ന്യായാധിപന്മാർ 16:21-30
ന്യായാധിപന്മാർ 16:21-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ച് ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു. അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി. അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി. പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി. അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്. ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോട്: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന് ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു. അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടു കണ്ണിനുംവേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു. ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തൂണും ഒന്നു വലംകൈകൊണ്ടും മറ്റേത് ഇടംകൈകൊണ്ടും ശിംശോൻ പിടിച്ച് അവയോടു ചാരി: ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകല ജനത്തിന്റെയുംമേൽ വീണു. അങ്ങനെ അവൻ മരണസമയത്ത് കൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.
ന്യായാധിപന്മാർ 16:21-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫെലിസ്ത്യർ അയാളെ പിടിച്ചു കണ്ണു ചൂഴ്ന്നെടുത്തു ഗസ്സയിലേക്കു കൊണ്ടുപോയി. അവർ അയാളെ ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു തടവറയിൽ മാവു പൊടിക്കുന്ന ജോലിയിൽ ഏർപ്പെടുത്തി. എന്നാൽ അയാളുടെ തലമുടി വീണ്ടും വളരാൻ തുടങ്ങി. പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ ദേവനായ ദാഗോനു ബലിയർപ്പിക്കാനും ആഹ്ലാദിച്ചുല്ലസിക്കാനുമായി ഒരുമിച്ചു കൂടി. “നമ്മുടെ ദൈവം ശത്രുവായ ശിംശോനെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു” എന്നവർ പറഞ്ഞു. ജനം അവനെ കണ്ടപ്പോൾ “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ പലരെയും കൊല്ലുകയും ചെയ്ത ശത്രുവിനെ നമ്മുടെ ദൈവം നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവർ തങ്ങളുടെ ദേവനെ പുകഴ്ത്തി. അവർ ആഹ്ലാദഭരിതരായി പറഞ്ഞു: “നമ്മുടെ മുമ്പിൽ കുരങ്ങു കളിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക.” അയാളെ തടവറയിൽനിന്നു പുറത്തു കൊണ്ടുവന്നു; അയാൾ അവരുടെ മുമ്പിൽ അഭ്യാസങ്ങൾ കാട്ടി. തൂണുകളുടെ ഇടയിലായിരുന്നു അവർ അയാളെ നിർത്തിയത്. തന്നെ കൈക്കു പിടിച്ചു നടത്തിക്കൊണ്ടുവന്ന യുവാവിനോട് ശിംശോൻ പറഞ്ഞു: “ക്ഷേത്രം താങ്ങിനിർത്തുന്ന തൂണുകൾ ഞാനൊന്നു തപ്പിനോക്കട്ടെ; എനിക്ക് അവയിൽ ചാരി നില്‌ക്കാമല്ലോ. ക്ഷേത്രത്തിൽ പുരുഷന്മാരും സ്‍ത്രീകളും തിങ്ങിനിറഞ്ഞിരുന്നു; ഫെലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ കൂടിയിരുന്നു. ശിംശോന്റെ കളി കണ്ടു രസിക്കാൻ മൂവായിരത്തിലധികം സ്‍ത്രീപുരുഷന്മാർ ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ ശിംശോൻ സർവേശ്വരനോട് ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, എന്നെ ഓർക്കണമേ; ഈ ഒരു പ്രാവശ്യംകൂടി ഞാൻ യാചിക്കുന്നു; എന്റെ കണ്ണുകളിൽ ഒന്നിനുവേണ്ടി എങ്കിലും പകരംവീട്ടാൻ എനിക്കു ശക്തി നല്‌കിയാലും.” ക്ഷേത്രം താങ്ങിയിരുന്ന രണ്ടു നടുത്തൂണുകളിൽ ഒന്നിൽ വലംകൈയും മറ്റതിൽ ഇടംകൈയും ചേർത്തുപിടിച്ചുകൊണ്ടു ശിംശോൻ നിന്നു. “ഫെലിസ്ത്യരോടുകൂടി ഞാനും മരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ കുനിഞ്ഞ് തൂണുകളിൽ ആഞ്ഞുതള്ളി. അപ്പോൾ അവിടെ കൂടിയിരുന്ന ഫെലിസ്ത്യപ്രഭുക്കന്മാരുടെയും ജനങ്ങളുടെയുംമേൽ ക്ഷേത്രം ഇടിഞ്ഞുവീണു. ജീവിച്ചിരുന്ന സമയത്തു കൊന്നതിനെക്കാൾ കൂടുതൽ ആളുകളെ ശിംശോൻ തന്റെ മരണസമയത്തു കൊന്നു.
ന്യായാധിപന്മാർ 16:21-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഫെലിസ്ത്യരോ അവനെ പിടിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് ഗസ്സയിലേക്ക് കൊണ്ടുപോയി ചെമ്പുചങ്ങല കൊണ്ട് ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവ് പൊടിക്കുന്ന ആളായിത്തീർന്നു. എന്നാൽ അവന്‍റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി. അനന്തരം ഫെലിസ്ത്യ പ്രഭുക്കന്മാർ: “നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലി കഴിക്കുവാനും ആനന്ദിപ്പാനും ഒരുമിച്ചുകൂടി. ജനം അവനെ കണ്ടപ്പോൾ: “നമ്മുടെ ദേശം നശിപ്പിക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി. അവർ ആനന്ദത്തിലായപ്പോൾ: “നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ” എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്ന് വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്. ശിംശോൻ തന്‍റെ കൈ പിടിച്ചിരുന്ന ബാല്യക്കാരനോട്: “ക്ഷേത്രം നില്ക്കുന്ന തൂണ് ചാരിയിരിക്കേണ്ടതിന് ഞാൻ അവയെ തപ്പിനോക്കട്ടെ” എന്നു പറഞ്ഞു. എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ക്ഷേത്രത്തിന്‍റെ മേൽത്തട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ ശിംശോൻ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടു കണ്ണിനും വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്ക് ശക്തി നല്കേണമേ” എന്നു പറഞ്ഞു. ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തൂണും ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ച് അവയോടു ചാരി: “ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ” എന്നു ശിംശോൻ പറഞ്ഞ് ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്ത് കൊന്നവർ ജീവകാലത്ത് കൊന്നവരെക്കാൾ അധികമായിരുന്നു.
ന്യായാധിപന്മാർ 16:21-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു. അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നുതുടങ്ങി. അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി. പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി. അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു. ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ മാളികയിൽ ഉണ്ടായിരുന്നു. അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടു കണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു. ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി: ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.
ന്യായാധിപന്മാർ 16:21-30 സമകാലിക മലയാളവിവർത്തനം (MCV)
ഫെലിസ്ത്യർ അയാളെ പിടിച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത് ഗസ്സായിലേക്കു കൊണ്ടുപോയി. വെങ്കലച്ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിൽ ധാന്യം പൊടിക്കാനിരുത്തി. ക്ഷൗരംചെയ്തുകളഞ്ഞ തലമുടിപോലെ അദ്ദേഹത്തിന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങി. പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലിയർപ്പിച്ച് ഉത്സവം ആഘോഷിക്കാൻ ഒരുമിച്ചുകൂടി, “നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ജനമെല്ലാം ശിംശോനെ കണ്ടപ്പോൾ തങ്ങളുടെ ദേവനെ പുകഴ്ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത, നമ്മുടെ ശത്രുവിനെ ഇതാ, നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” അവർ ഇങ്ങനെ ആനന്ദത്തിലായപ്പോൾ, “നമ്മെ രസിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക” എന്നു പറഞ്ഞുകൊണ്ട് ശിംശോനെ കാരാഗൃഹത്തിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നു. അയാൾ അവരുടെ മുന്നിൽ ഒരു കോമാളിയെപ്പോലെ പ്രകടനംനടത്തിക്കൊണ്ടിരുന്നു. തൂണുകളുടെ മധ്യത്തിലായിരുന്നു അയാളെ നിർത്തിയിരുന്നത്. തന്റെ കൈക്കു പിടിച്ചിരുന്ന ഭൃത്യനോട് ശിംശോൻ: “ഈ ക്ഷേത്രം ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ എന്നെ ഒന്നു തപ്പിനോക്കാൻ അനുവദിക്കുക, അപ്പോൾ എനിക്ക് അതിലൊന്നു ചാരിനിൽക്കാമല്ലോ” എന്നു പറഞ്ഞു. ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകലഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്നു. അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിനുംവേണ്ടി ഫെലിസ്ത്യരോട് പ്രതികാരംചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യംമാത്രം എനിക്കു ശക്തി നൽകണമേ.” ക്ഷേത്രം താങ്ങിനിൽക്കുന്ന രണ്ട് നെടുംതൂണുകളിൽ ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും പിടിച്ചുകൊണ്ട് ശിംശോൻ മുന്നോട്ടാഞ്ഞു. “ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ ശക്തിയോടെ മുന്നോട്ടു കുനിഞ്ഞു; ഉടനെ ക്ഷേത്രം തകർന്നു. അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയുംമേൽ അതു വീണു. അങ്ങനെ അദ്ദേഹം തന്റെ മരണസമയത്തു വധിച്ചവർ, ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം വധിച്ചവരെക്കാൾ അധികമായിരുന്നു.