യിരെമ്യാവ് 3:1-18

യിരെമ്യാവ് 3:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷനു ഭാര്യയായിത്തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാട്. മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ അരാബ്യർ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു. അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു. നീ ഇന്നുമുതൽ എന്നോട്: എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ? അവൻ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവൻ സദാകാലം ദ്വേഷം വച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവർത്തിച്ചു നിനക്കു സാധിച്ചുമിരിക്കുന്നു. യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോട് അരുളിച്ചെയ്തത്: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാ മലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു. ഇതൊക്കെയും ചെയ്തശേഷം അവൾ എന്റെ അടുക്കൽ മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു. വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നെ ഞാൻ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത് വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു. മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു. ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങി വന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദായെക്കാൾ നീതിയുള്ളവളെന്നു യഹോവ എന്നോട് അരുളിച്ചെയ്തു. നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്. നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻകീഴിലൊക്കെയും അന്യന്മാരോടു ദുർമാർഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്. വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാട്; ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടു പേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും. ഞാൻ നിങ്ങൾക്ക് എന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയ്ക്കും. അങ്ങനെ നിങ്ങൾ ദേശത്തു വർധിച്ചുപെരുകുമ്പോൾ ആ കാലത്തു: യഹോവയുടെ നിയമപെട്ടകം എന്ന് ഇനി പറകയില്ല. അതു മനസ്സിൽ വരികയില്ല, അതിനെ ഓർക്കയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്. ആ കാലത്തു യെരൂശലേമിനു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകല ജാതികളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല. ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്ന്, അവർ ഒന്നിച്ചു വടക്കേ ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്കു വരും.

യിരെമ്യാവ് 3:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരാൾ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ മറ്റൊരാളിന്റെ ഭാര്യയായിത്തീരുകയും ചെയ്താൽ അയാൾ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവർ പാർക്കുന്ന ദേശം പൂർണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ട നീ വീണ്ടും എന്റെ അടുക്കൽ മടങ്ങിവരുന്നുവോ? മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയിൽ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവർച്ച ചെയ്യാൻ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികിൽ കാമുകന്മാർക്കായി നീ കാത്തിരുന്നു. നിന്റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി. അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല. ‘എന്റെ പിതാവേ, അങ്ങ് എന്റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോൾ പറയുന്നു. അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു. യോശീയാരാജാവിന്റെ കാലത്തു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയർന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്റെയും ചുവട്ടിലും പോയി അവൾ വേശ്യാവൃത്തിയിലേർപ്പെട്ടു. ഇതെല്ലാം ചെയ്തശേഷവും അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു. അവിശ്വസ്തയായ ഇസ്രായേലിന്റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്‌കി ഞാൻ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവൾ ഭയപ്പെട്ടില്ല. അവളും വേശ്യാവൃത്തിയിലേർപ്പെട്ടു. വേശ്യാവൃത്തി അവൾക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവൾ ദേശം മലിനമാക്കി. ഇതെല്ലാമായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യെഹൂദാ പൂർണഹൃദയത്തോടെയല്ല, കപടവേഷമണിഞ്ഞാണ് എന്റെ അടുക്കലേക്കു വന്നത് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. സർവേശ്വരൻ വീണ്ടും എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ, വഞ്ചകിയായ യെഹൂദായോളം കുറ്റക്കാരിയല്ലെന്നു തെളിയിച്ചിരിക്കുന്നു. നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാൻ നിന്നോടു കോപിക്കയില്ല; ഞാൻ കരുണാസമ്പന്നനാണ്. ഞാൻ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. നിന്റെ ദൈവമായ സർവേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്റെയും ചുവട്ടിൽ നീ അന്യദേവന്മാർക്കു കാഴ്ചകളർപ്പിച്ചു; എന്റെ വാക്കുകൾ നീ അനുസരിച്ചില്ല. നിന്റെ അകൃത്യങ്ങൾ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവിശ്വസ്തരായ മക്കളേ, മടങ്ങിവരുവിൻ; ഞാനാണല്ലോ നിങ്ങളുടെ നാഥൻ; ഒരു നഗരത്തിൽനിന്ന് ഒരാളെയും ഒരു കുടുംബത്തിൽനിന്നു രണ്ടുപേരെയും വീതം ഞാൻ തിരഞ്ഞെടുത്തു സീയോനിലേക്കു മടക്കിക്കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്റെ ഹിതാനുവർത്തികളായ ഇടയന്മാരെ ഞാൻ നിങ്ങൾക്കു നല്‌കും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും. നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ സർവേശ്വരന്റെ ഉടമ്പടിപെട്ടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുകയോ ഓർക്കുകയോ ഇല്ല; അതിന്റെ അഭാവം ആർക്കും അനുഭവപ്പെടുകയില്ല; ആരും മറ്റൊന്നു നിർമിക്കയുമില്ല. അന്നു യെരൂശലേം സർവേശ്വരന്റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സർവേശ്വരന്റെ സന്നിധിയിൽ വന്നുകൂടും; ഇനി ഒരിക്കലും അവർ തങ്ങളുടെ ദുഷ്ടവിചാരങ്ങൾക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല. അന്നു യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേരും. അവർ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തു വരും.

യിരെമ്യാവ് 3:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഒരു പുരുഷൻ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ അവനെ വിട്ട് മറ്റൊരു പുരുഷന് ഭാര്യയായിമാറുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകുകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്‍റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ” എന്നു യഹോവയുടെ അരുളപ്പാടു. “മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്‍റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു. അതുകൊണ്ട് മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു. നീ ഇന്നുമുതൽ എന്നോട്: ‘എന്‍റെ പിതാവേ, നീ എന്‍റെ യൗവനത്തിലെ സഖി’ എന്നു വിളിച്ചുപറയുകയില്ലയോ? ‘അവിടുന്ന് എന്നേക്കും കോപം സംഗ്രഹിക്കുമോ? അവിടുന്ന് സദാകാലം അത് വച്ചുകൊണ്ടിരിക്കുമോ?’ എന്നിങ്ങനെ പറഞ്ഞ് നിനക്കു കഴിയുന്ന വിധത്തിലെല്ലാം നീ ദുഷ്ടത പ്രവർത്തിച്ചുമിരിക്കുന്നു.” യോശീയാരാജാവിന്‍റെ കാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു. ഇതെല്ലാം ചെയ്തശേഷം ‘എന്‍റെ അടുക്കൽ മടങ്ങിവരുക’ എന്നു ഞാൻ പറഞ്ഞു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ അത് കണ്ടു. വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്തതിനാൽ ഞാൻ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത്, വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു. ലാഘവത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു. ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്‍റെ അടുക്കലേക്ക് മടങ്ങിവന്നിട്ടില്ല” എന്നു യഹോവയുടെ അരുളപ്പാടു. “വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദായെക്കാൾ നീതിയുള്ളവൾ” എന്നു യഹോവ എന്നോട് അരുളിച്ചെയ്തു. “നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: 'വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” എന്നു യഹോവയുടെ അരുളപ്പാടു. “നിന്‍റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു; പച്ചമരത്തിൻ കീഴിലൊക്കെയും അന്യദേവന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും, എന്‍റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്‍റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക” എന്നു യഹോവയുടെ അരുളപ്പാടു. “വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ” എന്നു യഹോവയുടെ അരുളപ്പാടു; “ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുവനെയും ഒരു കുടുംബത്തിൽ രണ്ടുപേരെയും വീതം എടുത്ത് സീയോനിലേക്കു കൊണ്ടുവരും. ഞാൻ നിങ്ങൾക്ക് എന്‍റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടി മേയിക്കും. അങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുന്ന കാലത്ത്: ‘യഹോവയുടെ നിയമപെട്ടകം’ എന്നു ഇനി പറയുകയില്ല, അത് മനസ്സിൽ വരുകയില്ല, അതിനെ ഓർക്കുകയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല” എന്നു യഹോവയുടെ അരുളപ്പാടു. ആ കാലത്ത് യെരൂശലേമിന് ‘യഹോവയുടെ സിംഹാസനം’ എന്നു പേരാകും; സകലജനതകളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; അവരുടെ ദുഷ്ടഹൃദയത്തിൻ്റെ ശാഠ്യപ്രകാരം ഇനി നടക്കുകയുമില്ല. ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽ ഗൃഹത്തോട് ചേർന്ന്, അവർ ഒന്നിച്ച് വടക്കെ ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് വരും.

യിരെമ്യാവ് 3:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു. മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയിൽ അരാബ്യർ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു. അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു. നീ ഇന്നുമുതൽ എന്നോടു: എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ? അവൻ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവൻ സദാകാലം ദ്വേഷം വെച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവർത്തിച്ചു നിനക്കു സാധിച്ചുമിരിക്കുന്നു. യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതു: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാപച്ചമരത്തിൻകീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു. ഇതൊക്കെയും ചെയ്തശേഷം അവൾ എന്റെ അടുക്കൽ മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു. വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നേ ഞാൻ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു. മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു. ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു. നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു. നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻ കീഴിലൊക്കെയും അന്യന്മാരോടു ദുർമ്മാർഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു. വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭർത്താവു; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും. ഞാൻ നിങ്ങൾക്കു എന്റെ മനസ്സിന്നൊത്ത ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും. അങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുമ്പോൾ ആ കാലത്തു: യഹോവയുടെ നിയമപെട്ടകം എന്നു ഇനി പറകയില്ല, അതു മനസ്സിൽ വരികയില്ല, അതിനെ ഓർക്കയില്ല, ചെന്നു കാണുകയില്ല, ഇനി അതു ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു. ആ കാലത്തു യെരൂശലേമിന്നു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകലജാതികളും അവിടേക്കു, യെരൂശലേമിലേക്കു തന്നേ, യഹോവയുടെ നാമംനിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല. ആ കാലത്തു യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്നു, അവർ ഒന്നിച്ചു വടക്കെ, ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു അവകാശമായി കൊടുത്ത ദേശത്തേക്കു വരും.

യിരെമ്യാവ് 3:1-18 സമകാലിക മലയാളവിവർത്തനം (MCV)

“യഹോവ ചോദിക്കുന്നു: “ഒരു മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ അയാളെ വിട്ട് മറ്റൊരുവനു ഭാര്യയായിത്തീരുകയും ചെയ്താൽ, അയാൾ അവളുടെ അടുക്കലേക്കു വീണ്ടും മടങ്ങിച്ചെല്ലുമോ? അങ്ങനെയുള്ള ദേശംമുഴുവനും മലിനമായിത്തീരുകയില്ലേ? എന്നാൽ നീ അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു, ഇപ്പോൾ നീ എന്റെ അടുത്തേക്കു മടങ്ങിവരുന്നോ?” എന്ന് യഹോവയുടെ അരുളപ്പാട്. “മൊട്ടക്കുന്നുകളിലേക്കു കണ്ണുയർത്തി നോക്കുക. നീ ബലാൽക്കാരം ചെയ്യപ്പെടാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ ഒരു ദേശാന്തരിയെന്നപോലെ വഴിവക്കുകളിൽ നീ കാമുകന്മാർക്കായി പതിയിരുന്നു. നിന്റെ വേശ്യാവൃത്തിയാലും ദുഷ്ടതയാലും നീ ദേശത്തെ മലിനമാക്കിയിരിക്കുന്നു. അതുമൂലം മഴ നിന്നുപോയി, പിന്മഴ പെയ്തതുമില്ല. നിനക്കുള്ളത് ഒരു വേശ്യയുടെ ലജ്ജാകരമായ രൂപമാണ്; ലജ്ജയുടെ ഒരു ഭാവവും നിന്നിൽ ഉണ്ടായതുമില്ല. എന്നിട്ടും നീ എന്നോട്: ‘എന്റെ പിതാവേ, നീ ഇന്നുമുതൽ എന്റെ യൗവനത്തിലെ ആത്മമിത്രമല്ലേ, അവിടന്ന് എപ്പോഴും കോപിക്കുമോ? അവിടത്തെ ക്രോധം എന്നേക്കും നിലനിൽക്കുമോ?’ എന്നു വിളിച്ചുപറയുകയില്ലേ? ഇപ്രകാരം സംസാരിച്ചുകൊണ്ട്, കഴിയുന്നവിധത്തിലെല്ലാം നീ തിന്മ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” യോശിയാരാജാവിന്റെ ഭരണകാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്, “ഇസ്രായേലിന്റെ അവിശ്വസ്തത നീ കണ്ടുവോ? അവൾ ഓരോ ഉയർന്ന മലയിലും കയറിപ്പോയി. ഓരോ ഇലതൂർന്ന മരത്തിൻകീഴിലും വേശ്യാവൃത്തി നടത്തിയിരിക്കുന്നു. ഇതെല്ലാം ചെയ്തതിനുശേഷവും അവൾ എന്റെ അടുക്കലേക്കു മടങ്ങിവരും എന്നു ഞാൻ കരുതി, എന്നാൽ അവൾ മടങ്ങിവന്നില്ല. അവളുടെ അവിശ്വസ്തയായ സഹോദരി, യെഹൂദ അതുകണ്ടു. അവിശ്വസ്തയായ ഇസ്രായേൽ ചെയ്ത എല്ലാ വ്യഭിചാരത്തിന്റെയും ഫലമായി ഞാൻ അവളെ ഉപേക്ഷിച്ച് അവൾക്ക് ഒരു ഉപേക്ഷണപത്രം കൊടുത്തു. ഇതു കണ്ടിട്ടും അവിശ്വസ്തയായ അവളുടെ സഹോദരി യെഹൂദാ ഭയപ്പെട്ടില്ല; അവളും പുറപ്പെട്ടു വ്യഭിചാരംചെയ്തു. ഇസ്രായേലിന്റെ അസാന്മാർഗികത അവൾക്കു വെറും നിസ്സാരകാര്യമായി തോന്നിയതുകൊണ്ട്, അവളും ദേശത്തെ മലിനമാക്കി കല്ലിനോടും മരത്തോടും വ്യഭിചാരംചെയ്തു. ഇതെല്ലാമായിട്ടും അവിശ്വസ്തയായ യെഹൂദാ എന്ന അവളുടെ സഹോദരി കാപട്യത്തോടെയല്ലാതെ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിഞ്ഞില്ല,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിയായ ഇസ്രായേൽ വഞ്ചകിയായ യെഹൂദയെക്കാൾ അധികം നീതിയുള്ളവൾ. നീ പോയി വടക്കു ദിക്കിലേക്കു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: “ ‘വിശ്വാസത്യാഗിയായ ഇസ്രായേലേ, മടങ്ങിവരിക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘എന്റെ കോപം നിങ്ങളുടെമേൽ പതിക്കാൻ ഞാൻ അനുവദിക്കുകയില്ല, കാരണം ഞാൻ വിശ്വസ്തനാണ്, ഞാൻ എന്നേക്കും കോപം സംഗ്രഹിച്ചു വെക്കുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘നിന്റെ ദൈവമായ യഹോവയ്ക്കെതിരേ നീ മത്സരിച്ച് ഓരോ ഇലതൂർന്ന മരത്തിൻകീഴിലും അന്യദേവതകളെ പ്രസാദിപ്പിച്ചു. എന്റെ ശബ്ദം നീ കേട്ടനുസരിച്ചില്ല എന്നുള്ള നിന്റെ കുറ്റം സമ്മതിക്കുകമാത്രം ചെയ്യുക,’ ” എന്ന് യഹോവയുടെ അരുളപ്പാട്. “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാനാണല്ലോ നിങ്ങളുടെ ഭർത്താവ്. ഞാൻ നിങ്ങളെ—ഒരു പട്ടണത്തിൽനിന്ന് ഒരുവനെയും ഒരു കുടുംബത്തിൽനിന്ന് രണ്ടുപേരെയും വീതം—തെരഞ്ഞെടുത്ത് നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും. ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നൽകും; അവർ നിങ്ങളെ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ മേയിക്കും. ആ കാലത്ത് നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ, ‘യഹോവയുടെ ഉടമ്പടിയുടെ പേടകം,’ എന്ന് ജനം ഒരിക്കലും പറയുകയില്ല. അതിനെക്കുറിച്ച് ഓർക്കുംവിധം അതു ചിന്തയിൽ കടന്നുവരികയില്ല; അതിന്റെ അഭാവം അവർക്ക് അനുഭവപ്പെടുകയേ ഇല്ല; അതുപോലെ മറ്റൊന്ന് നിർമിക്കപ്പെടുകയുമില്ല, എന്ന് യഹോവയുടെ അരുളപ്പാട്. ആ കാലത്ത് അവർ ജെറുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും; സകലരാഷ്ട്രങ്ങളും ജെറുശലേമിലേക്ക് യഹോവയുടെ നാമത്തോടുള്ള ആദരവുനിമിത്തം വന്നുചേരും. ഇനിയൊരിക്കലും അവർ തങ്ങളുടെ ദുഷ്ടഹൃദയത്തിലെ പിടിവാശിക്കനുസരിച്ച് ജീവിക്കുകയില്ല. ആ ദിവസങ്ങളിൽ യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടുചേർന്ന്, അവർ ഒരുമിച്ചു വടക്കേ രാജ്യത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിക്കൊടുത്ത ദേശത്തേക്കു വരും.