യിരെമ്യാവ് 36:20-26

യിരെമ്യാവ് 36:20-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമായുടെ മുറിയിൽ വച്ചേച്ച്, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു. രാജാവ് ചുരുൾ എടുത്തുകൊണ്ടുവരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമായുടെ മുറിയിൽനിന്ന് അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകല പ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. അന്ന് ഒമ്പതാം മാസത്തിൽ രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു. യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു. രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. ചുരുൾ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല. അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവ് രാജകുമാരനായ യെരഹ്‍മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു

യിരെമ്യാവ് 36:20-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ചുരുൾ കാര്യദർശിയായ എലീശാമായുടെ മുറിയിൽ വച്ചിട്ട് അവർ കൊട്ടാരത്തിൽ രാജാവിന്റെ അടുക്കൽ ചെന്ന് ഈ വിവരം അറിയിച്ചു. ചുരുൾ എടുത്തുകൊണ്ടു വരാൻ രാജാവ് യെഹൂദിയോടു കല്പിച്ചു; കാര്യദർശിയായ എലീശാമായുടെ മുറിയിൽനിന്ന് അയാൾ അത് എടുത്തുകൊണ്ടു വന്നു രാജാവിനെയും കൂടെ ഉണ്ടായിരുന്ന പ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. അത് ഒമ്പതാം മാസമായിരുന്നു; ശീതകാലവസതിയിൽ ആയിരുന്ന രാജാവിന്റെ മുമ്പിൽ തീ കത്തിക്കൊണ്ടിരുന്ന നെരിപ്പോടുണ്ടായിരുന്നു. ചുരുളിൽനിന്ന് ഏതാനും ഭാഗങ്ങൾ യെഹൂദി വായിച്ചു കഴിയുമ്പോൾ അത്രയും ഭാഗം രാജാവ് കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടിൽ കത്തിക്കൊണ്ടിരുന്ന തീയിൽ ഇടും; അങ്ങനെ നെരിപ്പോടിലെ തീയിൽ ചുരുൾ മുഴുവൻ കത്തിത്തീർന്നു. രാജാവോ തന്റെ സേവകരോ ഇതെല്ലാം കേട്ടിട്ടും ഭയപ്പെടുകയോ, അനുതപിച്ചു തങ്ങളുടെ വസ്ത്രം കീറുകയോ ചെയ്തില്ല. “ചുരുൾ ചുട്ടുകളയരുതേ” എന്നു എൽനാഥാനും ദെലായാവും ഗെമര്യായും അപേക്ഷിച്ചുവെങ്കിലും രാജാവ് അതു കേട്ടില്ല. എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാൻ രാജാവ് തന്റെ പുത്രനായ യെരഹ്മെയേൽ, അസ്രിയേലിന്റെ പുത്രൻ സെരായാ, അബ്‍ദേലിന്റെ പുത്രൻ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാൽ സർവേശ്വരൻ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.

യിരെമ്യാവ് 36:20-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്‍റെ അടുക്കൽ ചെന്നു ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു. രാജാവ് ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്‍റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്‍റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു. യെഹൂദി മൂന്നു നാലു ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരൻ്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു. രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. “ചുരുൾ ചുട്ടുകളയരുതേ” എന്നു എൽനാഥാനും ദെലായാവും ഗെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല. അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്‍റെ മകനായ സെരായാവിനോടും അബ്ദേലിൻ്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.

യിരെമ്യാവ് 36:20-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു. രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു. അന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു. യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു. രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. ചുരുൾ ചുട്ടുകളയരുതേ എന്നു എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല. അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു

യിരെമ്യാവ് 36:20-26 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ അവർ തുകൽച്ചുരുൾ ലേഖകനായ എലീശാമയുടെ മുറിയിൽ വെച്ചശേഷം അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ അറിയിച്ചു. അതിനുശേഷം രാജാവ് തുകൽച്ചുരുൾ എടുത്തുകൊണ്ടുവരാൻ യെഹൂദിയെ അയച്ചു. അയാൾ ലേഖകനായ എലീശാമയുടെ മുറിയിൽനിന്നും അത് എടുത്തുകൊണ്ടുവന്നു. യെഹൂദി അത് രാജാവിനെയും അദ്ദേഹത്തിന്റെ അടുക്കൽനിന്ന എല്ലാ പ്രഭുക്കന്മാരെയും വായിച്ചുകേൾപ്പിച്ചു. അത് ഒൻപതാംമാസമായിരുന്നു, രാജാവ് തന്റെ ഹേമന്തഗൃഹത്തിൽ തീ കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു. യെഹൂദി തുകൽച്ചുരുളിന്റെ മൂന്നോ നാലോ ഭാഗം വായിച്ചുതീരുമ്പോൾ, രാജാവ് എഴുത്തുകാരന്റെ പേനാക്കത്തികൊണ്ട് അതു മുറിച്ച് ചുരുൾമുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുന്നതുവരെ ഇട്ടുകൊണ്ടിരുന്നു. എങ്കിലും രാജാവും ഈ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരും ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല. എൽനാഥാനും ദെലായാവും ഗെമര്യാവും തുകൽച്ചുരുൾ ചുട്ടുകളയാതിരിക്കാൻ രാജാവിനോട് അപേക്ഷിച്ചു, എങ്കിലും അദ്ദേഹം അവരുടെ വാക്കു ശ്രദ്ധിച്ചില്ല. രാജാവിന്റെ ഒരു പുത്രനായ യെരഹ്മയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും വേദജ്ഞനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിക്കാൻ കൽപ്പിച്ചു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചിരുന്നു.