത്തെ വെളിപ്പെടുത്തിയിരിക്കുന്നു. യോഹന്നാൻ ആരാകുന്നു എന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കാൻ, ജെറുശലേമിൽനിന്ന് യെഹൂദനേതാക്കന്മാർ പുരോഹിതന്മാരെയും ലേവ്യരെയും, അയച്ചു. അപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇപ്രകാരമായിരുന്നു: “ഞാൻ ക്രിസ്തു അല്ല.” ഒട്ടും മടിക്കാതെയാണ് അദ്ദേഹം അക്കാര്യം ഏറ്റുപറഞ്ഞത്. “പിന്നെ താങ്കൾ ആരാണ്? ഏലിയാവോ?” അവർ ചോദിച്ചു. “ഞാനല്ല.” അദ്ദേഹം പ്രതിവചിച്ചു. “താങ്കൾ ആ പ്രവാചകനാണോ?” “അല്ല,” അദ്ദേഹം മറുപടി നൽകി. “എങ്കിൽ താങ്കൾ ആരാണ്? ഞങ്ങളെ അയച്ചവരെ അറിയിക്കേണ്ടതിന്, ഞങ്ങൾക്ക് ഒരു മറുപടി തരിക. താങ്കൾക്ക് താങ്കളെക്കുറിച്ചുതന്നെ എന്താണ് പറയാനുള്ളത്?” എന്ന് അവർ ചോദിച്ചു. യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “ ‘കർത്താവിനുവേണ്ടി പാത നേരേയാക്കുക,’ എന്നു മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം ഞാൻ ആകുന്നു” എന്ന് യോഹന്നാൻ മറുപടി പറഞ്ഞു. അയയ്ക്കപ്പെട്ടവരിൽ പരീശപക്ഷത്തുനിന്നുള്ളവർ യോഹന്നാനോട്, “താങ്കൾ ക്രിസ്തുവോ ഏലിയാവോ ആ പ്രവാചകനോ അല്ലെങ്കിൽ പിന്നെ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു. “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, നിങ്ങൾ തിരിച്ചറിയാത്ത ഒരാൾ നിങ്ങളുടെ മധ്യേ നിൽക്കുന്നുണ്ട്. അദ്ദേഹം എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല” എന്ന് യോഹന്നാൻ അവരോടു മറുപടി പറഞ്ഞു. ഈ സംഭാഷണമെല്ലാം, യോർദാന്റെ മറുകരയിലുള്ള ബെഥാന്യയിലാണു സംഭവിച്ചത്, അവിടെയായിരുന്നു യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്. അടുത്തദിവസം തന്റെ അടുക്കലേക്കു വരുന്ന യേശുവിനെ കണ്ടിട്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം പരിഹരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്! ‘എന്റെ പിന്നാലെ വരുന്ന മനുഷ്യൻ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു. ഇദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, ഇദ്ദേഹം ഇസ്രായേലിനു വെളിപ്പെടേണ്ടതിനാണ് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നവനായി വന്നത്.” യോഹന്നാൻ തന്റെ സാക്ഷ്യം തുടർന്നു: “പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതും അദ്ദേഹത്തിന്റെമേൽ ആവസിക്കുന്നതും ഞാൻ കണ്ടു. അദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല; എന്നാൽ, വെള്ളത്തിൽ സ്നാനം കഴിപ്പിക്കാൻ ദൈവം എന്നെ അയച്ചിട്ട്, ‘ആരുടെമേൽ ആത്മാവ് അവരോഹണം ചെയ്യുകയും നിവസിക്കുകയും ചെയ്യുന്നത് നീ കാണുന്നോ അദ്ദേഹമാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നത്,’ എന്ന് എന്നോട് അരുളിച്ചെയ്തിരുന്നു. അതു ഞാൻ യേശുവിൽ കാണുകയും അദ്ദേഹം ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”