യിരെമ്യാവ് 21:1-4
യിരെമ്യാവ് 21:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സിദെക്കീയാരാജാവ് മല്ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: ബാബേൽ രാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിനു യഹോവ തന്റെ സകല അദ്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്. യിരെമ്യാവ് അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോട് ഇപ്രകാരം പറയേണം: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമേ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്വാൻ നിങ്ങളുടെ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ച് ഈ നഗരത്തിന്റെ നടുവിൽ കൂട്ടും.
യിരെമ്യാവ് 21:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സിദെക്കീയാരാജാവ് മല്‌ക്കീയായുടെ പുത്രനായ പശ്ഹൂരിനെയും മയസെയായുടെ പുത്രനായ സെഫന്യാപുരോഹിതനെയും യിരെമ്യായുടെ അടുക്കൽ അയച്ചു പറയിച്ചു: “ബാബിലോണിലെ രാജാവായ നെബുഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നു; അതേപ്പറ്റി സർവേശ്വരന്റെ ഹിതം ആരായണമേ; ഒരുപക്ഷേ അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതം പ്രവർത്തിച്ച് അയാളെ മടക്കി അയച്ചേക്കാം.” അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാ പ്രവാചകനുണ്ടായി. യിരെമ്യാ അവരോടു പറഞ്ഞു: “സിദെക്കീയാ രാജാവിനോട് ഇപ്രകാരം പറയണം. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നഗരമതിലുകൾക്കു പുറത്തു നിങ്ങളെ ഉപരോധിക്കുന്ന ബാബിലോൺ രാജാവിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങൾ ഞാൻ നഗരമധ്യത്തിൽ കൂട്ടിയിടും.
യിരെമ്യാവ് 21:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സിദെക്കീയാരാജാവ് മല്ക്കീയാവിന്‍റെ മകൻ പശ്ഹൂരിനെയും മയസേയാവിന്‍റെ മകൻ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടു പോകേണ്ടതിന്, യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും തക്കവിധം ഒരുപക്ഷേ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കും” എന്നു പറയിച്ചു. അപ്പോൾ യിരെമ്യാവിന് യഹോവയിൽ നിന്നു അരുളപ്പാടുണ്ടായി. യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയേണം: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മതിലുകൾക്കു പുറത്തുനിന്ന് നിങ്ങളെ ഉപരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കൽദയരോടും യുദ്ധം ചെയ്യുവാൻ നിങ്ങളുടെ കയ്യിലുള്ള ആയുധങ്ങളെ ഞാൻ ഉപയോഗശൂന്യമാക്കി, ഈ നഗരത്തിന്‍റെ മദ്ധ്യത്തിൽ കൂട്ടും.
യിരെമ്യാവ് 21:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സിദെക്കീയാരാജാവു മല്ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകലഅത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു. യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോടു ഇപ്രകാരം പറയേണം: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്വാൻ നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ചു ഈ നഗരത്തിന്റെ നടുവിൽ കൂട്ടും.
യിരെമ്യാവ് 21:1-4 സമകാലിക മലയാളവിവർത്തനം (MCV)
സിദെക്കീയാരാജാവ് മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചപ്പോൾ, യഹോവയിൽനിന്നു യിരെമ്യാവിന് അരുളപ്പാടുണ്ടായി. അവർ പറഞ്ഞത്: “ബാബേൽരാജാവായ നെബൂഖദ്നേസർ നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.” എന്നാൽ യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയുക, ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കോട്ടയ്ക്കു പുറമേനിന്നു നിങ്ങളെ ഉപരോധിക്കുന്ന ബാബേൽരാജാവിനും ബാബേല്യർക്കും എതിരേ നിങ്ങൾ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞാൻ നിങ്ങൾക്കെതിരേ തിരിക്കാൻ പോകുകയാണ്. അങ്ങനെ അവയെല്ലാം ഞാൻ ഈ നഗരത്തിന്റെ മധ്യത്തിൽ കൂട്ടും.