ന്യായാധിപന്മാർ 6:37-40

ന്യായാധിപന്മാർ 6:37-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ രോമമുള്ള ഒരു ആട്ടിൻതോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്നു ഞാൻ അറിയുമെന്നു പറഞ്ഞു. അങ്ങനെതന്നെ സംഭവിച്ചു; അവൻ പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോട്: നിന്റെ കോപം എന്റെ നേരേ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു. അന്നു രാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.

ന്യായാധിപന്മാർ 6:37-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ ആട്ടിൻരോമംകൊണ്ടുള്ള വസ്ത്രം കോതമ്പുകളത്തിൽ വിരിക്കുന്നു; അതുമാത്രം മഞ്ഞുവെള്ളംകൊണ്ടു നനയുകയും നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്താൽ അവിടുന്ന് ഇസ്രായേലിനെ രക്ഷിക്കാൻ എന്നെ നിയോഗിച്ചിരിക്കുന്നു എന്നു ഞാൻ അറിയും.” അത് അങ്ങനെ സംഭവിച്ചു. ഗിദെയോൻ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ് ആ വസ്ത്രം പിഴിഞ്ഞപ്പോൾ ഒരു പാത്രം നിറയെ മഞ്ഞുവെള്ളം ലഭിച്ചു. ഗിദെയോൻ വീണ്ടും ദൈവത്തോടു പറഞ്ഞു: “അങ്ങയുടെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഒരിക്കൽകൂടി ഞാൻ സംസാരിച്ചുകൊള്ളട്ടെ; രോമവസ്ത്രംകൊണ്ട് ഒരു പരീക്ഷണം കൂടി നടത്താൻ അനുവദിച്ചാലും. ഇത്തവണ വസ്ത്രം ഉണങ്ങിയിരിക്കുകയും നിലമെല്ലാം നനഞ്ഞിരിക്കുകയും ചെയ്യാൻ ഇടവരുത്തിയാലും.” ആ രാത്രിയിൽ ദൈവം അപ്രകാരം പ്രവർത്തിച്ചു. രോമവസ്ത്രം മാത്രം ഉണങ്ങിയും മഞ്ഞുകൊണ്ടു നിലമെല്ലാം നനഞ്ഞും കാണപ്പെട്ടു.

ന്യായാധിപന്മാർ 6:37-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും“ എന്നു പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു; അവൻ പിറ്റെന്ന് അതികാലത്ത് എഴുന്നേറ്റ് തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു പാത്രം നിറെച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോട്: “അടിയനോട് കോപിക്കരുതേ; ഞാൻ ഒരിക്കൽ കൂടി സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു തവണ കൂടി പരീക്ഷിപ്പാൻ അനുവദിക്കേണമേ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ ഇടയാക്കേണമേ“ എന്നു പറഞ്ഞു. അന്ന് രാത്രി ദൈവം അങ്ങനെ തന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരുന്നു.

ന്യായാധിപന്മാർ 6:37-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു. അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോടു: നിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു. അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.

ന്യായാധിപന്മാർ 6:37-40 സമകാലിക മലയാളവിവർത്തനം (MCV)

ഇതാ, ഞാൻ രോമമുള്ളൊരു ആട്ടിൻതുകൽ മെതിക്കളത്തിൽ വിരിക്കുന്നു. തുകലിന്മേൽ മഞ്ഞുണ്ടായിരിക്കുകയും നിലമൊക്കെയും ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും.” അങ്ങനെതന്നെ സംഭവിച്ചു; അദ്ദേഹം പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റ് തുകൽ പിഴിഞ്ഞു. മഞ്ഞുവെള്ളം ഒരു പാത്രം നിറച്ചെടുത്തു. ഗിദെയോൻ പിന്നെയും ദൈവത്തോട്, “അങ്ങ് എന്നോടു കോപിക്കരുതേ; ഒരു അപേക്ഷകൂടെ ഞാൻ കഴിച്ചുകൊള്ളട്ടെ. തുകൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിക്കാൻ എന്നെ അനുവദിച്ചാലും: തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരിക്കട്ടെ” എന്നു പറഞ്ഞു. അന്നുരാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.