യിരെമ്യാവ് 33:3-7

യിരെമ്യാവ് 33:3-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. വാടകൾക്കും വാളിനും എതിരേ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ കല്ദയരോടു യുദ്ധം ചെയ്‍വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറപ്പാനത്രേ; അവരുടെ സകല ദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു. ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.

യിരെമ്യാവ് 33:3-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ ഉത്തരമരുളും; നീ അറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠവും രഹസ്യവുമായ കാര്യങ്ങൾ നിന്നോടു പറയും. ഉപരോധത്തിനുവേണ്ടി ശത്രുക്കൾ നിർമിച്ച മൺകൂനകളെയും വാളിനെയും ചെറുക്കാൻ വേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യെഹൂദാരാജാവിന്റെ കൊട്ടാരങ്ങളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ നശിപ്പിക്കാൻ പോകുന്ന മനുഷ്യരുടെ മൃതശരീരങ്ങൾക്കൊണ്ടു തങ്ങളെ എതിർക്കുന്നവരുടെ ഭവനങ്ങൾ നിറയ്‍ക്കാൻ ബാബിലോണ്യർ വരുന്നു; അവർ ചെയ്ത സകല തിന്മപ്രവൃത്തികളും നിമിത്തം ഈ നഗരത്തിൽനിന്ന് എന്റെ മുഖം ഞാൻ തിരിച്ചിരിക്കുന്നു. എങ്കിലും ഈ നഗരത്തിനു ഞാൻ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാൻ അവരെ സുഖപ്പെടുത്തും. അവർക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാൻ നല്‌കും. യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാൻ വീണ്ടും നല്‌കും. പൂർവസ്ഥിതിയിൽ അവരെ ഞാൻ ആക്കും.

യിരെമ്യാവ് 33:3-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്കു ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും. ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാ രാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അവർ കൽദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്‍റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു. “ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിൻ്റെയും സത്യത്തിൻ്റെയും സമൃദ്ധി അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്‍റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.

യിരെമ്യാവ് 33:3-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. വാടകൾക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അവർ കല്ദയരോടു യുദ്ധം ചെയ്‌വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു. ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കു അഭിവൃത്തി വരുത്തും.

യിരെമ്യാവ് 33:3-7 സമകാലിക മലയാളവിവർത്തനം (MCV)

‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’ ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്: ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു. “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും. ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും.

യിരെമ്യാവ് 33:3-7

യിരെമ്യാവ് 33:3-7 MALOVBSI