ന്യായാധിപന്മാർ 13:2-22

ന്യായാധിപന്മാർ 13:2-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന് മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ട് പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞത്: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചുകൊൾക; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്. നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിനു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. സ്ത്രീ ചെന്ന് ഭർത്താവിനോടു പറഞ്ഞത്: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്ന് ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. അവൻ എന്നോട് നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീരായിരിക്കും എന്നു പറഞ്ഞു. മാനോഹ യഹോവയോടു പ്രാർഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു. ദൈവം മാനോഹയുടെ പ്രാർഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്ന് എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു എന്ന് അവനോടു പറഞ്ഞു. മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്ന് അവനോടു ചോദിച്ചു; ഞാൻ തന്നെ എന്ന് അവൻ പറഞ്ഞു. മാനോഹ അവനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ച് എന്തു ചെയ്യേണം എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ മാനോഹയോട്: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു. മാനോഹ യഹോവയുടെ ദൂതനോട്: ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. യഹോവയുടെ ദൂതൻ മാനോഹയോട്: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവയ്ക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല. മാനോഹ യഹോവയുടെ ദൂതനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന് നിന്റെ പേരെന്ത് എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോട്: എന്റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് എന്നു പറഞ്ഞു. അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹയ്ക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്ന് മാനോഹ ഭാര്യയോടു പറഞ്ഞു.

ന്യായാധിപന്മാർ 13:2-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആ കാലത്ത് ദാൻഗോത്രക്കാരനായ മനോഹാ എന്നൊരാൾ സോരഹ്പട്ടണത്തിൽ ജീവിച്ചിരുന്നു. ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അയാൾക്കു മക്കളുണ്ടായിരുന്നില്ല. ഒരു ദിവസം സർവേശ്വരന്റെ ദൂതൻ മനോഹായുടെ ഭാര്യയ്‍ക്ക് പ്രത്യക്ഷനായി പറഞ്ഞു: “നീ വന്ധ്യയാണല്ലോ; എങ്കിലും നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അതുകൊണ്ടു നീ ശ്രദ്ധിക്കുക; വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. നീ ഒരു മകനെ പ്രസവിക്കും; ക്ഷൗരക്കത്തി അവന്റെ ശിരസ്സിൽ സ്പർശിക്കരുത്; അവൻ ജനനംമുതൽ ദൈവത്തിനു നാസീർവ്രതക്കാരനായി, ഇസ്രായേൽജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിമോചിപ്പിക്കാനുള്ള യത്നം ആരംഭിക്കും.” ആ സ്‍ത്രീ ഭർത്താവിനോടു പറഞ്ഞു: “ദൈവദൂതനെപ്പോലെ ഭയഭക്തി ജനിപ്പിക്കുന്ന ഒരു ദിവ്യപുരുഷൻ എന്റെ അടുക്കൽ വന്നു. അദ്ദേഹം എവിടെനിന്നു വന്നു എന്നു ഞാൻ ചോദിച്ചില്ല; തന്റെ പേര് പറഞ്ഞതുമില്ല. അദ്ദേഹം പറഞ്ഞു: നീ ഗർഭിണിയായി ഒരു പുത്രനെ പ്രസവിക്കും; അതിനാൽ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ആ കുട്ടി ജനനംമുതൽ മരണംവരെ ദൈവത്തിന് നാസീർ വ്രതക്കാരനായിരിക്കും.” മനോഹാ സർവേശ്വരനോടു പ്രാർഥിച്ചു: “സർവേശ്വരാ, അങ്ങയച്ച ദിവ്യപുരുഷൻ വീണ്ടും ഞങ്ങൾക്കു പ്രത്യക്ഷനായി ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ഞങ്ങൾ എന്തു ചെയ്യണം എന്ന് ഉപദേശിച്ചുതന്നാലും.’’ മനോഹായുടെ പ്രാർഥന ദൈവം കേട്ടു. ദൈവദൂതൻ അവൾക്കു വീണ്ടും പ്രത്യക്ഷനായി; അവൾ അപ്പോൾ വയലിൽ ഇരിക്കുകയായിരുന്നു; മനോഹാ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ അവൾ ഭർത്താവിന്റെ അടുക്കൽ ഓടിച്ചെന്നു പറഞ്ഞു:” മുമ്പ് എനിക്കു പ്രത്യക്ഷനായ പുരുഷൻ വീണ്ടും എന്റെ അടുത്തു വന്നിരിക്കുന്നു.” മനോഹാ ഉടനെ എഴുന്നേറ്റു തന്റെ ഭാര്യയെ അനുഗമിച്ച് ആ പുരുഷന്റെ അടുക്കൽ ചെന്നു ചോദിച്ചു: “അങ്ങു തന്നെയാണോ ഇവളോട് സംസാരിച്ചത്?” “അതേ, ഞാൻതന്നെ” എന്ന് അദ്ദേഹം പറഞ്ഞു. മനോഹാ വീണ്ടും ചോദിച്ചു: “അങ്ങു പറഞ്ഞതു സംഭവിച്ചുകഴിയുമ്പോൾ ജനിക്കുന്ന കുട്ടിയുടെ ജീവിതരീതി എന്തായിരിക്കണം? അവൻ എന്തൊക്കെയാണു ചെയ്യേണ്ടത്?” സർവേശ്വരന്റെ ദൂതൻ പറഞ്ഞു: “ഞാൻ പറഞ്ഞതെല്ലാം അവൾ ശ്രദ്ധയോടെ പാലിക്കട്ടെ. മുന്തിരിവള്ളിയിൽനിന്നു ലഭിക്കുന്നതൊന്നും അവൾ ഭക്ഷിക്കരുത്. വീഞ്ഞോ മറ്റു പാനീയമോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ കല്പിച്ചതെല്ലാം അവൾ പാലിക്കണം.” മനോഹാ ദൂതനോടു പറഞ്ഞു: “ഞാൻ ഒരു ആട്ടിൻകുട്ടിയെ പാകം ചെയ്തു കൊണ്ടുവരുന്നതുവരെ ഇവിടെ നിന്നാലും.” സർവേശ്വരന്റെ ദൂതൻ മനോഹായോടു പറഞ്ഞു: “നീ എന്നെ ഇവിടെ നിർബന്ധിച്ച് നിർത്തിയാലും ഞാൻ നിന്റെ ആഹാരം കഴിക്കുകയില്ല; നീ ഒരു ഹോമയാഗം ഒരുക്കുമെങ്കിൽ അതു സർവേശ്വരന് അർപ്പിക്കുക.” അദ്ദേഹം സർവേശ്വരന്റെ ദൂതനാണെന്ന് മനോഹാ അറിഞ്ഞിരുന്നില്ല. മനോഹാ സർവേശ്വരന്റെ ദൂതനോട് ചോദിച്ചു: “അങ്ങയുടെ പേരെന്താണ്? അങ്ങ് പറഞ്ഞത് നിറവേറുമ്പോൾ ഞങ്ങൾ അങ്ങയെ ബഹുമാനിക്കണമല്ലോ.” സർവേശ്വരന്റെ ദൂതൻ പറഞ്ഞു: “എന്റെ പേര് എന്തിനറിയണം? അത് അദ്ഭുതകരമാണ്.” മനോഹാ ധാന്യവഴിപാടിനോടൊപ്പം ഒരാട്ടിൻകുട്ടിയെ കൊണ്ടുവന്ന് ഒരു പാറയുടെ മുകളിൽ യാഗമായി അർപ്പിച്ചു. മനോഹായും ഭാര്യയും നോക്കിനില്‌ക്കേ ദൂതൻ ഒരു അദ്ഭുതം പ്രവർത്തിച്ചു. അഗ്നിജ്വാല ആകാശത്തേക്ക് ഉയർന്നപ്പോൾ ദൂതൻ യാഗപീഠത്തിൽനിന്നുള്ള അഗ്നിജ്വാലയോടൊപ്പം മുകളിലേക്ക് ഉയർന്നു. മനോഹായും ഭാര്യയും അതു കണ്ട് സാഷ്ടാംഗം വീണു നമസ്കരിച്ചു. സർവേശ്വരന്റെ ദൂതൻ അവർക്കു പിന്നീട് പ്രത്യക്ഷനായില്ല. അതു സർവേശ്വരന്റെ ദൂതൻ തന്നെയെന്നു മനോഹാ ഗ്രഹിച്ചു. മനോഹാ ഭാര്യയോടു പറഞ്ഞു: “ദൈവത്തെ കണ്ടതുകൊണ്ട് നാം നിശ്ചയമായും മരിക്കും.”

ന്യായാധിപന്മാർ 13:2-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ദാൻഗോത്രത്തിൽ, സോരഹിൽ നിന്നുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്‍റെ പേർ മാനോഹ എന്നായിരുന്നു; അവന്‍റെ ഭാര്യ മച്ചിയായിരുന്നതിനാൽ പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്ക് യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോട് പറഞ്ഞത്: “നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്. നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭം മുതൽ ദൈവത്തിന് നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിപ്പാൻ തുടങ്ങും.” സ്ത്രീ ചെന്നു ഭർത്താവിനോട് പറഞ്ഞത്: “ഒരു ദൈവപുരുഷൻ എന്‍റെ അടുക്കൽ വന്നു; അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നാണെന്ന് ഞാൻ അവനോട് ചോദിച്ചില്ല; തന്‍റെ പേർ അവൻ എന്നോട് പറഞ്ഞതും ഇല്ല. അവൻ എന്നോട് നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന് നാസീരായിരിക്കും” എന്നു പറഞ്ഞു. മാനോഹ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽവന്ന്, ജനിപ്പാനിരിക്കുന്ന ബാലന്‍റെ കാര്യത്തിൽ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് ഉപദേശിച്ച് തരേണമേ” എന്നു പറഞ്ഞു. ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; അവൾ വയലിൽ ഇരിക്കുമ്പോൾ ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അപ്പോൾ അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ അവൾ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; “അന്ന് എന്‍റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്ക് പ്രത്യക്ഷനായിരിക്കുന്നു” എന്നു അവനോട് പറഞ്ഞു. മാനോഹ എഴുന്നേറ്റ് ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്‍റെ അടുക്കൽ എത്തി; “അങ്ങാണോ ഈ സ്ത്രീയോട് സംസാരിച്ച ആൾ? “എന്നു ചോദിച്ചപ്പോൾ “ഞാൻ തന്നെ” എന്നു ആ ആൾ മറുപടി പറഞ്ഞു. മാനോഹ അവനോട്: “അങ്ങേയുടെ വചനം നിവൃത്തിയാകുമ്പോൾ ബാലന്‍റെ ജീവിതത്തെക്കുറിച്ചും അവന്‍റെ പ്രവൃത്തിയെക്കുറിച്ചും ഞങ്ങൾ ആചരിക്കേണ്ട ചട്ടങ്ങൾ എന്തെല്ലാമാണ്?” എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ മാനോഹയോട്: “ഞാൻ സ്ത്രീയോട് പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോട് കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം “എന്നു പറഞ്ഞു. മാനോഹ യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ അങ്ങേയ്ക്കായി പാകം ചെയ്യും വരെ താമസിക്കേണമേ “എന്നു പറഞ്ഞു. യഹോവയുടെ ദൂതൻ മാനോഹയോട്: “നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്‍റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ, അത് യഹോവയ്ക്ക് കഴിച്ചുകൊൾക “എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല. മാനോഹ യഹോവയുടെ ദൂതനോട്: “ഈ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ അങ്ങയെ ബഹുമാനിക്കേണ്ടതിന് അങ്ങേയുടെ പേരെന്ത്?” എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോട്: “എന്‍റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് “എന്നു പറഞ്ഞു. അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു. മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ യഹോവയുടെ ദൂതൻ ഒരു അതിശയം പ്രവർത്തിച്ചു. അഗ്നിജ്വാല യാഗപീഠത്തിന്മേൽ നിന്ന് ആകാശത്തിലേക്ക് പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്‍റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു, സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. “ദൈവത്തെ കണ്ടതുകൊണ്ട് നാം മരിച്ചുപോകും “എന്ന് മാനോഹ ഭാര്യയോട് പറഞ്ഞു.

ന്യായാധിപന്മാർ 13:2-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു. മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു. ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ ആ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു. മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു. മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല. മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു. അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.

ന്യായാധിപന്മാർ 13:2-22 സമകാലിക മലയാളവിവർത്തനം (MCV)

സോരാഥയിൽ ദാൻഗോത്രക്കാരനായ മനോഹ എന്ന പേരുള്ള ഒരു പുരുഷനുണ്ടായിരുന്നു. അയാളുടെ ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അവർക്കു മക്കൾ ഉണ്ടായിരുന്നില്ല. യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവളോട് ഇപ്രകാരം പറഞ്ഞു: “നീ വന്ധ്യയല്ലോ, നിനക്കു കുഞ്ഞുങ്ങളില്ല; എന്നാൽ നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കാൻ പോകുന്നു. ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും; അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.” അപ്പോൾ ആ സ്ത്രീ പോയി തന്റെ ഭർത്താവിനോട് പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ സമീപത്ത് വന്നു; അദ്ദേഹം ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു; ഭയാവഹമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹം എവിടെനിന്നു വരുന്നു എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല; അദ്ദേഹം എന്നോട് പേര് പറഞ്ഞതുമില്ല. എന്നാൽ അദ്ദേഹം എന്നോട്, ‘നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീർവ്രതസ്ഥനായിരിക്കും’ എന്നു പറഞ്ഞു.” അപ്പോൾ മനോഹ യഹോവയോടു പ്രാർഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽവന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനെ വളർത്തേണ്ടത് എപ്രകാരമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ അനുവദിക്കണമേ.” ദൈവം മനോഹയുടെ പ്രാർഥന കേട്ടു, ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽവന്നു. അവൾ വയലിലായിരുന്നു; അവളുടെ ഭർത്താവ് മനോഹ അപ്പോൾ അവളുടെകൂടെ ഉണ്ടായിരുന്നില്ല. ഉടനെ ആ സ്ത്രീ ഓടിച്ചെന്ന് ഭർത്താവിനോട്, “അന്ന് എനിക്കു പ്രത്യക്ഷനായ ആൾ ഇതാ വീണ്ടും വന്നിരിക്കുന്നു!” എന്നു പറഞ്ഞു. മനോഹ ഭാര്യയോടുകൂടെ പോയി ആ പുരുഷന്റെ അടുക്കൽ എത്തി; “എന്റെ ഭാര്യയോടു സംസാരിച്ച ആൾ താങ്കളാണോ?” എന്നു ചോദിച്ചു. “ഞാൻതന്നെ,” ദൂതൻ മറുപടി നൽകി. മനോഹ ദൂതനോട് ചോദിച്ചു: “താങ്കളുടെ വചനം നിറവേറുമ്പോൾ ബാലന്റെ ജീവിതവും പ്രവർത്തനവും സംബന്ധിച്ചുള്ള നിബന്ധനകൾ എന്തൊക്കെയാണ്?” യഹോവയുടെ ദൂതൻ മനോഹയോട് പറഞ്ഞു: “ഞാൻ സ്ത്രീയോട് പറഞ്ഞതെല്ലാം അവൾ പാലിക്കട്ടെ. മുന്തിരിവള്ളിയിൽനിന്നുള്ള യാതൊന്നും അവൾ ഭക്ഷിക്കരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ അവളോടു കൽപ്പിച്ചതൊക്കെയും അവൾ പാലിക്കണം” എന്നു പറഞ്ഞു. മനോഹ യഹോവയുടെ ദൂതനോട് പറഞ്ഞു: “ഞങ്ങൾ താങ്കൾക്കുവേണ്ടി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്യുന്നതുവരെ നിൽക്കണമേ.” യഹോവയുടെ ദൂതൻ മനോഹയോട്: “നീ എന്നെ തടഞ്ഞുനിർത്തിയാലും നിന്റെ ഭക്ഷണം ഞാൻ കഴിക്കുകയില്ല; ഒരു ഹോമയാഗം ഒരുക്കുന്നെങ്കിൽ അത് യഹോവയ്ക്ക് അർപ്പിക്കുക” എന്നു പറഞ്ഞു. അത് യഹോവയുടെ ദൂതൻ എന്ന് മനോഹ മനസ്സിലാക്കിയിരുന്നില്ല. മനോഹ യഹോവയുടെ ദൂതനോട്: “താങ്കളുടെ വചനം യാഥാർഥ്യമാകുമ്പോൾ ഞങ്ങൾ താങ്കളെ ബഹുമാനിക്കേണ്ടതിന് താങ്കളുടെ പേരെന്ത്?” എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അയാളോട്, “എന്റെ പേര് ചോദിക്കുന്നതെന്ത്? അതു നിനക്കു ഗ്രഹിക്കാവുന്നതല്ല” എന്നു പറഞ്ഞു. മനോഹ ഒരു കോലാട്ടിൻകുട്ടിയെ എടുത്ത് ഭോജനയാഗത്തോടൊപ്പം ഒരു പാറമേൽ യഹോവയ്ക്ക് യാഗം അർപ്പിച്ചു; മനോഹയുടെയും ഭാര്യയുടെയും മുമ്പിൽ യഹോവ ഒരു അതിശയം പ്രവർത്തിച്ചു. യാഗപീഠത്തിൽനിന്ന് അഗ്നിജ്വാല ആകാശത്തിലേക്ക് ഉയർന്നപ്പോൾ യഹോവയുടെ ദൂതൻ ആ അഗ്നിജ്വാലയിൽ കയറിപ്പോയി; മനോഹയും ഭാര്യയും അതുകണ്ട് സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ പിന്നെ മനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായില്ല; അത് യഹോവയുടെ ദൂതനെന്ന് മനോഹ ഗ്രഹിച്ചു. “ദൈവത്തെ കാണുകയാൽ നാം മരിച്ചുപോകും,” എന്നു മനോഹ ഭാര്യയോടു പറഞ്ഞു.