യിരെമ്യാവ് 13:1-11

യിരെമ്യാവ് 13:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ എന്നോട്: നീ ചെന്ന്, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്റെ അരയ്ക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുത് എന്നു കല്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി. യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ: നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികത്തു ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവയ്ക്കുക. യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ ചെന്ന് അതു ഫ്രാത്തിനരികെ ഒളിച്ചുവച്ചു. ഏറിയനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: നീ പുറപ്പെട്ടു ഫ്രാത്തിനരികെ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു. അങ്ങനെ ഞാൻ ഫ്രാത്തിനരികെ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ച് ഒന്നിനും കൊള്ളരുതാതെ ആയിരുന്നു. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവവും യെരൂശലേമിന്റെ മഹാഗർവവും കെടുത്തുകളയും. എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും. കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന് എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 13:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “നീ പോയി ഒരു ചണവസ്ത്രം വാങ്ങി അരയ്‍ക്കു കെട്ടുക; അതു വെള്ളത്തിൽ മുക്കരുത്.” അവിടുന്നു കല്പിച്ചതുപോലെ ഞാൻ പോയി, അരക്കച്ച വാങ്ങി, അരയ്‍ക്കു കെട്ടി. അവിടുത്തെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ വാങ്ങി ധരിച്ചിരിക്കുന്ന അരക്കച്ചയുമായി യൂഫ്രട്ടീസ് നദീതീരത്തുപോയി, അവിടെയുള്ള പാറയിടുക്കിൽ അത് ഒളിച്ചുവയ്‍ക്കുക.” സർവേശ്വരൻ കല്പിച്ചതുപോലെ ഞാൻ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു. വളരെ ദിവസങ്ങൾക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാൻ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.” അങ്ങനെ ഞാൻ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചിരുന്നു. അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. യെഹൂദായുടെ ഗർവും യെരൂശലേമിന്റെ ഔദ്ധത്യവും ഞാൻ ഇതുപോലെ നശിപ്പിക്കും. എന്റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും. അരക്കച്ച ഒരുവന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സർവ ഇസ്രായേൽഗൃഹവും, സർവ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവർ എന്റെ ജനവും എന്റെ കീർത്തിയും എന്റെ അഭിമാനവും എന്റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 13:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ എന്നോട്: “നീ ചെന്നു, ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്‍റെ അരയ്ക്ക് കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു അരക്കച്ച വാങ്ങി അരയ്ക്ക് കെട്ടി. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായത്: “നീ വാങ്ങി അരയ്ക്ക് കെട്ടിയ അരക്കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികിൽ ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക.” അങ്ങനെ ഞാൻ ചെന്നു യഹോവ എന്നോട് കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു. വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്നു, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോട് കല്പിച്ച അരക്കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു. അങ്ങനെ ഞാൻ ഫ്രാത്തിനരികിൽ ചെന്നു, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്ന് അരക്കച്ച മാന്തി എടുത്തു; എന്നാൽ അരക്കച്ച കേടുവന്ന് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവ്വവും യെരൂശലേമിന്‍റെ മഹാഗർവ്വവും നശിപ്പിച്ചുകളയും. എന്‍റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്‍റെ ആലോചനപോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരക്കച്ചപോലെ ആയിത്തീരും. അരക്കച്ച ഒരു മനുഷ്യന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോട് പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 13:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ എന്നോടു: നീ ചെന്നു, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുതു എന്നു കല്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ: നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക. യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു. ഏറിയ നാൾ കഴിഞ്ഞശേഷം യഹോവ എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു. അങ്ങനെ ഞാൻ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും. എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും. കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 13:1-11 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ എന്നോട്, “നീ ചെന്ന് ചണനൂൽകൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടുക, അതു വെള്ളത്തിൽ മുക്കരുത്” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ യഹോവയുടെ കൽപ്പനപ്രകാരം ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടി. അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം എനിക്കുണ്ടായത്: “നീ വാങ്ങി അരയിൽ കെട്ടിയ അരപ്പട്ട എടുത്തുകൊണ്ട് ഫ്രാത്തിന്റെ നദിക്കരയിൽ ചെന്ന് ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവെക്കുക.” അങ്ങനെ ഞാൻ ചെന്ന് യഹോവ കൽപ്പിച്ചതുപോലെ അതു ഫ്രാത്തിന്റെ കരയിൽ ഒളിച്ചുവെച്ചു. വളരെദിവസം കഴിഞ്ഞ് യഹോവ എന്നോട്: “എഴുന്നേറ്റു ഫ്രാത്തിന്റെ കരയിൽ പോയി അവിടെ ഒളിച്ചുവെക്കാൻ ഞാൻ നിന്നോടു കൽപ്പിച്ച അരപ്പട്ട എടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ ഫ്രാത്തിന്റെ കരയിൽ ചെന്നു ഞാൻ ഒളിച്ചുവെച്ചിരുന്ന അരപ്പട്ട മാന്തിയെടുത്തു. അരപ്പട്ട ജീർണിച്ച് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു. അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ വിധത്തിൽ ഞാൻ യെഹൂദയുടെ ഗർവവും ജെറുശലേമിന്റെ മഹാഗർവവും നശിപ്പിച്ചുകളയും. എന്റെ വചനം കേൾക്കാതെ സ്വന്തം ഹൃദയത്തിലെ പിടിവാശിക്കനുസരിച്ചു ജീവിക്കുകയും അന്യദേവതകൾക്കു പിന്നാലെചെന്ന് അവയെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരപ്പട്ടപോലെയാകും! അരപ്പട്ട ഒരു മനുഷ്യന്റെ അരയോടു പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഗൃഹംമുഴുവനെയും യെഹൂദാഗൃഹംമുഴുവനെയും എന്റെ പ്രശസ്തിയും പ്രശംസയും മഹത്ത്വവുമാകാനായി എന്നോടു ചേർത്തു ബന്ധിച്ചു. എന്നാൽ അവരോ അതിൽ ശ്രദ്ധവെച്ചില്ല,’ എന്ന് യഹോവയുടെ അരുളപ്പാട്.