ന്യായാധിപന്മാർ 17:1-6
ന്യായാധിപന്മാർ 17:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഫ്രയീംമലനാട്ടിൽ മീഖാവ് എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ തന്റെ അമ്മയോട്: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത് എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് അവന്റെ അമ്മ പറഞ്ഞു. അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു. അവൻ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കൈയിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു. മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവൻ അവന്റെ പുരോഹിതനായിത്തീർന്നു. അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
ന്യായാധിപന്മാർ 17:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരിക്കൽ എഫ്രയീം മലനാട്ടിൽ മീഖാ എന്നൊരാൾ ജീവിച്ചിരുന്നു; അവൻ തന്റെ അമ്മയോടു പറഞ്ഞു: “ഒരിക്കൽ ആയിരത്തി ഒരുനൂറ് വെള്ളിപ്പണം മോഷണം പോയതിന് അമ്മ ശാപം ചൊരിഞ്ഞത് ഞാൻ കേട്ടതാണ്. അമ്മേ! ഞാനാണ് അതെടുത്തത്. ആ പണം എന്റെ കൈവശമുണ്ട്!” “എന്റെ മകനേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അവന്റെ അമ്മ പറഞ്ഞു. അവൻ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തു. അപ്പോൾ അമ്മ പറഞ്ഞു: “ഈ വെള്ളികൊണ്ട് ഒരു കൊത്തുവിഗ്രഹവും വാർപ്പുവിഗ്രഹവും ഉണ്ടാക്കി മകനെ ശാപവിമുക്തനാക്കാൻവേണ്ടി സർവേശ്വരന് സമർപ്പിക്കാൻ ഞാൻ നേരുന്നു. അതുകൊണ്ട് ഈ വെള്ളി നാണയങ്ങൾ ഞാൻ തിരിച്ചുതരുന്നു.” അവൻ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തപ്പോൾ അമ്മ ഇരുനൂറു വെള്ളിപ്പണം ഒരു വെള്ളിപ്പണിക്കാരനെ ഏല്പിച്ചു. അവൻ അതുകൊണ്ട് ഒരു വാർപ്പുരൂപവും കൊത്തുരൂപവും ഉണ്ടാക്കി; അതു മീഖായുടെ വീട്ടിൽ വച്ചു. മീഖായ്‍ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാൾ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിർമ്മിച്ചു; പുത്രന്മാരിൽ ഒരാളെ പുരോഹിതനായി അവരോധിച്ചു. ആ കാലത്ത് ഇസ്രായേലിൽ രാജവാഴ്ച ആരംഭിച്ചിരുന്നില്ല; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.
ന്യായാധിപന്മാർ 17:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ തന്റെ അമ്മയോട്: “കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്‍റെ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത്” എന്നു പറഞ്ഞു. “എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു അവന്റെ അമ്മ പറഞ്ഞു. അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അത് നിനക്ക് മടക്കിത്തരുന്നു” എന്നു പറഞ്ഞു. അവൻ വെള്ളി തന്‍റെ അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്‍റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അത് മീഖാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്‍റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്തു, അവന്‍റെ പുരോഹിതനാക്കി. അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
ന്യായാധിപന്മാർ 17:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എഫ്രയീംമലനാട്ടിൽ മീഖാവു എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ തന്റെ അമ്മയോടു: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്നു അവന്റെ അമ്മ പറഞ്ഞു. അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവെക്കു നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു. അവൻ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു. മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവൻ അവന്റെ പുരോഹിതനായ്തീർന്നു. അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.
ന്യായാധിപന്മാർ 17:1-6 സമകാലിക മലയാളവിവർത്തനം (MCV)
എഫ്രയീം മലനാട്ടിൽ മീഖായാവ് എന്നു പേരുള്ള ഒരാൾ തന്റെ അമ്മയോടു പറഞ്ഞു: “ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി നഷ്ടപ്പെട്ടതിനെപ്പറ്റി അമ്മ പറയുകയും ശപിക്കുകയും ചെയ്യുന്നത് ഞാൻ കേട്ടിരുന്നു—ഇതാ, ആ വെള്ളിനാണയങ്ങൾ; ഞാനാണ് അതെടുത്തത്.” അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “എന്റെ മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ!” അദ്ദേഹം ആ ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി തിരികെ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ അമ്മ, “കൊത്തുപണിയായ ഒരു രൂപവും വാർപ്പുപണിയായ ഒരു വിഗ്രഹവും ഉണ്ടാക്കാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു. ഞാൻ ഇതു നിനക്കു തിരികെത്തരാം” എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം ആ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവൾ ഇരുനൂറു ശേക്കേൽ വെള്ളി എടുത്ത് ആഭരണപ്പണിക്കാരനെ ഏൽപ്പിച്ചു; അയാൾ അതുകൊണ്ട് രൂപവും വിഗ്രഹവും ഉണ്ടാക്കി അവ മീഖായാവിന്റെ വീട്ടിൽവെച്ചു. മീഖായാവിന് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഏഫോദും ഗൃഹബിംബങ്ങളും ഉണ്ടാക്കി തന്റെ ഒരു പുത്രനെ പുരോഹിതനുമാക്കി. ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.