ന്യായാധിപന്മാർ 6:25-27

ന്യായാധിപന്മാർ 6:25-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുചെന്ന് നിന്റെ അപ്പനുള്ള ബാലിൻബലിപീഠം ഇടിച്ച് അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളക. ഈ ദുർഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവയ്ക്ക് നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക. ഗിദെയോൻ തന്റെ വേലക്കാരിൽ പത്തു പേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

ന്യായാധിപന്മാർ 6:25-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആ രാത്രിയിൽ സർവേശ്വരൻ ഗിദെയോനോടു കല്പിച്ചു: “നിന്റെ പിതാവ് ആരാധിക്കുന്ന ബാലിന്റെ ബലിപീഠം ഇടിച്ചു നിരത്തുകയും അതിന്റെ അടുത്തുള്ള അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക. ഈ കോട്ടയുടെ മുകളിൽ കല്ലുകൾ യഥാക്രമം അടുക്കി നിന്റെ ദൈവമായ സർവേശ്വരന് ഒരു യാഗപീഠം നിർമ്മിക്കുക; നിന്റെ പിതാവിന്റെ ഏഴു വയസ്സായ രണ്ടാമത്തെ കാളയെ അവിടെ ഹോമയാഗമായി അർപ്പിക്കണം. വെട്ടിവീഴ്ത്തിയ അശേരാപ്രതിഷ്ഠയുടെ വിറക് അതിന് ഉപയോഗിക്കാം. ഗിദെയോൻ തന്റെ ഭൃത്യന്മാരിൽ പത്തു പേരെ കൂട്ടിക്കൊണ്ടുപോയി അവിടുന്നു തന്നോടു കല്പിച്ചതുപോലെ പ്രവർത്തിച്ചു. സ്വന്തം കുടുംബക്കാരെയും പട്ടണവാസികളെയും ഭയപ്പെട്ടിരുന്നതുകൊണ്ട് പകൽ സമയത്തല്ല, രാത്രിയിലായിരുന്നു അതു ചെയ്തത്.

ന്യായാധിപന്മാർ 6:25-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: “നിന്‍റെ അപ്പന്‍റെ ഏഴുവയസ്സുള്ളതും ഇളയതുമായ രണ്ടാമത്തെ കാളയെ യാഗം കഴിക്കേണ്ടതിനു അപ്പന്‍റെ ബാല്‍ ബലിപീഠം ഇടിച്ചു, അതിന്നരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളക. അതിനുശേഷം ഈ പാറമേൽ നിന്‍റെ ദൈവമായ യഹോവയുടെ നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ കാളയെ എടുത്ത് നീ വെട്ടിക്കളയുന്ന വിഗ്രഹത്തിന്‍റെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.“ ഗിദെയോൻ തന്‍റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോട് കല്പിച്ചതുപോലെ ചെയ്തു. എന്നാൽ അവൻ തന്‍റെ പിതാവിന്‍റെ ഭവനക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ട് പകൽ സമയത്ത് ചെയ്യാതെ രാത്രിയിൽ ചെയ്തു.

ന്യായാധിപന്മാർ 6:25-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിൻബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക. ഈ ദുർഗ്ഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവെക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക. ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്തു അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

ന്യായാധിപന്മാർ 6:25-27 സമകാലിക മലയാളവിവർത്തനം (MCV)

അന്നുരാത്രി യഹോവ അദ്ദേഹത്തോട് കൽപ്പിച്ചു: “നിന്റെ പിതാവിന്റെ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരിക; നിന്റെ പിതാവിന്റെ വകയായ ബാലിന്റെ ബലിപീഠം ഇടിച്ചുനിരത്തി അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളയുക. ഈ മലമുകളിലെ കോട്ടയിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അനുയോജ്യമായ ഒരു യാഗപീഠം പണിയുക. നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ആ രണ്ടാമത്തെ കാളയെ ഹോമയാഗം കഴിക്കണം.” ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ചെയ്തു; എന്നാൽ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും ഭയന്ന് അദ്ദേഹം പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.