യിരെമ്യാവ് 5:1-5

യിരെമ്യാവ് 5:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞ് അറികയും ചെയ്‍വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും. യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നത്. യഹോവേ, നിന്റെ കണ്ണ് വിശ്വസ്തതയല്ലയോ നോക്കുന്നത്? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു. അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നെ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല. ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകർത്തു കയറു പൊട്ടിച്ചു കളഞ്ഞിരിക്കുന്നു.

യിരെമ്യാവ് 5:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നോക്കൂ, നീതി പ്രവർത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാൻ കഴിയുമോ എന്നു യെരൂശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളിൽ അന്വേഷിക്കുവിൻ; ആരെയെങ്കിലും കണ്ടാൽ ഞാൻ അവളോടു ക്ഷമിക്കും. ജീവനുള്ള സർവേശ്വരന്റെ നാമത്തിൽ അവർ ആണയിടുന്നെങ്കിലും കള്ളസത്യമാണ് അവർ ചെയ്യുന്നത്. സർവേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവർക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകർത്തെങ്കിലും തെറ്റു തിരുത്താൻ അവർക്കു മനസ്സായില്ല; അവർ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാൻ അവർ കൂട്ടാക്കിയില്ല. അപ്പോൾ ഞാൻ പറഞ്ഞു: “അവർ അറിവില്ലാത്ത പാവങ്ങൾ, സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ കല്പനയും അവർ അറിയുന്നില്ല. ഞാൻ വലിയ ആളുകളുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ നിയമവും അവർക്ക് അറിയാം.” എങ്കിലും അവർ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു.

യിരെമ്യാവ് 5:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്നു യെരൂശലേമിന്‍റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും അതിന്‍റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ അതിനോട് ക്ഷമിക്കും. ‘യഹോവയാണ’ എന്നു പറഞ്ഞാലും അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്. യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.” അതുകൊണ്ട് ഞാൻ: “ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നെ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയുന്നില്ല. ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും” എന്നു പറഞ്ഞു; എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.

യിരെമ്യാവ് 5:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‌വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും. യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു. യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായിരുന്നു. അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല. ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകർത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.

യിരെമ്യാവ് 5:1-5 സമകാലിക മലയാളവിവർത്തനം (MCV)

“ജെറുശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത ആചരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ കാണാൻ കഴിയുമോ എന്നുനോക്കി അറിയുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്യുവിൻ. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും. ‘ജീവിക്കുന്ന യഹോവയാണെ,’ എന്ന് അവർ പറയുന്നെങ്കിലും അവർ ശപഥംചെയ്യുന്നത് കാപട്യത്തോടെയാണ്.” യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ നോക്കുന്നത്? അങ്ങ് അവരെ അടിച്ചു, എങ്കിലും അവർക്കു വേദനയുണ്ടായില്ല; അങ്ങ് അവരെ ക്ഷയിപ്പിച്ചു, എങ്കിലും തെറ്റു തിരുത്താൻ അവർ മനസ്സുവെച്ചില്ല. അവർ തങ്ങളുടെ മുഖം പാറയെക്കാൾ കഠിനമാക്കുകയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്തു. അതുകൊണ്ടു ഞാൻ: “ഇവർ ദരിദ്രർമാത്രമാണ്; അവർ ഭോഷരാണ്, കാരണം അവർ യഹോവയുടെ വഴി അറിയുന്നില്ല, അവരുടെ ദൈവത്തിന്റെ പ്രമാണങ്ങളും. അതുകൊണ്ട് ഞാൻ നേതാക്കന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ പ്രമാണങ്ങളും നിശ്ചയമായും അറിയുന്നു.” എന്നാൽ അവർ എല്ലാവരും ഒരുപോലെ നുകം തകർക്കുകയും കെട്ടുകളെ പൊട്ടിക്കുകയും ചെയ്തിരിക്കുന്നു.