യിരെമ്യാവ് 13:1-27

യിരെമ്യാവ് 13:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ എന്നോട്: നീ ചെന്ന്, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്റെ അരയ്ക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുത് എന്നു കല്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി. യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ: നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികത്തു ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവയ്ക്കുക. യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ ചെന്ന് അതു ഫ്രാത്തിനരികെ ഒളിച്ചുവച്ചു. ഏറിയനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: നീ പുറപ്പെട്ടു ഫ്രാത്തിനരികെ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു. അങ്ങനെ ഞാൻ ഫ്രാത്തിനരികെ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ച് ഒന്നിനും കൊള്ളരുതാതെ ആയിരുന്നു. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവവും യെരൂശലേമിന്റെ മഹാഗർവവും കെടുത്തുകളയും. എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും. കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന് എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു നീ അവരോടു പറയേണ്ടത്: എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്ന് അവർ നിന്നോടു ചോദിക്കും. അതിനു നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സർവനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും. ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്; അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല. നിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ, ഗർവിക്കരുത്; യഹോവയല്ലോ അരുളിച്ചെയ്യുന്നത്. ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും. നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും. നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഢാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക. തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദായെ മുഴുവനും പിടിച്ചുകൊണ്ടുപോയി; അശേഷം പിടിച്ചുകൊണ്ടുപോയി. നീ തലപൊക്കി വടക്കുനിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ? നിനക്കു സഖികളായിരിപ്പാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ? ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്ത് എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ- നിന്റെ അകൃത്യബഹുത്വം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന് അപമാനം വന്നും ഇരിക്കുന്നു. കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും. ആകയാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും. നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ട് ഇതു നിന്റെ ഓഹരിയും ഞാൻ നിനക്ക് അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിനു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിനുമീതെ പൊക്കിവയ്ക്കും. നിന്റെ വ്യഭിചാരം, മദഗർജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?

യിരെമ്യാവ് 13:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “നീ പോയി ഒരു ചണവസ്ത്രം വാങ്ങി അരയ്‍ക്കു കെട്ടുക; അതു വെള്ളത്തിൽ മുക്കരുത്.” അവിടുന്നു കല്പിച്ചതുപോലെ ഞാൻ പോയി, അരക്കച്ച വാങ്ങി, അരയ്‍ക്കു കെട്ടി. അവിടുത്തെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ വാങ്ങി ധരിച്ചിരിക്കുന്ന അരക്കച്ചയുമായി യൂഫ്രട്ടീസ് നദീതീരത്തുപോയി, അവിടെയുള്ള പാറയിടുക്കിൽ അത് ഒളിച്ചുവയ്‍ക്കുക.” സർവേശ്വരൻ കല്പിച്ചതുപോലെ ഞാൻ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു. വളരെ ദിവസങ്ങൾക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാൻ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.” അങ്ങനെ ഞാൻ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചിരുന്നു. അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. യെഹൂദായുടെ ഗർവും യെരൂശലേമിന്റെ ഔദ്ധത്യവും ഞാൻ ഇതുപോലെ നശിപ്പിക്കും. എന്റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും. അരക്കച്ച ഒരുവന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സർവ ഇസ്രായേൽഗൃഹവും, സർവ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവർ എന്റെ ജനവും എന്റെ കീർത്തിയും എന്റെ അഭിമാനവും എന്റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നീ അവരോടു പറയുക; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും; അപ്പോൾ അവർ നിന്നോടു പറയും, എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും എന്നു ഞങ്ങൾക്കറിഞ്ഞുകൂടേ? അപ്പോൾ നീ അവരോടു പറയണം: “സർവേശ്വരൻ അരുളിച്ചെയ്യുന്നു; ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാർ, പുരോഹിതന്മാർ, പ്രവാചകർ, സർവ യെരൂശലേംനിവാസികൾ എന്നീ ദേശവാസികളെയെല്ലാം ഞാൻ ലഹരികൊണ്ട് ഉന്മത്തരാക്കും. ഞാൻ അവരെ തമ്മിൽ തമ്മിലും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും കൂട്ടിയടിപ്പിച്ചു നശിപ്പിക്കുമാറാക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാൻ ആരോടും ദയ കാണിക്കയില്ല; ആരെയും വെറുതേ വിടുകയില്ല, ആരോടും കരുണ കാണിക്കയുമില്ല. ഞാൻ അവരെയെല്ലാം നശിപ്പിക്കും.” നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ, അഹങ്കരിക്കരുത്; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്. ഞാൻ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പർവതങ്ങളിൽ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സർവേശ്വരനു മഹത്ത്വം നല്‌കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ തന്നെ അവിടുന്ന് അതിനെ മരണത്തിന്റെ കരിനിഴലും കൂരിരുട്ടുമാക്കും. നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്റെ ആത്മാവ് രഹസ്യമായി കേഴും; സർവേശ്വരൻ ആട്ടിൻകൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാൽ ഞാൻ ഹൃദയം നൊന്തു കരയും; കണ്ണുനീർ ധാരധാരയായി ഒഴുകും. രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്റെ മനോഹരമായ കിരീടം ശിരസ്സിൽനിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തിൽ നിന്നിറങ്ങി താഴെ ഇരിക്കുക.” നെഗബിലെ നഗരങ്ങൾ ഉപരോധിക്കപ്പെട്ടിരിക്കയാണ്; അവ ഭേദിക്കാൻ ആരുമില്ല. യെഹൂദായിലെ എല്ലാ ജനങ്ങളെയും പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു. യെരൂശലേമേ, നിന്റെ കണ്ണുകളുയർത്തി വടക്കുനിന്നു വരുന്നവരെ കാണുക; നിന്നെ ഏല്പിച്ചിരുന്ന നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ? സുഹൃത്തുക്കളെന്നു കരുതിയിരുന്നവർ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോൾ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ? “എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവർ നിന്റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്. എത്യോപ്യനു തന്റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്റെ പുളളിയോ മാറ്റാൻ കഴിയുമോ? എങ്കിൽ മാത്രമേ തിന്മചെയ്യാൻ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാൻ കഴിയുകയുള്ളൂ. മരുഭൂമിയിൽനിന്നു വീശുന്ന കാറ്റിൽ പറക്കുന്ന പതിരുപോലെ ഞാൻ നിങ്ങളെ ചിതറിക്കും. നീ എന്നെ മറന്ന് വ്യർഥകാര്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാൻ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്. ഞാൻ നിന്റെ ഉടുതുണി നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത വെളിവാകും. നിന്റെ മ്ലേച്ഛതകൾ ഞാൻ കണ്ടിരിക്കുന്നു, നിന്റെ വ്യഭിചാരവും മദഗർജനവും കാമാർത്തമായ വേശ്യാവൃത്തിയും കുന്നുകളിലും വയലുകളിലും ഞാൻ കണ്ടു; യെരൂശലേമേ, നിനക്കു ദുരിതം! നീ ശുദ്ധയാകാൻ എത്രകാലം വേണ്ടിവരും?”

യിരെമ്യാവ് 13:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ എന്നോട്: “നീ ചെന്നു, ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്‍റെ അരയ്ക്ക് കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു അരക്കച്ച വാങ്ങി അരയ്ക്ക് കെട്ടി. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായത്: “നീ വാങ്ങി അരയ്ക്ക് കെട്ടിയ അരക്കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികിൽ ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക.” അങ്ങനെ ഞാൻ ചെന്നു യഹോവ എന്നോട് കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു. വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്നു, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോട് കല്പിച്ച അരക്കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു. അങ്ങനെ ഞാൻ ഫ്രാത്തിനരികിൽ ചെന്നു, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്ന് അരക്കച്ച മാന്തി എടുത്തു; എന്നാൽ അരക്കച്ച കേടുവന്ന് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവ്വവും യെരൂശലേമിന്‍റെ മഹാഗർവ്വവും നശിപ്പിച്ചുകളയും. എന്‍റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്‍റെ ആലോചനപോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരക്കച്ചപോലെ ആയിത്തീരും. അരക്കച്ച ഒരു മനുഷ്യന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോട് പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ട് നീ അവരോടു പറയേണ്ടത്: “എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും” എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾക്കറിഞ്ഞുകൂടയോ” എന്നു അവർ നിന്നോട് ചോദിക്കും. അതിന് നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും. ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും ഏറ്റുമുട്ടി നശിക്കുമാറാക്കും” എന്നു യഹോവയുടെ അരുളപ്പാടു; “അവരെ നശിപ്പിക്കുകയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കുകയില്ല. നിങ്ങൾ കേൾക്കുവിൻ, ചെവിതരുവിൻ; ഗർവ്വിക്കരുത്; യഹോവയല്ലയോ അരുളിച്ചെയ്യുന്നത്. ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും. നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും. നീ രാജാവിനോടും രാജമാതാവിനോടും: “താഴെ ഇറങ്ങി ഇരിക്കുവിൻ; നിങ്ങളുടെ മഹത്വകിരീടം നിലത്തു വീണിരിക്കുന്നു” എന്നു പറയുക. തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെടും; ആരും അവയെ തുറക്കുകയില്ല; യെഹൂദായെ മുഴുവനും പിടിച്ചു കൊണ്ടുപോകും; അവരെ മുഴുവൻ പിടിച്ചു കൊണ്ടുപോകും. നീ കണ്ണുയർത്തി വടക്കുനിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്‍റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ? നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു എങ്കിൽ നീ എന്ത് പറയും? നോവുകിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കുകയില്ലയോ? ‘ഇങ്ങനെ എനിക്ക് ഭവിക്കുവാൻ സംഗതി എന്ത്?’ എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ നിന്‍റെ അകൃത്യങ്ങളുടെ പെരുപ്പംനിമിത്തം നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും നിന്‍റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു. കൂശ്യനു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മ ചെയ്യുവാൻ കഴിയുമോ? അതിനാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന പതിരെന്നപോലെ ചിതറിച്ചുകളയും. നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് ഇതു നിന്‍റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു. “അതുകൊണ്ട് ഞാനും നിന്‍റെ ലജ്ജ വെളിവാകേണ്ടതിന് നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പ് നിന്‍റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും. നിന്‍റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകൾ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നീ നിർമ്മലനാക്കുവാൻ എത്രകാലം വേണ്ടിവരും?

യിരെമ്യാവ് 13:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ എന്നോടു: നീ ചെന്നു, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുതു എന്നു കല്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ: നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക. യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു. ഏറിയ നാൾ കഴിഞ്ഞശേഷം യഹോവ എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു. അങ്ങനെ ഞാൻ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും. എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും. കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു നീ അവരോടു പറയേണ്ടതു: എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾ അറിയുന്നില്ലയോ എന്നു അവർ നിന്നോടു ചോദിക്കും. അതിന്നു നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറെക്കും. ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു; അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല. നിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ; ഗർവ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു. ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും. നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വംനിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും. നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക. തെക്കുള്ള പട്ടണങ്ങൾ അടെക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോയി, അശേഷം പിടിച്ചു കൊണ്ടുപോയി. നീ തലപൊക്കി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻ കൂട്ടം എവിടെ? നിനക്കു സഖികളായിരിപ്പാൻ നീ തന്നേ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ? ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്തു എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യബഹുത്വംനിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു. കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‌വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‌വാൻ കഴിയും. ആകയാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും. നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ടു ഇതു നിന്റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിന്നു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിന്നു മീതെ പൊക്കിവെക്കും. നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്വം എന്നീ മ്ലേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?

യിരെമ്യാവ് 13:1-27 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ എന്നോട്, “നീ ചെന്ന് ചണനൂൽകൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടുക, അതു വെള്ളത്തിൽ മുക്കരുത്” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കൽപ്പനപ്രകാരം ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടി. അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം എനിക്കുണ്ടായത്: “നീ വാങ്ങി അരയിൽ കെട്ടിയ അരപ്പട്ട എടുത്തുകൊണ്ട് ഫ്രാത്തിന്റെ നദിക്കരയിൽ ചെന്ന് ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവെക്കുക.” അങ്ങനെ ഞാൻ ചെന്ന് യഹോവ കൽപ്പിച്ചതുപോലെ അതു ഫ്രാത്തിന്റെ കരയിൽ ഒളിച്ചുവെച്ചു. വളരെദിവസം കഴിഞ്ഞ് യഹോവ എന്നോട്: “എഴുന്നേറ്റു ഫ്രാത്തിന്റെ കരയിൽ പോയി അവിടെ ഒളിച്ചുവെക്കാൻ ഞാൻ നിന്നോടു കൽപ്പിച്ച അരപ്പട്ട എടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ ഫ്രാത്തിന്റെ കരയിൽ ചെന്നു ഞാൻ ഒളിച്ചുവെച്ചിരുന്ന അരപ്പട്ട മാന്തിയെടുത്തു. അരപ്പട്ട ജീർണിച്ച് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ വിധത്തിൽ ഞാൻ യെഹൂദയുടെ ഗർവവും ജെറുശലേമിന്റെ മഹാഗർവവും നശിപ്പിച്ചുകളയും. എന്റെ വചനം കേൾക്കാതെ സ്വന്തം ഹൃദയത്തിലെ പിടിവാശിക്കനുസരിച്ചു ജീവിക്കുകയും അന്യദേവതകൾക്കു പിന്നാലെചെന്ന് അവയെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരപ്പട്ടപോലെയാകും! അരപ്പട്ട ഒരു മനുഷ്യന്റെ അരയോടു പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഗൃഹംമുഴുവനെയും യെഹൂദാഗൃഹംമുഴുവനെയും എന്റെ പ്രശസ്തിയും പ്രശംസയും മഹത്ത്വവുമാകാനായി എന്നോടു ചേർത്തു ബന്ധിച്ചു. എന്നാൽ അവരോ അതിൽ ശ്രദ്ധവെച്ചില്ല,’ എന്ന് യഹോവയുടെ അരുളപ്പാട്. “അതിനാൽ, ഈ വചനം നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടും.’ അപ്പോൾ അവർ നിന്നോട്, ‘എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടയോ?’ എന്നു ചോദിക്കും. അപ്പോൾ നീ അവരോടു പറയേണ്ടത്, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഈ ദേശത്തിലെ എല്ലാ നിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ജെറുശലേമിലെ എല്ലാ നിവാസികളെയും ഞാൻ മദ്യലഹരിയിൽ ആക്കിത്തീർക്കും. അവർ പരസ്പരം ഏറ്റുമുട്ടാൻ, മാതാപിതാക്കളും മക്കളും ഒരുപോലെ ഏറ്റുമുട്ടി നശിക്കാൻ, ഞാൻ ഇടയാക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ സഹതപിക്കുകയോ കരുണകാണിക്കുകയോ ദയകാണിക്കുകയോ ചെയ്യാതെ അവരെ നശിപ്പിച്ചുകളയും.’ ” കേൾക്കുക, ചെവിതരിക, നിഗളിക്കരുത്, കാരണം യഹോവ അരുളിച്ചെയ്തിരിക്കുന്നു. യഹോവ, അന്ധകാരം വരുത്തുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവതത്തിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മഹത്ത്വംകൊടുക്കുക. നിങ്ങൾ വെളിച്ചത്തിനായി കാത്തിരിക്കുന്നു, എന്നാൽ അവിടന്നതു ഘോരാന്ധകാരമായും കൂരിരുളായും മാറ്റും. നിങ്ങൾ കേട്ട് അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ നിഗളം ഓർത്ത് ഞാൻ രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻപറ്റത്തെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയതോർത്ത് എന്റെ കണ്ണുകൾ അതികഠിനമായി വിലപിച്ച് കണ്ണീരൊഴുക്കും. രാജാവിനോടും രാജമാതാവിനോടും നീ പറയേണ്ടത്, “നിങ്ങളുടെ സിംഹാസനങ്ങളിൽനിന്ന് താഴെയിറങ്ങുക, കാരണം നിങ്ങളുടെ മഹത്ത്വകിരീടംതന്നെ നിങ്ങളുടെ തലയിൽനിന്നു താഴെവീണുപോകും.” തെക്കേദേശത്തിലെ നഗരങ്ങൾ അടയ്ക്കപ്പെടും, അവ തുറക്കുന്നതിന് ആരുംതന്നെ ഉണ്ടാകുകയില്ല. എല്ലാ യെഹൂദ്യരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോകും, അവരെ മുഴുവൻ തടവുകാരാക്കി കൊണ്ടുപോകും. നിങ്ങളുടെ കണ്ണുയർത്തി വടക്കുനിന്നു വരുന്നവരെ നോക്കുക. നിനക്കു നൽകപ്പെട്ടിരുന്ന ആട്ടിൻപറ്റം എവിടെ, നിന്റെ അഭിമാനമായ ആട്ടിൻപറ്റംതന്നെ? നിന്റെ സഖ്യകക്ഷികളായി നീ തന്നെ ശീലിപ്പിച്ചിരുന്നവരെ അവിടന്നു നിന്റെമേൽ അധിപതികളായി നിയമിക്കുമ്പോൾ നീ എന്തുപറയും? പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ വേദന നിന്നെ പിടികൂടുകയില്ലേ? “ഈ കാര്യങ്ങൾ എനിക്ക് എന്തുകൊണ്ടു സംഭവിച്ചിരിക്കുന്നു?” എന്നു നീ ഹൃദയത്തിൽ പറയുമെങ്കിൽ, നിന്റെ പാപത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ വസ്ത്രം ചീന്തപ്പെടുകയും നിന്റെ ശരീരം അനാവൃതമാകുകയും ചെയ്തിരിക്കുന്നു. ഒരു കൂശ്യന് അവന്റെ ത്വക്കിനെയും പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയെയും മാറ്റാൻ കഴിയുമോ? എങ്കിൽ തിന്മമാത്രം ചെയ്യാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മചെയ്യാൻ കഴിയുമോ? “മരുഭൂമിയിലെ കാറ്റിനാൽ പാറിപ്പോകുന്ന പതിരുപോലെ ഞാൻ നിന്നെ ചിതറിച്ചുകളയും. നീ എന്നെ മറന്ന് വ്യാജദേവതകളിൽ ആശ്രയിക്കുകയാൽ ഇത് നിന്റെ ഓഹരിയും ഞാൻ കൽപ്പിച്ചുതന്ന നിന്റെ പങ്കുമാകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “അതുകൊണ്ട് നിന്റെ ഗുഹ്യഭാഗം കാണേണ്ടതിന് ഞാൻ നിന്റെ വസ്ത്രാഗ്രം നിന്റെ മുഖത്തിനുമീതേ പൊക്കും. നിന്റെ വ്യഭിചാരം, ആസക്തിനിറഞ്ഞ ചിനപ്പ്, ലജ്ജാകരമായ വേശ്യാവൃത്തി എന്നീ മ്ലേച്ഛതകൾ, വയലേലകളിലും കുന്നിൻപുറങ്ങളിലും ഞാൻ കണ്ടിരിക്കുന്നു. ജെറുശലേമേ, നിനക്ക് അയ്യോ കഷ്ടം! എത്രകാലം നീ അശുദ്ധയായിരിക്കും?”