ന്യായാധിപന്മാർ 6:28-32

ന്യായാധിപന്മാർ 6:28-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു. അതിനരികെയുള്ള അശേരാപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ച്, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തത് എന്നു കേട്ടു. പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തു കൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിനരികത്ത് ഉണ്ടായിരുന്ന അശേരാപ്രതിഷ്ഠയെയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിനുവേണ്ടി നിങ്ങളോ വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കുന്നത്? അവനുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നെ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻതന്നെ തന്റെ കാര്യം വ്യവഹരിക്കട്ടെ. ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരേ വ്യവഹരിക്കട്ടെ എന്നു പറഞ്ഞ് അവന് അന്നു യെരുബ്ബാൽ എന്നു പേരിട്ടു.

ന്യായാധിപന്മാർ 6:28-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അടുത്ത ദിവസം പട്ടണവാസികൾ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർന്നു കിടക്കുന്നതും അശേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നതും പുതുതായി നിർമ്മിച്ച യാഗപീഠത്തിൽ രണ്ടാമത്തെ കാളയെ യാഗമായി അർപ്പിച്ചിരിക്കുന്നതും കണ്ടു. ആരാണ് ഇതു ചെയ്തത് എന്ന് അവർ പരസ്പരം ചോദിച്ചു; യോവാശിന്റെ പുത്രനായ ഗിദെയോനാണ് ഇതു ചെയ്തതെന്ന് അവർക്കു മനസ്സിലായി. അപ്പോൾ പട്ടണവാസികൾ യോവാശിനോടു പറഞ്ഞു: “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം തകർക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തിരിക്കുന്നുവല്ലോ.” തനിക്കെതിരെ അണിനിരന്നവരോടു യോവാശ് പറഞ്ഞു: “ബാലിനുവേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? ബാലിനുവേണ്ടി വാദിക്കുന്നവൻ നേരം വെളുക്കുന്നതിനു മുമ്പുതന്നെ കൊല്ലപ്പെടണം. ബാൽ ദൈവമാണെങ്കിൽ, അവൻ സ്വയം പോരാടട്ടെ; ബാലിന്റെ ബലിപീഠം അല്ലേ തകർക്കപ്പെട്ടത്.” ബാലിന്റെ ബലിപീഠം തകർത്തതിനാൽ ബാൽതന്നെ അവനെതിരായി പോരാടട്ടെ എന്നർഥമുള്ള ‘യെരുബ്ബാൽ’ എന്നു ഗിദെയോനു പേരുണ്ടായി.

ന്യായാധിപന്മാർ 6:28-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്‍റെ ബലിപീഠം ഇടിഞ്ഞിരിക്കുന്നതും അതിന്നരികെയുള്ള വിഗ്രഹം വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽതമ്മിൽ ചോദിച്ചു; അന്വേഷിച്ചപ്പോൾ യോവാശിന്‍റെ മകനായ ഗിദെയോൻ ആകുന്നു എന്ന് മനസ്സിലായി. പട്ടണക്കാർ യോവാശിനോട്: “നിന്‍റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്‍റെ ബലിപീഠം ഇടിച്ച് അതിനരികെ ഉണ്ടായിരുന്ന വിഗ്രഹത്തെ വെട്ടിക്കളഞ്ഞിരിക്കുന്നു“ എന്നു പറഞ്ഞു. യോവാശ് തനിക്കു ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: “ബാലിന് വേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? അവന് വേണ്ടി വാദിക്കുന്നവൻ ഇന്ന് രാവിലെ തന്നെ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്‍റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ട്, താൻ തന്നെ തന്‍റെ കാര്യം വാദിക്കട്ടെ.“ ഇവൻ അവന്‍റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ “ബാല്‍ ഇവന്‍റെ നേരെ വാദിക്കട്ടെ“ എന്നു പറഞ്ഞ് അവന് അന്ന് “യെരുബ്ബാൽ“ എന്നു പേരിട്ടു.

ന്യായാധിപന്മാർ 6:28-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. ഇതു ചെയ്തതു ആരെന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തതു എന്നു കേട്ടു. പട്ടണക്കാർ യോവാശിനോടു: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞതു: ബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ. ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.

ന്യായാധിപന്മാർ 6:28-32 സമകാലിക മലയാളവിവർത്തനം (MCV)

പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു! “ആരാണ് ഇതു ചെയ്തത്?” അവർ പരസ്പരം ചോദിച്ചു. സൂക്ഷ്മമായ അന്വേഷണത്തിൽ, “യോവാശിന്റെ പുത്രനായ ഗിദെയോനാണ് അതു ചെയ്തത്” എന്നറിഞ്ഞു. പട്ടണക്കാർ യോവാശിനോട്, “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചുനശിപ്പിച്ചു; അതിനടുത്തുണ്ടായിരുന്ന അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തി” എന്നു പറഞ്ഞു. യോവാശ് തനിക്കു വിരോധമായി ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു: “നിങ്ങളോ ബാലിനുവേണ്ടി വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നത്? അവനുവേണ്ടി ആർ വ്യവഹരിക്കുന്നോ അയാൾ ഇന്നുരാവിലെതന്നെ മരിക്കണം! ബാൽ യഥാർഥ ദേവനെങ്കിൽ, തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞപ്പോൾ അവൻ അതിനെ സംരക്ഷിക്കുമായിരുന്നു.” ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു.