യിരെമ്യാവ് 1:5-17
യിരെമ്യാവ് 1:5-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. അതിനു യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാൻ ബാലൻ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോട്: നീ കണ്ടതു ശരി തന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിനു ഞാൻ ജാഗരിച്ചുകൊള്ളും എന്ന് അരുളിച്ചെയ്തു. യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളയ്ക്കുന്ന ഒരു കലം കാണുന്നു, അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോട്: വടക്കുനിന്നു ദേശത്തിലെ സർവനിവാസികൾക്കും അനർഥം വരും. ഞാൻ വടക്കേരാജ്യങ്ങളിലെ വംശങ്ങളെയൊക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാട്; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരേയും, യെഹൂദായിലെ എല്ലാ പട്ടണങ്ങൾക്കും നേരേയും വയ്ക്കും. അവർ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാർക്കു ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകല ദോഷത്തെയുംകുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും. ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിനു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.
യിരെമ്യാവ് 1:5-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഗർഭപാത്രത്തിൽ നിനക്കു രൂപം നല്‌കുന്നതിനു മുമ്പു ഞാൻ നിന്നെ അറിഞ്ഞു; ഉദരത്തിൽനിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാൻ വേർതിരിച്ച് ജനതകൾക്കു പ്രവാചകനായി നിയമിച്ചു.” അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, എനിക്കു സംസാരിക്കുവാൻ വശമില്ല, ഞാൻ ബാലനാണല്ലോ.” അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “വെറും ബാലനെന്നു നീ പറയരുത്; ഞാൻ അയയ്‍ക്കുന്ന എല്ലാവരുടെയും അടുത്തേക്കു നീ പോകണം; ഞാൻ കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം. അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടു കൂടെയുണ്ട്; സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.” പിന്നീട് അവിടുന്നു കൈ നീട്ടി എന്റെ അധരത്തിൽ തൊട്ടുകൊണ്ടു പറഞ്ഞു: “എന്റെ വചനം നിന്റെ നാവിൽ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും മറിച്ചുകളയാനും പണിതുയർത്താനും നടാനും ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ ഞാൻ നിനക്ക് അധികാരം നല്‌കിയിരിക്കുന്നു.” സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യായേ, നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു. “ജാഗ്രത് വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു” എന്നു ഞാൻ പ്രതിവചിച്ചു; അപ്പോൾ അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ കണ്ടതു ശരി, എന്റെ വചനം നിറവേറ്റാൻ ഞാൻ ജാഗ്രതയോടിരിക്കുന്നു.” സർവേശ്വരന്റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു; ഞാൻ പറഞ്ഞു: “തിളയ്‍ക്കുന്ന ഒരു പാത്രം തെക്കോട്ടു ചരിയുന്നതു ഞാൻ കാണുന്നു.” അപ്പോൾ അവിടുന്ന് എന്നോടരുളിച്ചെയ്തു: “വടക്കുനിന്നു സകല ദേശവാസികളുടെയുംമേൽ അനർഥം തിളച്ചൊഴുകും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാൻ വിളിക്കും; അവർ വന്നു യെരൂശലേമിന്റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകൾക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങൾക്കു മുമ്പിലും സിംഹാസനങ്ങൾ സ്ഥാപിക്കും. തങ്ങളുടെ ദുഷ്ടത നിമിത്തം എന്റെ ജനം എന്നെ നിരസിച്ചു; ഞാൻ അവരുടെമേൽ ശിക്ഷാവിധി പ്രസ്താവിക്കും; അവർ അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ. എന്നാൽ നീ അരമുറുക്കി ഞാൻ കല്പിക്കുന്നതെല്ലാം അവരോടു പറയുക; അവരെ നീ ഭയപ്പെടേണ്ടാ, ഭയപ്പെട്ടാൽ അവരുടെ മുമ്പിൽവച്ചു ഞാൻ നിന്നെ പരിഭ്രാന്തനാക്കും.
യിരെമ്യാവ് 1:5-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞ്; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” എന്നാൽ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് സംസാരിക്കുവാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലയോ” എന്നു പറഞ്ഞു. അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: “‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം. നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു യഹോവയുടെ അരുളപ്പാടു. പിന്നെ യഹോവ കൈ നീട്ടി എന്‍റെ അധരങ്ങളെ സ്പർശിച്ചു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” എന്നു യഹോവ എന്നോട് കല്പിച്ചു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: “യിരെമ്യാവേ, നീ എന്ത് കാണുന്നു” എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പ് കാണുന്നു എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോട്: “നീ കണ്ടത് ശരിതന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്നു അരുളിച്ചെയ്തു. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചു. “തിളക്കുന്ന ഒരു കലം കാണുന്നു. അത് വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു” എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോട്: “വടക്കുനിന്ന് ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും. ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും” എന്നു യഹോവയുടെ അരുളപ്പാടു; അവർ വന്ന്, ഓരോരുത്തൻ അവനവന്‍റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കു നേരെയും യെഹൂദായിലെ എല്ലാപട്ടണങ്ങൾക്കു നേരെയും വയ്ക്കും. അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്ക് ധൂപം കാട്ടി, അവരുടെ കൈപ്പണികളെ നമസ്കരിക്കുകയും ചെയ്ത സകലദോഷത്തെയും കുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും. അതിനാൽ നീ അരകെട്ടി, എഴുന്നേറ്റ് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം അവരോടു പ്രസ്താവിക്കുക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന് നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.
യിരെമ്യാവ് 1:5-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതു: ഞാൻ ബാലൻ എന്നു നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചു കൊള്ളും എന്നു അരുളിച്ചെയ്തു. യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു: വടക്കുനിന്നു ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും. ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കും നേരെയും വെക്കും. അവർ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാർക്കു ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാൻ അവരോടു ന്യായവാദം കഴിക്കും. ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
യിരെമ്യാവ് 1:5-17 സമകാലിക മലയാളവിവർത്തനം (MCV)
“നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു; രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.” അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.” എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം. നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു. ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.” പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?” “ബദാംവൃക്ഷത്തിന്റെ ഒരു കൊമ്പു ഞാൻ കാണുന്നു,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ: “നീ കണ്ടതു ശരിതന്നെ. എന്റെ വചനം നിറവേറ്റപ്പെടുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന് അരുളിച്ചെയ്തു. യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?” “ഞാൻ തിളയ്ക്കുന്ന ഒരു കലം കാണുന്നു, അത് ഉത്തരദിക്കിൽനിന്നു നമ്മുടെ വശത്തേക്കു ചരിഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു,” എന്നു പറഞ്ഞു. അപ്പോൾ യഹോവ എന്നോട്, “ഉത്തരദിക്കിൽനിന്നു ദേശത്തിലെ എല്ലാ നിവാസികളുടെയുംമേൽ അനർഥം വരും. എന്തെന്നാൽ വടക്കുള്ള രാജ്യങ്ങളിലെ എല്ലാ ജനതകളെയും ഞാൻ വിളിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ജെറുശലേമിന്റെ കവാടങ്ങളുടെ പ്രവേശനത്തിൽ അവരുടെ രാജാക്കന്മാർ വന്ന് തങ്ങളുടെ സിംഹാസനം സ്ഥാപിക്കും; അവളുടെ ചുറ്റുമുള്ള എല്ലാ മതിലുകൾക്കെതിരേയും യെഹൂദ്യയിലെ എല്ലാ പട്ടണങ്ങൾക്കെതിരേയും അവർ വരും. അവർ തങ്ങളുടെ ദുഷ്ടതനിമിത്തം എന്നെ ഉപേക്ഷിച്ച്, അന്യദേവതകൾക്കു ധൂപംകാട്ടുകയും അവരുടെ കൈകളുടെ നിർമിതിയെ ആരാധിക്കുകയും ചെയ്തതുമൂലം ഞാൻ എന്റെ ജനത്തിന്മേൽ ന്യായവിധി കൽപ്പിക്കും. “ഇപ്പോൾ നീ അര കെട്ടി എഴുന്നേൽക്കുക! ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം അവരോടു സംസാരിക്കുക. ഞാൻ നിന്നെ അവരുടെമുമ്പിൽ പരിഭ്രാന്തനാക്കാതെയിരിക്കേണ്ടതിന്, നീ അവരെക്കണ്ട് ഭയപ്പെടരുത്.