യിരെമ്യാവ് 45:1-5

യിരെമ്യാവ് 45:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ: ബാരൂക്കേ, നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ. ഞാൻ പണിതതു ഞാൻതന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻതന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ. എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവജഡത്തിനും അനർഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 45:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാം ഭരണവർഷം, യിരെമ്യാ പറഞ്ഞുകൊടുത്തതുപോലെ നേര്യായുടെ പുത്രൻ ബാരൂക്ക് ഒരു പുസ്തകത്തിൽ എഴുതി. യിരെമ്യാപ്രവാചകൻ ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “ബാരൂക്കേ, നിന്നോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘എനിക്കു ഹാ ദുരിതം! എന്റെ ദുഃഖത്തോട് അവിടുന്നു വേദന കൂട്ടിയിരിക്കുന്നു; എന്റെ ഞരക്കംകൊണ്ടു ഞാൻ ക്ഷീണിച്ചിരിക്കുന്നു; എനിക്ക് ഒരു ആശ്വാസവുമില്ല’ എന്നു നീ പറയുന്നു. അവനോടു നീ ഇപ്രകാരം പറയണം: ‘സർവേശ്വരൻ അരുളിച്ചെയ്യുന്നു, ഇതാ, ഞാൻ പണിതതു ഞാൻ തന്നെ പൊളിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നെ പിഴുതുകളയുന്നു; ഇതാണ് ദേശത്തു മുഴുവൻ സംഭവിക്കുന്നത്.’ നിനക്കുവേണ്ടി തന്നെ നീ വലിയ കാര്യങ്ങൾ കാംക്ഷിക്കുന്നുവോ, കാംക്ഷിക്കരുത്; കാരണം സകല മനുഷ്യരുടെയുംമേൽ ഞാൻ അനർഥം വരുത്തുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എങ്കിലും നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ മാത്രം സുരക്ഷിതമായിരിക്കും.”

യിരെമ്യാവ് 45:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ, നേര്യാവിൻ്റെ മകനായ ബാരൂക്ക് ഈ വചനങ്ങൾ യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോട് പറഞ്ഞ വചനം എന്തെന്നാൽ: “ബാരൂക്കേ, നിന്നോട് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ എന്‍റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; എനിക്ക് അയ്യോ കഷ്ടം! ഞാൻ എന്‍റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല’ എന്നു നീ പറയുന്നുവല്ലോ. “ഞാൻ പണിതത് ഞാൻ തന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടത് ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ. എന്നാൽ നീ നിനക്കായിട്ട് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവ്വജഡത്തിനും അനർത്ഥം വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; “എങ്കിലും നീ പോകുന്ന എല്ലാ സ്ഥലത്തും ഒരു കൊള്ളപോലെ ഞാൻ നിന്‍റെ ജീവനെ നിനക്കു തരും എന്നിങ്ങനെ നീ അവനോടു പറയേണം” എന്നു യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 45:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ: ബാരൂക്കേ, നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ. ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ. എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 45:1-5 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് ഈ വചനങ്ങൾ യിരെമ്യാവ് ബാരൂക്കിന് പറഞ്ഞുകൊടുക്കുകയുണ്ടായി: “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എനിക്ക് അയ്യോ കഷ്ടം! എന്റെ വേദനയോടൊപ്പം യഹോവ എനിക്കു ദുഃഖവും കൂട്ടിയിരിക്കുന്നു; ഞരക്കംകൊണ്ടു ഞാൻ തളർന്നിരിക്കുന്നു; എനിക്ക് ഒരു ആശ്വാസം ലഭിക്കുന്നില്ല,’ എന്നു നീ പറഞ്ഞുവല്ലോ. എന്നാൽ നിന്നോടു പറയുന്നതിനായി യഹോവ എന്നോട് കൽപ്പിച്ചത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഭൂമിയിലെങ്ങും ഞാൻ പണിതതിനെ ഇടിച്ചുകളയും; ഞാൻ നട്ടതിനെ ഞാൻ പറിച്ചുകളയും. അങ്ങനെയെങ്കിൽ നീ നിനക്കായിത്തന്നെ വലിയ കാര്യങ്ങൾ അന്വേഷിക്കണമോ? അന്വേഷിക്കരുത്. കാരണം ഞാൻ സകലജനത്തിന്മേലും വിനാശംവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്. എന്നാൽ നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ കഷ്ടിച്ച് ഞാൻ രക്ഷപ്പെടുത്തും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”