ന്യായാധിപന്മാർ 8:1-3
ന്യായാധിപന്മാർ 8:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധം ചെയ്വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്വാൻ എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു. അതിന് അവൻ: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കയല്ലയോ നല്ലത്? നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
ന്യായാധിപന്മാർ 8:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എഫ്രയീമ്യർ ഗിദെയോനോടു ചോദിച്ചു: “മിദ്യാന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ എന്തുകൊണ്ടാണ് ഞങ്ങളെ വിളിക്കാഞ്ഞത്? ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്?” അവർ അദ്ദേഹത്തെ കഠിനമായി കുറ്റപ്പെടുത്തി. “അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രവൃത്തിയോട് തുലനം ചെയ്താൽ എന്റെ പ്രവൃത്തി എത്ര നിസ്സാരം. അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലേ കൂടുതൽ മെച്ചം.” “മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ദൈവം നിങ്ങളുടെ കൈയിൽ ഏല്പിച്ചു. അതുമായി താരതമ്യപ്പെടുത്താൻവിധം ഞാൻ എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ?” ഇതു കേട്ടപ്പോൾ അവരുടെ കോപം ശമിച്ചു.
ന്യായാധിപന്മാർ 8:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ എഫ്രയീമ്യർ: “നീ മിദ്യാന്യരോട് യുദ്ധം ചെയ്വാൻ പോയപ്പോൾ ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചില്ല? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ സംഗതി എന്ത്?” എന്നു പറഞ്ഞ് അവനെ ഉഗ്രമായി ശാസിച്ചു. അതിന് അവൻ: “നിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഈ ചെയ്തത് എന്തുള്ളു? അബീയേസെരിന്‍റെ മുന്തിരിവിളവെടുപ്പിനേക്കാൾ എഫ്രയീമിന്‍റെ കാലാ പെറുക്കലല്ലയോ നല്ലത്? നിങ്ങളുടെ കയ്യിലല്ലയോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങൾ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്തത് ഒന്നുമില്ല” എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.
ന്യായാധിപന്മാർ 8:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു. അതിന്നു അവൻ: നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു? നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്കു അവനോടുള്ള കോപം ശമിച്ചു.
ന്യായാധിപന്മാർ 8:1-3 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ എഫ്രയീമ്യർ ഗിദെയോനോട് ചോദിച്ചു: “നീ ഞങ്ങളോട് എന്താണിങ്ങനെ ചെയ്തത്? നീ മിദ്യാന്യരോട് യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?” അവർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു. അദ്ദേഹം അവരോട്, “നിങ്ങൾ നേടിയതിനോടു തുലനംചെയ്താൽ ഞാൻ ഈ ചെയ്തത് എത്ര നിസ്സാരം! അബിയേസെരിന്റെ മുന്തിരിക്കൊയ്ത്തിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കുകയല്ലയോ നല്ലത്? ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ഏൽപ്പിച്ചുതന്നത് നിങ്ങളുടെ കരങ്ങളിലല്ലയോ? നിങ്ങളോട് താരതമ്യംചെയ്താൽ എന്നെക്കൊണ്ടു സാധിച്ചത് എത്ര നിസ്സാരം!” ഈ മറുപടിയിൽ അവർക്ക് അദ്ദേഹത്തോടുള്ള കോപം ശമിച്ചു.