യിരെമ്യാവ് 2:5-13
യിരെമ്യാവ് 2:5-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിഥ്യാമൂർത്തികളോടു ചേർന്നു വ്യർഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു? ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരൾച്ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആൾപ്പാർപ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തിക്കൊണ്ടുവന്ന യഹോവ എവിടെ എന്ന് അവർ ചോദിച്ചില്ല. ഞാൻ നിങ്ങളെ ഫലവത്തായൊരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടു വന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു. യഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല. ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു; പ്രവാചകന്മാർ ബാൽ മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേർന്നു നടന്നു. അതുകൊണ്ടു ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ചു നല്ലവണ്ണം അന്വേഷിച്ച്, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ. ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു. ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ച് ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാട്. എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
യിരെമ്യാവ് 2:5-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ചോദിക്കുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നിൽ എന്തുകുറ്റം കണ്ടിട്ടാണ് എന്നെ ഉപേക്ഷിച്ചത്? വ്യർഥമായതിന്റെ പിന്നാലെ പോയി അവരും വ്യർഥരായിത്തീർന്നില്ലേ? ഈജിപ്തിൽനിന്നു നമ്മെ മോചിപ്പിച്ച്, മരുപ്രദേശങ്ങളും കുഴികളും നിറഞ്ഞ വിജനപ്രദേശത്ത് അന്ധകാരാവൃതവും ആരും കടന്നു പോകാത്തതും ജനവാസമില്ലാത്തതുമായ ദേശത്ത് നമ്മെ നയിച്ച സർവേശ്വരൻ എവിടെ” എന്നവർ ചോദിച്ചില്ല. ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്ക് അതിന്റെ ഫലങ്ങളും നന്മകളും ആസ്വദിക്കാൻ ഞാൻ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോൾ നിങ്ങൾ എന്റെ ദേശത്തെ മലിനമാക്കുകയും എന്റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു. ‘സർവേശ്വരൻ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല; വേദപണ്ഡിതർ എന്നെ അറിഞ്ഞില്ല; ഭരണാധികാരികൾ എന്നോട് അതിക്രമം കാട്ടി; പ്രവാചകർ ബാൽദേവന്റെ നാമത്തിൽ പ്രവചിച്ചു; അവർ പ്രയോജനരഹിതരായ ദേവന്മാരുടെ പിന്നാലെ പോയി.” “അതുകൊണ്ടു ഞാൻ നിങ്ങൾക്ക് എതിരെ വ്യവഹാരം നടത്തും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വാദിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. സൈപ്രസ് ദ്വീപുകളിലേക്കു പോയി നോക്കുവിൻ; അല്ലെങ്കിൽ കേദാറിലേക്ക് ആളയച്ചു ശ്രദ്ധാപൂർവം അന്വേഷിക്കുവിൻ, ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു ജനത അവരുടെ ദേവന്മാരെ, അവർ ദേവന്മാർ അല്ലാതിരുന്നിട്ടുപോലും മാറ്റിയിട്ടുണ്ടോ? എന്റെ ജനം വ്യർഥമായതിനുവേണ്ടി തങ്ങളുടെ മഹത്ത്വത്തെ കൈമാറ്റം ചെയ്തിരിക്കുന്നു. ആകാശമേ, ഭയപ്പെട്ടു നടുങ്ങുക, സംഭ്രമിച്ചു ഞെട്ടി വിറയ്‍ക്കുക; സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കുന്നു; ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; വെള്ളം ഇല്ലാത്ത പൊട്ടക്കിണറുകൾ അവർ കുഴിച്ചു.”
യിരെമ്യാവ് 2:5-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ വിട്ടകന്ന് മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്? ‘ഞങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച്, പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ വരൾച്ചയും കൂരിരുളും ഉള്ള ദേശങ്ങൾ മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ മരുഭൂമിയിൽക്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ’ എന്നു അവർ ചോദിച്ചില്ല. ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു. ‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാല്‍ മുഖാന്തരം പ്രവചിച്ച്, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു. അതുകൊണ്ട് ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും” എന്നു യഹോവയുടെ അരുളപ്പാടു. “നിങ്ങൾ കിത്തീയരുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ. ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു. ആകാശമേ, ഇതിങ്കൽ വിസ്മയിച്ച് ഭ്രമിച്ച് സ്തംഭിച്ചുപോകുക” എന്നു യഹോവയുടെ അരുളപ്പാടു. “എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിൻ്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
യിരെമ്യാവ് 2:5-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂർത്തികളോടു ചേർന്നു വ്യർത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു? ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരൾചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ എന്നു അവർ ചോദിച്ചില്ല. ഞാൻ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു. യഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോടു അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു. അതുകൊണ്ടു ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ. ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു. ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു. എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
യിരെമ്യാവ് 2:5-13 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “നിങ്ങളുടെ പൂർവികർ എന്നെ വിട്ട് ഇത്രമാത്രം അകന്നുപോകാൻ അവർ എന്നിൽ കണ്ട ദോഷം എന്ത്? അവർ മിഥ്യാമൂർത്തികളെ പിൻതുടർന്ന് സ്വയം കൊള്ളരുതാത്തവരായി തീർന്നിരിക്കുന്നു. ‘ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുകയും വരണ്ട വിജനപ്രദേശങ്ങളിലൂടെയും മരുഭൂമിയിലൂടെയും പാഴ്നിലങ്ങളിലൂടെയും നടത്തുകയും വരൾച്ചയും കൂരിരുട്ടും ഉള്ള സ്ഥലത്തിലൂടെ, ആരും സഞ്ചരിക്കാത്തതും ആൾപ്പാർപ്പില്ലാത്തതുമായ ദേശത്തിലൂടെ, നടത്തിയ യഹോവ എവിടെ?’ എന്ന് അവർ ചോദിച്ചില്ല. ഞാൻ നിങ്ങളെ ഫലഭൂയിഷ്ഠമായ ഒരു ദേശത്തേക്ക് അവിടത്തെ ഫലവും നന്മയും അനുഭവിക്കാൻ കൊണ്ടുവന്നു. എന്നാൽ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കുകയും എന്റെ ഓഹരി അറപ്പുള്ളതാക്കുകയും ചെയ്തു. ‘യഹോവ എവിടെ?’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല. ന്യായപ്രമാണം കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല; ഇസ്രായേല്യനേതാക്കന്മാർ എനിക്കെതിരേ മത്സരിച്ചു. മിഥ്യാമൂർത്തികളെ പിൻതുടർന്നുകൊണ്ട് പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു. അതിനാൽ ഞാൻ ഇനിയും നിങ്ങൾക്കെതിരേ വാദിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ മക്കളുടെ മക്കൾക്കെതിരേയും ഞാൻ വ്യവഹരിക്കും. “കിത്തീം തീരങ്ങളിലേക്കു കടന്നുചെന്നു നോക്കുക, കേദാരിലേക്ക് ആളയച്ച് ഇപ്രകാരമൊന്ന്, അവിടെയെങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി അന്വേഷിക്കുക: ഏതെങ്കിലുമൊരു ജനത തങ്ങളുടെ ദേവതകളെ മാറ്റിയിട്ടുണ്ടോ? (അവർ ദേവതകൾ അല്ലായിരുന്നിട്ടുകൂടി.) എന്നാൽ എന്റെ ജനം മിഥ്യാമൂർത്തികൾക്കുവേണ്ടി തങ്ങളുടെ തേജസ്സേറിയ ദൈവത്തെ മാറ്റിക്കളഞ്ഞിരിക്കുന്നു. ആകാശമേ, ഇതിൽ അമ്പരന്ന് മഹാഭീതിയിൽ നടുങ്ങുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്റെ ജനം രണ്ടു പാപംചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ചിരിക്കുന്നു, അവർ സ്വന്തം ജലസംഭരണികൾ കുഴിച്ചിരിക്കുന്നു വെള്ളം ശേഖരിക്കാൻ കഴിയാത്ത പൊട്ടിയ ജലസംഭരണികൾതന്നെ.