ന്യായാധിപന്മാർ 4:1-8
ന്യായാധിപന്മാർ 4:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഹാസോരിൽ വാണ കനാന്യരാജാവായ യാബീന് വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാർത്തിരുന്ന സീസെര ആയിരുന്നു. അവനു തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു. അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന് അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വിളിപ്പിച്ച് അവനോട്: നീ പുറപ്പെട്ടു താബോർപർവതത്തിൽ ചെന്ന് നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക; ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കൈയിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ബാരാക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.
ന്യായാധിപന്മാർ 4:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏഹൂദിന്റെ മരണശേഷം വീണ്ടും ഇസ്രായേൽജനം സർവേശ്വരന് ഹിതകരമല്ലാത്തതു പ്രവർത്തിച്ചു. അപ്പോൾ അവരെ അവിടുന്ന് ഹാസോരിൽ വാണിരുന്ന കനാന്യരാജാവായ യാബീനിന് ഏല്പിച്ചുകൊടുത്തു. വിജാതീയ പട്ടണമായ ഹാരോശെത്തിൽ പാർത്തിരുന്ന സീസെര ആയിരുന്നു അയാളുടെ സൈന്യാധിപൻ. അയാൾക്കു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. ഇരുപതു വർഷം അയാൾ ഇസ്രായേൽജനത്തെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് അവർ സഹായത്തിനുവേണ്ടി സർവേശ്വരനോടു നിലവിളിച്ചു. ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്നൊരു പ്രവാചകി ആയിരുന്നു അക്കാലത്ത് ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. എഫ്രയീംമലനാട്ടിൽ രാമായ്‍ക്കും ബേഥേലിനും ഇടയ്‍ക്കുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴിൽ ദെബോരാ ഇരിക്കുക പതിവായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേൽജനം അവരെ സമീപിച്ചിരുന്നു. അവർ അബീനോവാമിന്റെ പുത്രനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വരുത്തിപ്പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നോടു കല്പിക്കുന്നു. നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽനിന്നു പതിനായിരം പേരെ താബോർ മലയിലേക്ക് കൂട്ടിക്കൊണ്ടു വരിക. യാബീനിന്റെ സൈന്യാധിപനായ സീസെരയെ രഥങ്ങളോടും സൈന്യത്തോടും കൂടെ കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ ഞാൻ കൊണ്ടുവരും; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും.” ബാരാക് ദെബോരായോട് പറഞ്ഞു: “നിങ്ങൾ എന്നോടൊപ്പം വന്നാൽ ഞാൻ പോകാം; ഇല്ലെങ്കിൽ ഞാൻ പോകുകയില്ല.”
ന്യായാധിപന്മാർ 4:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഏഹൂദിന്‍റെ മരണശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു. അപ്പോൾ ഹാസോർ ഭരിച്ചിരുന്ന കനാന്യരാജാവായ യാബീന് യഹോവ അവരെ വിറ്റുകളഞ്ഞു. അവന്‍റെ സൈന്യാധിപനായ സീസെര മറ്റ് ജനതകൾ പാർത്തിരുന്ന ഹരോശെത്ത് ഹഗോമയിൽ നിന്നുള്ളവൻ ആയിരുന്നു. യാബീന് തൊള്ളായിരം ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നു. അവൻ യിസ്രായേൽ മക്കളെ ഇരുപതു വർഷം അതികഠിനമായി കഷ്ടപ്പെടുത്തിയതിനാൽ അവർ യഹോവയോട് നിലവിളിച്ചു. ആ കാലത്ത് ലപ്പീദോത്തിന്‍റെ ഭാര്യ പ്രവാചകിയായ ദെബോരാ ആയിരുന്നു യിസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. അവൾ എഫ്രയീംപർവ്വതത്തിൽ രാമായ്ക്കും ബേഥേലിനും ഇടയിലുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴിൽ ഇരിക്കുന്നതും യിസ്രായേൽ മക്കൾ ന്യായവിസ്താരത്തിനായി അവളുടെ അടുക്കൽ ചെല്ലുന്നതും പതിവായിരുന്നു. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിയിലെ കാദേശിൽ നിന്ന് വിളിപ്പിച്ച് അവനോട്: “താബോർപർവ്വതത്തിൽ സൈന്യങ്ങളെ അണിനിരത്തുക; ആകയാൽ നീ പുറപ്പെട്ടു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരംപേരെ ചേർത്തുകൊള്ളുക. ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിനരികെ നിനക്കെതിരെ അണിനിരത്തും; അവനെ നിന്‍റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല” എന്നു പറഞ്ഞു.
ന്യായാധിപന്മാർ 4:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഹാസോരിൽവാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാർത്തിരുന്ന സീസെരാ ആയിരുന്നു. അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു. അവൾ എഫ്രയീംപർവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്‒നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപർവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക; ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ബാരാക്ക് അവളോടു: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.
ന്യായാധിപന്മാർ 4:1-8 സമകാലിക മലയാളവിവർത്തനം (MCV)
ഏഹൂദ് മരിച്ചശേഷം ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ ഹാസോരിലെ കനാന്യരാജാവായ യാബീന് അവരെ വിറ്റുകളഞ്ഞു; ഹരോശെത്ത്-ഹഗോയിമിൽ പാർത്തിരുന്ന സീസെര ആയിരുന്നു അദ്ദേഹത്തിന്റെ സൈന്യാധിപൻ. തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്ന സീസെര ഇസ്രായേൽമക്കളെ ഇരുപതുവർഷം അതിക്രൂരമായി പീഡിപ്പിച്ചു. അപ്പോൾ ഇസ്രായേൽജനം സഹായത്തിനായി യഹോവയോടു നിലവിളിച്ചു. ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്. അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും. അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക; ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും.” ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.