ന്യായാധിപന്മാർ 6:6-16
ന്യായാധിപന്മാർ 6:6-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്കു തന്നു. യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല. അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻകീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു. ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അദ്ഭുതങ്ങളൊക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു. അവൻ അവനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.
ന്യായാധിപന്മാർ 6:6-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യർ നിമിത്തം ഇസ്രായേൽജനം വളരെ ക്ഷയിച്ചു. അവർ സർവേശ്വരനോടു നിലവിളിച്ചു. മിദ്യാന്യരിൽനിന്നു രക്ഷിക്കാൻ ഇസ്രായേൽജനം സർവേശ്വരനെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: അടിമവീടായ ഈജിപ്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിച്ചുകൊണ്ടുവന്നു. ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകലരുടെയും കൈയിൽനിന്നു ഞാൻ നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ മുമ്പിൽനിന്ന് ഞാൻ അവരെ തുരത്തി; അവരുടെ ദേശം നിങ്ങൾക്കു നല്‌കുകയും ചെയ്തു. “ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരൻ. നിങ്ങൾ നിവസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ആരാധിക്കരുതെന്നു ഞാൻ നിങ്ങളോടു കല്പിച്ചു; എന്നാൽ നിങ്ങൾ അതു ഗണ്യമാക്കിയില്ല.” അബിയേസ്ര്യവംശജനായ യോവാശിന്റെ ഒഫ്രയിലുള്ള കരുവേലകത്തിന്റെ കീഴിൽ സർവേശ്വരന്റെ ദൂതൻ വന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ, മിദ്യാന്യർ കാണാതിരിക്കാൻവേണ്ടി മുന്തിരിച്ചക്കിൽ കോതമ്പു മെതിക്കുകയായിരുന്നു. സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.” ഗിദെയോൻ ദൂതനോടു പറഞ്ഞു: “പ്രഭോ, സർവേശ്വരൻ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അദ്ഭുതങ്ങൾ പ്രവർത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാർ ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികൾ എവിടെ? ഇപ്പോൾ സർവേശ്വരൻ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.” സർവേശ്വരൻ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്റെ സർവശക്തിയോടുംകൂടെ പോയി ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു രക്ഷിക്കുക. ഞാൻ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.” ഗിദെയോൻ പറഞ്ഞു: “സർവേശ്വരാ, ഇസ്രായേലിനെ ഞാൻ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തിൽ വച്ച് എന്റെ കുലം ദുർബലവും; ഞാനാകട്ടെ എന്റെ കുടുംബത്തിൽ ഏറ്റവും നിസ്സാരനും ആകുന്നു.” അവിടുന്നു പറഞ്ഞു: “ഞാൻ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.”
ന്യായാധിപന്മാർ 6:6-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു. യിസ്രായേൽ മക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ ഒരു പ്രവാചകനെ യിസ്രായേൽ മക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോട് പറഞ്ഞത്: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്ന് നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരിൽ നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരിൽ നിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്ക് തന്നു. യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോട് കല്പിച്ചു; എന്നാൽ നിങ്ങളോ എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല.” അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്” എന്ന് അവനോട് പറഞ്ഞു. ഗിദെയോൻ അവനോട്: “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: “നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത്“ എന്നു പറഞ്ഞു. അവൻ യഹോവയോട്: “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ“ എന്നു പറഞ്ഞു. യഹോവ അവനോട്: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോല്പിക്കും“ എന്നു കല്പിച്ചു.
ന്യായാധിപന്മാർ 6:6-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യിൽനിന്നും ഞാൻ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്കു തന്നു. യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല. അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.
ന്യായാധിപന്മാർ 6:6-16 സമകാലിക മലയാളവിവർത്തനം (MCV)
ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു. മിദ്യാന്യരുടെ നിമിത്തം ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു; അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന്, അടിമദേശത്തുനിന്നുതന്നെ കൊണ്ടുവന്നു; ഈജിപ്റ്റിന്റെ അധികാരത്തിൽനിന്ന്, നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നുതന്നെ, ഞാൻ നിങ്ങളെ വിടുവിച്ചു; നിങ്ങളുടെമുമ്പിൽനിന്ന് അവരെ ഓടിച്ചു; അവരുടെ ദേശം നിങ്ങൾക്ക് നൽകി. യഹോവയായ ഞാൻ ആകുന്നു നിങ്ങളുടെ ദൈവം; നിങ്ങൾ വസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ വന്ദിക്കരുതെന്നും ഞാൻ നിങ്ങളോടു കൽപ്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല.” യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.” യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു. “അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു. യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.”