യിരെമ്യാവ് 9:10-24
യിരെമ്യാവ് 9:10-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പർവതങ്ങളെക്കുറിച്ചു ഞാൻ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപ്പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു; ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും. ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനമുള്ളവൻ ആർ? അതിനെ പ്രസ്താവിപ്പാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്? യഹോവ അരുളിച്ചെയ്യുന്നത്: ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്റെ വാക്കു കേൾക്കയോ അത് അനുസരിച്ചു നടക്കയോ ചെയ്യാതെ, തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും. അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു; അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിൻ; സാമർഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ. നമ്മുടെ കണ്ണിൽനിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ. സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ. വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിനു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 9:10-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു. ഞാൻ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാർപ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങൾ ഞാൻ വിജനഭൂമിയാക്കും. ഇതു ഗ്രഹിക്കാൻ തക്ക ജ്ഞാനം ആർക്കുണ്ട്? ഇതു വിളംബരം ചെയ്യാൻ ആരോടാണു സർവേശ്വരൻ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാൻ കാരണമെന്ത്? സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ അവർക്കു നല്‌കിയിരുന്ന ധർമശാസ്ത്രം അവർ അവഗണിച്ചു; അവർ എന്റെ വാക്കു കേൾക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. ദുശ്ശാഠ്യത്തോടെ തന്നിഷ്ടപ്രകാരം അവർ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ചതുപോലെ അവർ ബാൽവിഗ്രഹങ്ങളെ ആരാധിച്ചു. അതുകൊണ്ട് ഇസ്രായേലിന്റെ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ഇവരെ കാഞ്ഞിരം തീറ്റുകയും, വിഷം കലർത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്യും. അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാൻ അവരെ ചിതറിക്കും; അവർ നിശ്ശേഷം നശിക്കുന്നതുവരെ വാൾ അവരെ പിന്തുടരും. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുവിൻ. വിലാപക്കാരികളെ വിളിക്കുവിൻ; അതിൽ സമർഥരായ സ്‍ത്രീകളെ ആളയച്ചു വരുത്തുവിൻ. അവർ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ. സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു. സ്‍ത്രീകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേൾക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിൻ; ഓരോരുത്തരും തന്റെ അയൽക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ. മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളിൽ കുട്ടികളെയും പൊതുസ്ഥലങ്ങളിൽ യുവാക്കളെയും അതു സംഹരിക്കുന്നു.” വിളിച്ചുപറയുവിൻ; സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരുടെ ശവശരീരങ്ങൾ വയലിൽ വീഴുന്ന ചാണകം പോലെയും, കൊയ്ത്തുകാരുടെ കൈയിൽനിന്നു വീണുപോകുന്ന കതിർമണിപോലെയും വീഴും; ആരും അവ ശേഖരിക്കുകയില്ല.” സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിലും ബലവാൻ തന്റെ ബലത്തിലും ധനവാൻ തന്റെ ധനത്തിലും അഹങ്കരിക്കരുത്. ആരെങ്കിലും പ്രശംസിക്കുന്നെങ്കിൽ അത് എന്നെ ഗ്രഹിച്ചറിയുന്നതിൽ ആയിരിക്കട്ടെ. കാരണം, ഭൂമിയിൽ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലർത്തുന്ന സർവേശ്വരനാണല്ലോ ഞാൻ; ഇവയിലാണു ഞാൻ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 9:10-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം അവിടം വിട്ടു പോയിരിക്കുന്നു. ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതെയാകുംവിധം ശൂന്യമാക്കിക്കളയും. ഇതു ഗ്രഹിക്കുവാൻ തക്ക ജ്ഞാനമുള്ളവൻ ആര്‍? അത് പ്രസ്താവിക്കുവാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാത്തവിധം ദേശം നശിച്ച് മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?” യഹോവ അരുളിച്ചെയ്യുന്നത്: “ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്റെ വാക്കു കേൾക്കുകയോ അത് അനുസരിച്ചു നടക്കുകയോ ചെയ്യാതെ അവരുടെ ഹൃദയത്തിന്‍റെ ശാഠ്യത്തെയും അവരുടെ പൂര്‍വ്വ പിതാക്കന്മാർ അവരെ അഭ്യസിപ്പിച്ച ബാല്‍ വിഗ്രഹങ്ങളെയും അനുസരിച്ചുനടന്നു.” അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ച് നഞ്ചുവെള്ളം കുടിപ്പിക്കും. അവരും അവരുടെ പൂര്‍വ്വ പിതാക്കന്മാരും അറിയാത്ത ജനതകളുടെ ഇടയിൽ ഞാൻ അവരെ ചിതറിച്ച്, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ചു വിലപിക്കുന്ന സ്ത്രീകളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ച് വരുത്തുവിൻ. നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവിധവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം കവിഞ്ഞൊഴുകത്തക്കവിധവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ. സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; “നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശം വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങൾ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുവിൻ; നിങ്ങളുടെ ചെവി അവിടുത്തെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോ സ്ത്രീയും അവളുടെ കൂട്ടുകാരിയെ പ്രലാപവും അഭ്യസിപ്പിക്കുവിൻ. വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും, കൊയ്ത്തുകാരൻ്റെ പിന്നിലെ കതിർമണിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കുകയില്ല എന്നു യഹോവയുടെ അരുളപ്പാടു” എന്നു പറയുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലയോ എനിക്ക് പ്രസാദമുള്ളത്” എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 9:10-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു. ഞാൻ യെരൂശലേമിനെ കൽകുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും. ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനമുള്ളവൻ ആർ? അവതിനെ പ്രസ്താവിപ്പാൻ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്തു? യഹോവ അരുളിച്ചെയ്യുന്നതു: ഞാൻ അവരുടെ മുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ചു എന്റെ വാക്കു കേൾക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും. അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ. നമ്മുടെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ. സീയോനിൽനിന്നു ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ. വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവ് 9:10-24 സമകാലിക മലയാളവിവർത്തനം (MCV)
പർവതങ്ങൾക്കുവേണ്ടി ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും മരുഭൂമിയിലെ പുൽമേടുകളെക്കുറിച്ച് ഞാൻ വിലാപഗീതം ആലപിക്കുകയും ചെയ്യും. ആരും അതിലൂടെ യാത്രചെയ്യുന്നുമില്ല, കന്നുകാലികളുടെ അമറൽ അവിടെ കേൾക്കാനുമില്ല. ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരിക്കുന്നു മൃഗങ്ങളെല്ലാം അവിടംവിട്ടു പോയുമിരിക്കുന്നു. “ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും; ഞാൻ യെഹൂദാനഗരങ്ങളെ നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.” ഇതു ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനിയാര്? അതു വ്യക്തമാക്കാൻ തക്കവണ്ണം യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവൻ ആര്? ആരും വഴിപോകാതവണ്ണം ഈ ദേശം മരുഭൂമിപോലെ നശിച്ചുപോകാൻ കാരണമെന്ത്? യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിക്കയും എന്നെ അനുസരിക്കാതിരിക്കുകയും എന്റെ ന്യായപ്രമാണം പാലിക്കാതിരിക്കുകയും ചെയ്തതിനാൽത്തന്നെ. പ്രത്യുത, അവർ തങ്ങളുടെ ഹൃദയത്തിലെ ദുർവാശിയനുസരിച്ചും തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ച ബാലിന്റെ വഴിയിൽ ജീവിക്കുകയും ചെയ്തു.” അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കയ്‌പുള്ള ഭക്ഷണം കഴിപ്പിക്കുകയും വിഷജലം കുടിപ്പിക്കുകയും ചെയ്യും. അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ച്, വിലപിക്കുന്നതിന് സ്ത്രീകളെ വിളിപ്പിക്കുക; അവരിൽ സമർഥരായവരെത്തന്നെ വരുത്തുക. “അവർ വേഗംവന്ന് നമുക്കുവേണ്ടി ഒരു ദുഃഖാചരണം നടത്തട്ടെ; നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുംവരെ, കൺപോളകളിൽനിന്ന് അശ്രു പ്രവഹിക്കുംവരെത്തന്നെ. സീയോനിൽനിന്ന് ഒരു വിലാപശബ്ദം കേൾക്കുന്നു: ‘നാം എത്ര ശൂന്യമായിരിക്കുന്നു! നമ്മുടെ ലജ്ജ എത്ര വലുതായിരിക്കുന്നു! നമ്മുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, നാം നമ്മുടെ ദേശം വിട്ടുപോയേ തീരൂ.’ ” ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക; നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക. നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക. മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു; അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു. “യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക: “ ‘ആളുകളുടെ ശവങ്ങൾ തുറസ്സായസ്ഥലത്തെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും, അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്, യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും നടപ്പിൽവരുത്തുന്നു, ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്, എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട് എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,” എന്ന് യഹോവയുടെ അരുളപ്പാട്.