ന്യായാധിപന്മാർ 8:1-32

ന്യായാധിപന്മാർ 8:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധം ചെയ്‍വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു. അതിന് അവൻ: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കയല്ലയോ നല്ലത്? നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു. അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു. അവൻ സുക്കോത്തിലെ നിവാസികളോട്: എന്റെ കൂടെയുള്ള പടജ്ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു. നിന്റെ സൈന്യത്തിനു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു. അതിനു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു. അവിടെനിന്ന് അവൻ പെനൂവേലിലേക്കു ചെന്ന് അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത്നിവാസികൾ ഉത്തരം പറഞ്ഞതുപോലെതന്നെ പെനൂവേൽനിവാസികളും പറഞ്ഞു. അവൻ പെനൂവേൽ നിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു. എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു. ഗിദെയോൻ നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു. സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ്, സൽമുന്ന എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു. അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങി വരുമ്പോൾ സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴ് ആളുടെ പേർ അവന് എഴുതിക്കൊടുത്തു. അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു. അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് സുക്കോത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചു. അവൻ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു. പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. അതിന് അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾതന്നെ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു. പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു. അപ്പോൾ സേബഹും സൽമുന്നയും: നീ തന്നെ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു. അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്റെ കൈയിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെതന്നെ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു. ഗിദെയോൻ അവരോട്: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു. പിന്നെ ഗിദെയോൻ അവരോട്: ഞാൻ നിങ്ങളോട് ഒന്ന് അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു. ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ച് ഓരോരുത്തനു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു. അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. എന്നാൽ മിദ്യാൻ തല പൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി. യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു. ഗിദെയോന് വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക് എന്ന് അവൻ പേരിട്ടു. യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ 8:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എഫ്രയീമ്യർ ഗിദെയോനോടു ചോദിച്ചു: “മിദ്യാന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ എന്തുകൊണ്ടാണ് ഞങ്ങളെ വിളിക്കാഞ്ഞത്? ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്?” അവർ അദ്ദേഹത്തെ കഠിനമായി കുറ്റപ്പെടുത്തി. “അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രവൃത്തിയോട് തുലനം ചെയ്താൽ എന്റെ പ്രവൃത്തി എത്ര നിസ്സാരം. അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലേ കൂടുതൽ മെച്ചം.” “മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ദൈവം നിങ്ങളുടെ കൈയിൽ ഏല്പിച്ചു. അതുമായി താരതമ്യപ്പെടുത്താൻവിധം ഞാൻ എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ?” ഇതു കേട്ടപ്പോൾ അവരുടെ കോപം ശമിച്ചു. പിന്നീട് ഗിദെയോനും കൂടെയുള്ള മുന്നൂറു പേരും പരിക്ഷീണരെങ്കിലും ശത്രുക്കളെ പിന്തുടർന്ന് യോർദ്ദാൻനദി കടന്ന് സുക്കോത്തിലെത്തി. അദ്ദേഹം അവിടത്തെ നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള ജനത്തിന് ആഹാരം കൊടുത്താലും; അവർ നന്നേ ക്ഷീണിച്ചിരിക്കുന്നു. മിദ്യാന്യരാജാക്കന്മാരായ സേബായെയും സൽമുന്നയെയും ഞങ്ങൾ പിന്തുടരുകയാണ്.” അപ്പോൾ സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “താങ്കളുടെ കൂടെയുള്ള ജനത്തിനു ഞങ്ങൾ എന്തിനു ഭക്ഷണം നല്‌കണം? സേബായെയും സൽമുന്നയെയും നിങ്ങൾ ഇതുവരെ തടവുകാരാക്കിയില്ലല്ലോ?” ഗിദെയോൻ പറഞ്ഞു: “ശരി, സേബായെയും സൽമുന്നയെയും സർവേശ്വരൻ ഞങ്ങളുടെ കൈയിൽ ഏല്പിച്ചശേഷം മുള്ളുകൊണ്ടും മണലാരണ്യത്തിലെ മുൾച്ചെടികൾകൊണ്ടും ഞങ്ങൾ നിങ്ങളുടെ ശരീരം തല്ലിക്കീറും.” അവിടെനിന്ന് അവർ പെനൂവേലിലേക്കു പോയി; അവരോടും ആഹാരം ചോദിച്ചു. സുക്കോത്ത്നിവാസികൾ പറഞ്ഞതുപോലെ പെനൂവേൽനിവാസികളും മറുപടി പറഞ്ഞു. അപ്പോൾ ഗിദെയോൻ അവരോടു പറഞ്ഞു: “അമോര്യരാജാക്കന്മാരെ കീഴടക്കിയശേഷം മടങ്ങിവരുമ്പോൾ നിങ്ങളുടെ ഈ ഗോപുരം ഞാൻ ഇടിച്ചുകളയും.” ഈ സമയത്ത് സേബായും സൽമുന്നയും അവരുടെ സൈന്യത്തോടുകൂടി കാർക്കോരിൽ ആയിരുന്നു; കിഴക്കുള്ള മരുഭൂവാസികളുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന പതിനായിരം പേരാണ് അവരുടെകൂടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ഉണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പടയാളികൾ കൊല്ലപ്പെട്ടിരുന്നു. നോബഹിനും യൊഗ്ബെഹായ്‍ക്കും കിഴക്ക് മരുഭൂമിക്ക് സമീപമുള്ള വഴിയിലൂടെ ചെന്ന് നിനച്ചിരിക്കാത്ത വേളയിൽ ഗിദെയോൻ അവരെ ആക്രമിച്ചു. മിദ്യാന്യരാജാക്കന്മാരായ സേബായും സൽമുന്നയും പലായനം ചെയ്തു. അവരുടെ സൈനികർ പരിഭ്രാന്തരായി. ഗിദെയോൻ രാജാക്കന്മാരെ പിന്തുടർന്നു പിടിച്ചു. യുദ്ധാനന്തരം ഗിദെയോൻ ഹേരെസ് കയറ്റം വഴി മടങ്ങിവരുമ്പോൾ വഴിയിൽവച്ചു സുക്കോത്തുകാരനായ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്തു. അവൻ സുക്കോത്തിലെ ജനപ്രമാണികളും നേതാക്കന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേരുകൾ ഗിദെയോന് എഴുതിക്കൊടുത്തു. പിന്നീട് അദ്ദേഹം സുക്കോത്ത്നിവാസികളുടെ അടുക്കൽ ചെന്നു പറഞ്ഞു: “ക്ഷീണിച്ചു തളർന്നിരിക്കുന്ന നിന്റെ ആളുകൾക്ക് ആഹാരം കൊടുക്കാൻ തക്കവിധം സേബായെയും സൽമുന്നയെയും നീ കീഴടക്കി കഴിഞ്ഞുവോ; നിങ്ങൾ എന്നെ പരിഹസിച്ചില്ലേ? ഇതാ, സേബായും സൽമുന്നയും.” അദ്ദേഹം മണലാരണ്യത്തിലുള്ള മുള്ളും മുൾച്ചെടികളുംകൊണ്ട് സുക്കോത്തിലെ നേതാക്കന്മാരെ ഒരു പാഠം പഠിപ്പിച്ചു. പിന്നീട് പെനൂവേൽ ഗോപുരം ഇടിച്ചു നിരത്തി പട്ടണവാസികളെ സംഹരിച്ചു. സേബായോടും സൽമുന്നയോടും ഗിദെയോൻ ചോദിച്ചു: “താബോരിൽ വച്ചു നിങ്ങൾ കൊന്നത് എങ്ങനെയുള്ളവരെ ആയിരുന്നു?” അവർ പറഞ്ഞു: “അവർ അങ്ങയെപ്പോലെ രാജകുമാരന്മാർക്കു സദൃശരായിരുന്നു.” ഗിദെയോൻ പറഞ്ഞു: “അവർ എന്റെ സഹോദരന്മാരായിരുന്നു; എന്റെ സ്വന്തം അമ്മയുടെ പുത്രന്മാർ. സർവേശ്വരനാമത്തിൽ ഞാൻ പറയുന്നു: നിങ്ങൾ അവരെ കൊന്നില്ലായിരുന്നു എങ്കിൽ ഞാൻ നിങ്ങളെയും കൊല്ലുകയില്ലായിരുന്നു.” പിന്നീട് തന്റെ ആദ്യജാതനായ യേഥെരിനോടു പറഞ്ഞു: “എഴുന്നേറ്റ് അവരെ കൊല്ലുക.” എന്നാൽ അവൻ നന്നെ ചെറുപ്പമായിരുന്നതുകൊണ്ട് വാൾ എടുക്കാൻ മടിച്ചു. അപ്പോൾ സേബായും സൽമുന്നയും ഗിദെയോനോടു പറഞ്ഞു: “അങ്ങുതന്നെ ഞങ്ങളെ കൊല്ലുക.” ഗിദെയോൻ അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കണ്ഠാഭരണങ്ങൾ എടുത്തു. അപ്പോൾ ഇസ്രായേൽജനം ഗിദെയോനോടു പറഞ്ഞു: “അവിടുന്നു ഞങ്ങളെ ഭരിക്കണം; ഞങ്ങളെ മിദ്യാന്യരിൽനിന്നു രക്ഷിച്ചത് അവിടുന്നാണല്ലോ. അങ്ങേക്കു ശേഷം അങ്ങയുടെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കട്ടെ.” ഗിദെയോൻ മറുപടി നല്‌കി: “ഞാനോ എന്റെ പുത്രനോ നിങ്ങളെ ഭരിക്കുകയില്ല; സർവേശ്വരൻ തന്നെയായിരിക്കും നിങ്ങളെ ഭരിക്കുക.” ഗിദെയോൻ തുടർന്നു: “എനിക്കു നിങ്ങളോട് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെ കൊള്ളമുതലിൽനിന്ന് കർണാഭരണങ്ങൾ മാത്രം എനിക്കു തരിക;” ഇശ്മായേല്യരായിരുന്നതുകൊണ്ട് മിദ്യാന്യർ സ്വർണാഭരണങ്ങൾ കാതിൽ അണിഞ്ഞിരുന്നു. “അവ ഞങ്ങൾ തീർച്ചയായും നല്‌കാം” എന്ന് അവർ മറുപടി പറഞ്ഞു. അവർ ഒരു വസ്ത്രം നിലത്ത് വിരിച്ചു; കൊള്ളമുതലായി കിട്ടിയ കർണാഭരണങ്ങളെല്ലാം അതിൽ ഇട്ടു. ആ സ്വർണാഭരണങ്ങളെല്ലാം കൂടി ആയിരത്തി എഴുനൂറ് ശേക്കെൽ ഉണ്ടായിരുന്നു. ഇവ മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഒട്ടകങ്ങളുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാലകൾ എന്നിവയ്‍ക്കു പുറമേ ആയിരുന്നു. ഇവയെല്ലാംകൊണ്ട് ഗിദെയോൻ ഒരു ഏഫോദ് ഉണ്ടാക്കി സ്വന്തം പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു. ഇസ്രായേൽജനം ദൈവത്തെ ഉപേക്ഷിച്ച് അതിനെ ആരാധിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. ഇസ്രായേല്യർ അങ്ങനെ മിദ്യാന്യരെ പൂർണമായി തോല്പിച്ചു; അവർ പിന്നീടൊരിക്കലും ഇസ്രായേല്യർക്കെതിരെ തല ഉയർത്തിയില്ല. ഗിദെയോൻ മരിക്കുന്നതുവരെ നാല്പതു വർഷം നാട്ടിൽ സമാധാനം നിലനിന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ (യെരുബ്ബാൽ) സ്വഭവനത്തിൽ ചെന്നു പാർത്തു. ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരിൽ അദ്ദേഹത്തിന് എഴുപതു പുത്രന്മാർ ജനിച്ചു. ശെഖേമിലെ അദ്ദേഹത്തിന്റെ ഉപഭാര്യയും ഒരു പുത്രനെ പ്രസവിച്ചു; അവന് അബീമേലെക്ക് എന്ന് അദ്ദേഹം പേരിട്ടു. യോവാശിന്റെ പുത്രനായ ഗിദെയോൻ വയോവൃദ്ധനായി മരിച്ചു; അബീയേസ്ര്യർക്ക് അവകാശപ്പെട്ട ഒഫ്രയിൽ തന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു.

ന്യായാധിപന്മാർ 8:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ എഫ്രയീമ്യർ: “നീ മിദ്യാന്യരോട് യുദ്ധം ചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത്?” എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു. അതിന് അവൻ: “നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്‍റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്‍റെ കാലാ പെറുക്കലല്ലയോ നല്ലത്? നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല” എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു. അനന്തരം ഗിദെയോൻ യോർദ്ദാനരികെ എത്തി; അവനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും ശത്രുക്കളെ പിന്തുടരുവാൻ അക്കരെ കടന്നു. അവൻ സുക്കോത്ത് നിവാസികളോട്: “എന്‍റെ കൂടെയുള്ള ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു” എന്നു പറഞ്ഞു. “നിന്‍റെ സൈന്യത്തിന് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്‍റെ അധീനതയിൽ ആകുന്നുവോ” എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു. അതിന് ഗിദെയോൻ: “യഹോവ സേബഹിനെയും സൽമുന്നയെയും എന്‍റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും കൂർത്ത മുൾച്ചെടി കൊണ്ടും ചീന്തിക്കളയും” എന്നു പറഞ്ഞു. അവിടെനിന്ന് അവൻ പെനീയേലിലേക്ക് ചെന്നു അവരോടും അപ്രകാരം ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നെ പെനൂവേൽനിവാസികളും പറഞ്ഞു. അവൻ പെനീയേൽനിവാസികളോട്: “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും” എന്നു പറഞ്ഞു. അപ്പോൾ സേബഹും സൽമുന്നയും, കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവുമായി കർക്കോരിൽ ആയിരുന്നു; എന്തെന്നാൽ, വാളൂരിപ്പിടിച്ചവരായ ഒരുലക്ഷത്തിയിരുപതിനായിരം (1,20,000) പേർ വീണുപോയിരുന്നു. ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു. സേബഹും സൽമുന്നയും ഓടിപ്പോയപ്പോൾ ഗിദെയോൻ അവരെ പിന്തുടർന്നു; ആ രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ച്, സൈന്യത്തെയൊക്കെയും ചിതറിച്ചുകളഞ്ഞു. അനന്തരം യോവാശിന്‍റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്ന് മടങ്ങിവന്നപ്പോൾ സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചപ്പോൾ, അവൻ സുക്കോത്തിലെ നായകന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു പേരുടെ പേർ അവന് എഴുതിക്കൊടുത്തു. അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: “ക്ഷീണിച്ചിരിക്കുന്ന നിന്‍റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കണ്ടതിന് സേബഹും സൽമുന്നയും നിന്‍റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു. അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ച് മരുഭൂമിയിലെ മുള്ളും മുൾച്ചെടിയും കൊണ്ട് സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു. അവൻ പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു. പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു” എന്നു ചോദിച്ചു. “അവർ നിന്നെപ്പോലെതന്നെ ഓരോരുത്തൻ രാജകുമാരന് തുല്യൻ ആയിരുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു. അതിന് അവൻ: “അവർ എന്‍റെ സഹോദരന്മാർ; എന്‍റെ അമ്മയുടെ മക്കൾ തന്നെ. അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവ ജീവിക്കുന്നതിനാൽ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു. പിന്നെ അവൻ തന്‍റെ ആദ്യജാതനായ യേഥെരിനോട്: “എഴുന്നേറ്റ് അവരെ കൊല്ലുക” എന്നു പറഞ്ഞു. എന്നാൽ അവൻ യുവാവ് ആകകൊണ്ട് പേടിച്ച് വാൾ ഊരാതെ നിന്നു. അപ്പോൾ സേബഹും സൽമുന്നയും: “നീ തന്നെ എഴുന്നേറ്റ് ഞങ്ങളെ കൊല്ലുക; ആളെപ്പോലെയല്ലോ അവന്‍റെ ബലം” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു. അനന്തരം യിസ്രായേല്യർ ഗിദെയോനോട്: “നീ ഞങ്ങളെ മിദ്യാന്യരിൽ നിന്ന് രക്ഷിച്ചിരിക്കകൊണ്ട് നീ ഞങ്ങളെ ഭരിക്കേണം; അങ്ങനെ തന്നെ നിന്‍റെ മകനും മകന്‍റെ മകനും” എന്നു പറഞ്ഞു. ഗിദെയോൻ അവരോട്: “ഞാനോ എന്‍റെ മകനോ നിങ്ങളെ ഭരിക്കയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു. പിന്നെ ഗിദെയോൻ അവരോട്: “നിങ്ങളോടു എനിക്ക് ഒരു അപേക്ഷ ഉണ്ട്; നിങ്ങളിൽ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്ക് തരേണം” എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു. “ഞങ്ങൾ സന്തോഷത്തോടെ തരാം” എന്ന് അവർ പറഞ്ഞു. ഒരു വസ്ത്രം വിരിച്ച് ഒരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു. അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്‍റെ തൂക്കം ആയിരത്തെഴുനൂറു ശേക്കൽ ആയിരുന്നു; ഇതല്ലാതെ, ചന്ദ്രക്കലകളും പതക്കങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. ഗിദെയോൻ അതുകൊണ്ട് ഒരു എഫോദ് ഉണ്ടാക്കി തന്‍റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം യഹോവയെ വിട്ട് ആരാധനയ്ക്ക് അതിന്‍റെ അടുക്കൽ ചെന്നു; അത് ഗിദെയോനും അവന്‍റെ കുടുംബത്തിനും ഒരു കെണിയായി തീർന്നു. എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്‍റെ കാലത്ത് ദേശത്തിന് നാല്പതു വർഷം സ്വസ്ഥതയുണ്ടായി. യോവാശിന്‍റെ മകനായ യെരുബ്ബാൽ തന്‍റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു. ഗിദെയോന് വളരെ ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപത് പുത്രന്മാർ ഉണ്ടായിരുന്നു. ശെഖേമിലുള്ള അവന്‍റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക്ക് എന്നു അവൻ പേരിട്ടു. യോവാശിന്‍റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്‍റെ അപ്പനായ യോവാശിന്‍റെ കല്ലറയിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ 8:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു. അതിന്നു അവൻ: നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു? നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്കു അവനോടുള്ള കോപം ശമിച്ചു. അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു. അവൻ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു. നിന്റെ സൈന്യത്തിന്നു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു. അതിന്നു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു. അവിടെനിന്നു അവൻ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു. അവൻ പെനൂവേൽനിവാസികളോടു: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു. എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു. ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു. സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ് സൽമുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു. അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങിവരുമ്പോൾ സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേർ അവന്നു എഴുതിക്കൊടുത്തു. അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു. അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു. അവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു. പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരന്നു തുല്യൻ ആയിരുന്നു എന്നു അവർ ഉത്തരം പറഞ്ഞു. അതിന്നു അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾ തന്നേ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവയാണ്, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു. പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു. അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു. അനന്തരം യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു. ഗിദെയോൻ അവരോടു: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. പിന്നെ ഗിദെയോൻ അവരോടു: ഞാൻ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ടു അവർക്കു പൊൻകടുക്കൻ ഉണ്ടായിരുന്നു. ഞങ്ങൾ സന്തോഷത്തോടെ തരാം എന്നു അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു. അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. ഗിദെയോൻ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീർന്നു. എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി. യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു. ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്ക് എന്നു അവൻ പേരിട്ടു. യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ 8:1-32 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ എഫ്രയീമ്യർ ഗിദെയോനോട് ചോദിച്ചു: “നീ ഞങ്ങളോട് എന്താണിങ്ങനെ ചെയ്തത്? നീ മിദ്യാന്യരോട് യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?” അവർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു. അദ്ദേഹം അവരോട്, “നിങ്ങൾ നേടിയതിനോടു തുലനംചെയ്താൽ ഞാൻ ഈ ചെയ്തത് എത്ര നിസ്സാരം! അബിയേസെരിന്റെ മുന്തിരിക്കൊയ്ത്തിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കുകയല്ലയോ നല്ലത്? ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ഏൽപ്പിച്ചുതന്നത് നിങ്ങളുടെ കരങ്ങളിലല്ലയോ? നിങ്ങളോട് താരതമ്യംചെയ്താൽ എന്നെക്കൊണ്ടു സാധിച്ചത് എത്ര നിസ്സാരം!” ഈ മറുപടിയിൽ അവർക്ക് അദ്ദേഹത്തോടുള്ള കോപം ശമിച്ചു. ഗിദെയോനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നെങ്കിലും ശത്രുക്കളെ പിൻതുടർന്നുകൊണ്ട് അവർ യോർദാന്റെ അക്കരെ കടന്നു. അദ്ദേഹം സൂക്കോത്ത് നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള സൈന്യത്തിന് അൽപ്പം ഭക്ഷണം കൊടുക്കണമേ. അവർ ക്ഷീണിച്ചിരിക്കുന്നു. ഞാൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിൻതുടരുകയാണ്.” എന്നാൽ സൂക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കൈവശമായിക്കഴിഞ്ഞില്ലല്ലോ? അങ്ങനെയെങ്കിൽ ഞങ്ങൾ നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യമെന്ത്?” അപ്പോൾ ഗിദെയോൻ: “ആകട്ടെ; സേബഹിനെയും സൽമുന്നയെയും യഹോവ എന്റെ കൈയിൽ ഏൽപ്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും കീറിമുറിക്കും” എന്നു പറഞ്ഞു. അവിടെനിന്ന് അദ്ദേഹം പെനീയേലിലേക്ക് പോയി. അവരോടും അദ്ദേഹം ഭക്ഷണത്തിനായി അപേക്ഷിച്ചു. സൂക്കോത്ത് നിവാസികൾ പറഞ്ഞതുപോലെതന്നെ പെനീയേൽ നിവാസികളും ഉത്തരം പറഞ്ഞു. അദ്ദേഹം പെനീയേൽ നിവാസികളോട്, “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും” എന്നു പറഞ്ഞു. സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കു ദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരും കർക്കോരിൽ ആയിരുന്നു; പടയാളികളിൽ ഒരുലക്ഷത്തി ഇരുപതിനായിരം പേർ വധിക്കപ്പെട്ടിരുന്നു. ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള ദേശാന്തരികളുടെ വഴിയായി ചെന്ന് യുദ്ധം പ്രതീക്ഷിക്കാതിരുന്ന ആ സൈന്യത്തെ തോൽപ്പിച്ചു. മിദ്യാന്യ രാജാക്കന്മാരായിരുന്ന സേബഹും സൽമുന്നയും ഓടിപ്പോയി. ഗിദെയോൻ അവരെ പിൻതുടർന്നുപിടിച്ചു. സൈന്യത്തെ ഒക്കെയും ചിതറിച്ചുകളഞ്ഞു. യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധംകഴിഞ്ഞ് ഹേരെസ് ചുരംവഴി മടങ്ങി. വഴിയിൽ അദ്ദേഹം സൂക്കോത്ത് നിവാസികളിൽ ഒരു യുവാവിനെ പിടിച്ച് അവനെ ചോദ്യംചെയ്തു. അവൻ സൂക്കോത്തിലെ പ്രഭുക്കന്മാരും പട്ടണത്തലവന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേര് അദ്ദേഹത്തിന് എഴുതിക്കൊടുത്തു. പിന്നെ ഗിദെയോൻ സൂക്കോത്ത് നിവാസിളുടെ അടുക്കൽവന്ന്, “ ‘സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നീ കൈവശപ്പെടുത്തിക്കഴിഞ്ഞില്ലല്ലോ?’ അങ്ങനെയെങ്കിൽ ഞങ്ങൾ തളർന്നിരിക്കുന്ന നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യം എന്തെന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു. അവർ പട്ടണത്തലവന്മാരെ പിടിച്ച് കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് ശിക്ഷിച്ച് സൂക്കോത്ത് നിവാസികളെ ഒരു പാഠം പഠിപ്പിച്ചു. അതിനുശേഷം അദ്ദേഹം പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണനിവാസികളെ കൊന്നുകളഞ്ഞു. പിന്നെ ഗിദെയോൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു വധിച്ച പുരുഷന്മാർ എങ്ങനെയുള്ളവരായിരുന്നു” എന്നു ചോദിച്ചു. “അവർ താങ്കളെപ്പോലെയുള്ളവർ; ഓരോരുത്തനും രാജകുമാരനു തുല്യർ ആയിരുന്നു,” എന്ന് അവർ ഉത്തരം പറഞ്ഞു. അതിനു ഗിദെയോൻ: “അവർ എന്റെ സഹോദരന്മാർ ആയിരുന്നു; എന്റെ അമ്മയുടെ പുത്രന്മാർ. നിങ്ങൾ അവരെ ജീവനോടെ ശേഷിപ്പിച്ചിരുന്നു എങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു. പിന്നെ അയാൾ തന്റെ ആദ്യജാതനായ യേഥെരിനോട്, “അവരെ കൊല്ലുക!” എന്നു പറഞ്ഞു; എന്നാൽ യേഥെർ നന്നേ ചെറുപ്പമായിരുന്നതുകൊണ്ടും ഭയപ്പെട്ടിരുന്നതുകൊണ്ടും വാൾ ഊരിയില്ല. അപ്പോൾ സേബഹും സൽമുന്നയും, “താങ്കൾതന്നെ അതു ചെയ്യുക; ‘ആളിനെ കാണുന്നതുപോലുള്ള ബലമല്ലേ അയാൾക്കുള്ളൂ’ ” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങൾ എടുത്തു. ഇസ്രായേല്യർ ഗിദെയോനോട്: “താങ്കൾ ഞങ്ങളെ ഭരിക്കുക, അങ്ങനെതന്നെ താങ്കളുടെ മകനും താങ്കളുടെ പൗത്രനും—മിദ്യാന്യരുടെ കൈയിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിച്ചല്ലോ!” എന്നാൽ ഗിദെയോൻ അവരോട്; “ഞാൻ നിങ്ങളെ ഭരിക്കുകയില്ല; എന്റെ മകനും ഭരിക്കുകയില്ല. യഹോവ നിങ്ങളെ ഭരിക്കും” എന്നു പറഞ്ഞു. പിന്നെ ഗിദെയോൻ അവരോടു പറഞ്ഞു: “എനിക്ക് ഒരു അപേക്ഷയേയുള്ളൂ; കൊള്ളയിൽ കിട്ടിയ കർണാഭരണങ്ങൾ നിങ്ങൾ ഓരോരുത്തരും എനിക്കു നൽകണം.” (അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് സ്വർണംകൊണ്ടുള്ള കർണാഭരണം ധരിച്ചിരുന്നു.) “ഞങ്ങൾ സന്തോഷത്തോടെ തരാം,” അവർ പറഞ്ഞു. ഒരു വസ്ത്രം വിരിച്ച് ഓരോരുത്തന് കൊള്ളയിൽ കിട്ടിയ ഓരോ സ്വർണക്കടുക്കൻ അതിലിട്ടു. അവൻ ചോദിച്ചുവാങ്ങിയ സ്വർണക്കടുക്കന്റെ തൂക്കം ആയിരത്തിയെഴുനൂറു ശേക്കേൽ ആയിരുന്നു; വസ്ത്രത്തിന്റെ എണ്ണം എടുത്തിരുന്നില്ല. ഇതു കൂടാതെ ആഭരണങ്ങളും കുണ്ഡലങ്ങളും മിദ്യാന്യ രാജാക്കന്മാർ ധരിച്ചിരുന്ന ഊതവർണ വസ്ത്രങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. ഗിദെയോൻ ആ സ്വർണംകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; ഇസ്രായേലെല്ലാം അതിനെ ആരാധിച്ചുകൊണ്ട് പരസംഗംചെയ്തു. അതു ഗിദെയോനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. മിദ്യാൻ ഇസ്രായേൽജനത്തിനു കീഴടങ്ങി, പിന്നെ തലപൊക്കിയതുമില്ല, ഗിദെയോന്റെ ജീവിതകാലത്തു നാൽപ്പതുവർഷം ദേശത്തു സ്വസ്ഥതയുണ്ടായി. യോവാശിന്റെ മകനായ യെരൂ-ബാൽ തന്റെ വീട്ടിൽ മടങ്ങിവന്നു. ഗിദെയോന് നിരവധി ഭാര്യമാർ ഉണ്ടായിരുന്നു. സ്വന്തം മക്കളായിട്ടുതന്നെ എഴുപതു പുത്രന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. ശേഖേമിലുള്ള അദ്ദേഹത്തിന്റെ വെപ്പാട്ടിയും അദ്ദേഹത്തിനൊരു മകനെ പ്രസവിച്ചു. അബീമെലെക്ക് എന്ന് അവനു പേരിട്ടു. യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അദ്ദേഹത്തെ അബിയേസ്രിയർക്കുള്ള ഒഫ്രയിൽ അദ്ദേഹത്തിന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.