ന്യായാധിപന്മാർ 20:1-17
ന്യായാധിപന്മാർ 20:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യിസ്രായേൽമക്കളൊക്കെയും പുറപ്പെട്ട് ദാൻമുതൽ ബേർ-ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി. യിസ്രായേലിന്റെ സകല ഗോത്രങ്ങളുമായ സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു.- യിസ്രായേൽമക്കൾ മിസ്പായിലേക്കു പോയി എന്ന് ബെന്യാമീന്യർ കേട്ടു.-അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞത്: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്ത് ഗിബെയയിൽ രാപാർപ്പാൻ ചെന്നു. എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരേ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി. അവർ യിസ്രായേലിൽ ദുഷ്കർമവും വഷളത്തവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ. അപ്പോൾ സർവജനവും ഒന്നായിട്ട് എഴുന്നേറ്റ് പറഞ്ഞത്: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുത്; ആരും വീട്ടിലേക്കു തിരികയും അരുത്. നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിത്: നാം അതു സംബന്ധിച്ചു ചീട്ടിടേണം; അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്തത്തിനും പകരം ചെയ്യേണ്ടതിന് ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കുവേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറു പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം. അങ്ങനെ യിസ്രായേല്യരൊക്കെയും ആ പട്ടണത്തിനു വിരോധമായി ഏകമനസ്സോടെ യോജിച്ചു. പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നത് എന്ത്? ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചുതരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോടു യുദ്ധത്തിനു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി. അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറായിരം ആയുധപാണികൾ ഉണ്ടെന്ന് എണ്ണം കണ്ടു. ഈ ജനത്തിലെല്ലാം ഇടത്തുകൈയന്മാരായ എഴുനൂറ് വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിനുപോലും ഏറുപിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു. ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നെ.
ന്യായാധിപന്മാർ 20:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിലെയാദ്‍ദേശം ഉൾപ്പെടെ, ദാൻമുതൽ ബേർ-ശേബവരെയുള്ള ഇസ്രായേൽജനമെല്ലാം ഏകമനസ്സോടെ മിസ്പായിൽ സർവേശ്വരസന്നിധിയിൽ ഒന്നിച്ചുകൂടി. ഇസ്രായേൽഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാൾ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാൾപ്പടയും ദൈവജനത്തിന്റെ ഈ സമ്മേളനത്തിൽ വന്നുകൂടി; ഇസ്രായേൽജനം മിസ്പായിലേക്കു പോയിരിക്കുന്ന വിവരം ബെന്യാമീൻഗോത്രക്കാർ അറിഞ്ഞു. ആ നീചപ്രവൃത്തി എങ്ങനെ സംഭവിച്ചു എന്നു ജനത്തോടു പറയാൻ ഇസ്രായേൽജനം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ ഉപഭാര്യയും കൂടി ബെന്യാമീന്യരുടെ വകയായ ഗിബെയായിൽ രാപാർക്കാൻ ചെന്നു. ഗിബെയാനിവാസികൾ എനിക്കെതിരെ സംഘടിച്ചു. രാത്രിയിൽ വീടു വളഞ്ഞ് എന്നെ കൊല്ലാൻ ഭാവിച്ചു; അവർ എന്റെ ഉപഭാര്യയെ ബലാൽക്കാരം ചെയ്തു; അങ്ങനെ അവൾ മരിച്ചു. ഞാൻ അവളെ കഷണങ്ങളായി നുറുക്കി ഇസ്രായേൽജനത്തിന്റെ ദേശത്തെല്ലാം കൊടുത്തയച്ചു. തികച്ചും മ്ലേച്ഛമായ പ്രവൃത്തിയാണല്ലോ അവർ ചെയ്തത്. നിങ്ങളെല്ലാം ഇസ്രായേല്യരാണല്ലോ; ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ അഭിപ്രായവും ഉപദേശവും അറിയിക്കുക.” അവിടെ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞു: “ഞങ്ങളിൽ ഒരാൾപോലും സ്വന്തം കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകുന്നില്ല. ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം; നറുക്കിട്ട് ഏതാനും പേരെ തിരഞ്ഞെടുക്കാം; അവർ അവരെ ആക്രമിക്കട്ടെ. ബെന്യാമീൻഗോത്രത്തിൽപ്പെട്ട ഗിബെയാക്കാർ പ്രവർത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാൻ അവർ പോകുമ്പോൾ അവർക്കുവേണ്ട ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം. ഇസ്രായേൽജനമെല്ലാം ആ പട്ടണത്തിനെതിരെ ഒറ്റക്കെട്ടായി നിന്നു. പിന്നീട് ഇസ്രായേൽഗോത്രക്കാർ ബെന്യാമീൻഗോത്രക്കാരുടെ ഇടയിൽ ദൂതന്മാരെ അയച്ചു; അവരെ അറിയിച്ചു. “എത്ര ഹീനമായ പ്രവൃത്തിയാണു നിങ്ങളുടെ ഇടയിൽ നടന്നത്. ഗിബെയായിലെ ആ നീചന്മാരെ വിട്ടുതരിക; ഞങ്ങൾ അവരെ കൊന്ന് ഇസ്രായേലിൽനിന്ന് ഈ തിന്മ നീക്കിക്കളയട്ടെ.” എന്നാൽ ബെന്യാമീൻഗോത്രക്കാർ തങ്ങളുടെ സഹോദരരായ ഇസ്രായേൽജനത്തിന്റെ വാക്ക് അനുസരിച്ചില്ല. ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അവർ തങ്ങളുടെ സ്വന്തം പട്ടണങ്ങളിൽനിന്നു വന്നു ഗിബെയായിൽ ഒന്നിച്ചുകൂടി. ഗിബെയായിൽനിന്നുതന്നെ തിരഞ്ഞെടുത്ത സമർഥന്മാരായ എഴുനൂറു പേരെ കൂടാതെ ആയുധധാരികളായ ഇരുപത്തിയാറായിരം പേർ അവിടെ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ ഉണ്ടായിരുന്ന ഇടതുകൈയന്മാരായ എഴുനൂറു സമർഥന്മാരിൽ ഓരോരുത്തനും തലനാരിഴക്കുപോലും ഉന്നം തെറ്റാത്ത കവണക്കാർ ആയിരുന്നു. ബെന്യാമീൻഗോത്രക്കാർ ഒഴികെയുള്ള ആയുധധാരികളായ ഇസ്രായേല്യർ നാലു ലക്ഷം പേർ ഉണ്ടായിരുന്നു.
ന്യായാധിപന്മാർ 20:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം ദാൻ പ്രവശ്യ മുതൽ ബേർ-ശേബ പട്ടണം വരെയും, ഗിലെയാദ്‌ദേശത്തും ഉള്ള യിസ്രായേൽ മക്കൾ ഒക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി. യിസ്രായേലിന്‍റെ സകലഗോത്രങ്ങളിലെ ജനത്തിന്‍റെ എല്ലാ പ്രധാനികളും, ആയുധപാണികളായ നാലു ലക്ഷം കാലാളും ദൈവജനത്തിന്‍റെ സംഘത്തിൽ വന്നുനിന്നു. യിസ്രായേൽ മക്കൾ മിസ്പയിലേക്ക് പോയി എന്നു ബെന്യാമീന്യർ കേട്ടു. അപ്പോൾ യിസ്രായേൽ മക്കൾ: “ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്ന് പറവിൻ” എന്നു പറഞ്ഞതിന് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞത്: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്ത് ഗിബെയയിൽ രാപാർപ്പാൻ ചെന്നു. എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി. അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ.” അപ്പോൾ സർവ്വജനവും എഴുന്നേറ്റ് ഏകസ്വരത്തിൽ പറഞ്ഞത്: “നമ്മിൽ ആരും തന്‍റെ കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരികെപോകരുത്. നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്നത് സംബന്ധിച്ച് ചീട്ടിടേണം; അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ, അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം.” അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന് വിരോധമായി ഏകമനസ്സോടെ യോജിച്ചു. പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ച്: “നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു അധർമ്മം നടന്നത് എന്ത്? ഗിബെയയിലെ ആ വഷളന്മാരെ ഞങ്ങൾ കൊന്ന് യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചു തരുവിൻ” എന്നു പറയിച്ചു. ബെന്യാമീന്യരോ, യിസ്രായേൽ മക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽ മക്കളോട് യുദ്ധത്തിന് പുറപ്പെടുവാൻ തങ്ങളുടെ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി. അന്ന് ഗിബെയാനിവാസികളിൽ തിരഞ്ഞെടുക്കപ്പെട്ട എഴുനൂറ് പേരെ കൂടാതെ പട്ടണങ്ങളിൽനിന്ന് വന്ന ബെന്യാമീന്യർ ഇരുപത്താറായിരം ആയുധപാണികൾ ഉണ്ടായിരുന്നു. ഈ ജനത്തിലെല്ലാം ഇടങ്കയ്യന്മാരായ എഴുനൂറ് വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഉന്നം പിഴെക്കാത്ത കവിണക്കാർ ആയിരുന്നു. ബെന്യാമീന്യരെ കൂടാതെയുള്ള യിസ്രായേല്യർ, യോദ്ധാക്കളായ നാലു ലക്ഷം ആയുധപാണികൾ ആയിരുന്നു.
ന്യായാധിപന്മാർ 20:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യിസ്രായേൽമക്കൾ ഒക്കെയും പുറപ്പെട്ടു ദാൻമുതൽ ബേർ-ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി. യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു- യിസ്രായേൽ മക്കൾ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യർ കേട്ടു.- അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന്നു കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞതു: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്തു ഗിബെയയിൽ രാപാർപ്പാൻ ചെന്നു. എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റു രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി. അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ടു ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ. അപ്പോൾ സർവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു. നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതു: നാം അതു സംബന്ധിച്ചു ചീട്ടിടേണം; അവർ യിസ്രായേലിൽ പ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കു വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം. അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു. പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു? ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോടു യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി. അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു. ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നുപോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു. ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നേ.
ന്യായാധിപന്മാർ 20:1-17 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി. ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി, (ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്തു ഗിബെയയിൽ രാത്രി താമസിക്കാൻചെന്നു. ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു. ഞാൻ അവളെ കഷണങ്ങളായി മുറിച്ച് ഇസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. അത്ര വലിയ ദുഷ്ടതയും വഷളത്തവുമാണ് അവർ ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ആലോചനയും എന്താണ്?” അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല. നാം ഇപ്പോൾ ഗിബെയയോട് ഇപ്രകാരമാണ് ചെയ്യേണ്ടത്: നറുക്കിട്ട് അതനുസരിച്ച് നമുക്ക് അതിനെ ആക്രമിക്കാം. ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.” അങ്ങനെ ഇസ്രായേല്യർ എല്ലാവരും ആ പട്ടണത്തിനെതിരേ ഏകമനസ്സോടെ യോജിച്ചുനിന്നു. പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്? അതുകൊണ്ട് ഗിബെയയിലെ നീചന്മാരായ ആ ആളുകളെ കൊന്ന് ഇസ്രായേലിൽനിന്ന് ദോഷം നീക്കംചെയ്യേണ്ടതിന് അവരെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക.” എന്നാൽ ബെന്യാമീന്യർ ഇസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടില്ല. ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി. ഗിബെയനിവാസികളിൽത്തന്നെ എണ്ണപ്പെട്ട എഴുനൂറ് ധീരന്മാർ ഉണ്ടായിരുന്നു. അവരെക്കൂടാതെ ഇരുപത്താറായിരം ആയുധപാണികളും ബെന്യാമീൻഗോത്രത്തിൽ ഉണ്ടായിരുന്നു. അവരിൽ പ്രഗല്ഭന്മാരായ എഴുനൂറ് ഇടങ്കൈയ്യന്മാർ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരു രോമത്തിനുപോലും ഉന്നം പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു. ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.