ന്യായാധിപന്മാർ 11:1-40
ന്യായാധിപന്മാർ 11:1-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു. ഗിലെയാദിന്റെ ഭാര്യയും അവനു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞ് അവനെ നീക്കിക്കളഞ്ഞു. അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഞ്ചരിച്ചു. കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു. അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു. അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിനു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു. യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകച്ച് പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിനു വരുന്നു എന്നു പറഞ്ഞു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോടു യുദ്ധം ചെയ്വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പായിൽവച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു. അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധം ചെയ്വാൻ എന്റെ ദേശത്തു വരേണ്ടതിന് എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു. അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻമുതൽ യബ്ബോക് വരെയും യോർദ്ദാൻവരെയും ഉള്ള എന്റെ ദേശം അടക്കിയതു കൊണ്ടു തന്നെ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു. യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്, അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു: യിസ്രായേൽ മോവാബ്‍ദേശമോ അമ്മോന്യരുടെ ദേശമോ അടക്കിയിട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി. യിസ്രായേൽ എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവ് കേട്ടില്ല; മോവാബ്‍രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു. അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേശവും ചുറ്റിച്ചെന്ന് മോവാബ്‍ദേശത്തിന്റെ കിഴക്ക് എത്തി അർന്നോനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർത്തിക്കകത്ത് അവർ കടന്നില്ല. പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു. എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടെ കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു. യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകല ജനത്തെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശമൊക്കെയും കൈവശമാക്കി. അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശമൊക്കെയും അവർ പിടിച്ചടക്കി. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ? നിന്റെ ദേവനായ കെമോശ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും. സിപ്പോരിന്റെ മകനായ ബാലാക് എന്ന മോവാബ്രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ? യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്? ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായം വിധിക്കട്ടെ. എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്ക് അമ്മോന്യരുടെ രാജാവ് കൂട്ടാക്കിയില്ല. അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കൈയിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്വാൻ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്റെ കൈയിൽ ഏല്പിച്ചു. അവൻ അവർക്ക് അരോവേർമുതൽ മിന്നീത്ത്വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല. അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ, എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. അവൾ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാൻ പർവതങ്ങളിൽ ചെന്ന് എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവൾ തന്റെ അപ്പനോടു പറഞ്ഞു. അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവതങ്ങളിൽ വിലാപം കഴിച്ചു. രണ്ടു മാസം കഴിഞ്ഞിട്ട് അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.
ന്യായാധിപന്മാർ 11:1-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിലെയാദുകാരനായ യിഫ്താഹ് ഗിലെയാദിന്റെ പുത്രനും വീരപരാക്രമിയായ യോദ്ധാവും ആയിരുന്നു. എങ്കിലും അയാൾ ഒരു വേശ്യയുടെ പുത്രനായിരുന്നു. ഗിലെയാദിന് സ്വന്തം ഭാര്യയിൽ ജനിച്ച മറ്റു പുത്രന്മാരും ഉണ്ടായിരുന്നു. അവർ വളർന്നപ്പോൾ യിഫ്താഹിനെ വീട്ടിൽനിന്നു പുറത്താക്കി. “പരസ്‍ത്രീയുടെ പുത്രനായി ജനിച്ചതുകൊണ്ട് ഞങ്ങളുടെ പിതൃഭവനത്തിൽ നിനക്ക് അവകാശമില്ല” എന്നവർ പറഞ്ഞു. യിഫ്താഹ് തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഓടിപ്പോയി തോബ്‍ദേശത്തു ചെന്നു പാർത്തു. നീചന്മാരായ ഒരു കൂട്ടം ആളുകൾ യിഫ്താഹിനോട് ചേർന്നു ചുറ്റിനടന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ അമ്മോന്യർ ഇസ്രായേലിനോടു യുദ്ധം ആരംഭിച്ചു. അപ്പോൾ ഗിലെയാദിലെ ജനപ്രമാണികൾ യിഫ്താഹിനെ കൂട്ടിക്കൊണ്ടു വരുന്നതിനു തോബിലേക്കു പോയി. “ഞങ്ങളുടെ നായകനായി അമ്മോന്യരോടു യുദ്ധം ചെയ്യണമേ” എന്ന് അവർ യിഫ്താഹിനോട് അപേക്ഷിച്ചു. യിഫ്താഹ് അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതാവിന്റെ ഭവനത്തിൽനിന്ന് എന്നെ പുറത്താക്കിയില്ലേ? നിങ്ങൾ വിഷമത്തിലായപ്പോൾ എന്തിന് എന്നെ അന്വേഷിച്ചുവരുന്നു?” ഗിലെയാദിലെ ജനപ്രമാണികൾ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് ഞങ്ങളുടെകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്താലും. അങ്ങ് ഞങ്ങൾക്കും ഗിലെയാദ്നിവാസികൾക്കും നേതാവാകുക. ഇതു പറയാനാണ് ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നത്.” യിഫ്താഹ് അവരോടു പറഞ്ഞു: “അമ്മോന്യരോടു യുദ്ധം ചെയ്യാൻ നിങ്ങൾ എന്നെ കൊണ്ടുപോകുകയും അവരുടെമേൽ സർവേശ്വരൻ എനിക്കു വിജയം നല്‌കുകയും ചെയ്താൽ ഞാൻ നിങ്ങളുടെ നേതാവായിത്തീരും.” “അങ്ങ് പറഞ്ഞതുപോലെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. സർവേശ്വരൻ നമുക്കു സാക്ഷിയായിരിക്കട്ടെ” എന്നവർ പ്രതിവചിച്ചു. അങ്ങനെ യിഫ്താഹ് ഗിലെയാദിലെ ജനപ്രമാണികളുടെ കൂടെ പോകുകയും ജനം അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വച്ചു യിഫ്താഹ് തന്റെ വ്യവസ്ഥയെല്ലാം ജനത്തോടു പറഞ്ഞു. പിന്നീട് യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു ചോദിച്ചു: “അങ്ങേക്ക് എന്നോട് എന്താണു വിരോധം? എന്റെ ദേശം ആക്രമിക്കാൻ അങ്ങ് എന്തിനു വരുന്നു?” അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേൽജനം ഈജിപ്തിൽനിന്നു വരുമ്പോൾ അർന്നോൻനദിമുതൽ യബ്ബോക്കു നദിവരെയും യോർദ്ദാൻനദിവരെയുമുള്ള എന്റെ ഭൂമി കൈവശപ്പെടുത്തിയതുകൊണ്ടാണ് ഞാൻ ഇപ്രകാരം ചെയ്യുന്നത്. ആ ഭൂമിയെല്ലാം സമാധാനപൂർവം മടക്കിത്തരിക.” യിഫ്താഹ് സന്ദേശവാഹകരെ അമ്മോന്യരുടെ രാജാവിന്റെ അടുക്കലേക്കു വീണ്ടും അയച്ചു പറയിച്ചു: “ഇസ്രായേൽജനം അമ്മോന്യരുടെയോ മോവാബ്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല. ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി. എദോംരാജാവിന്റെ ദേശത്തുകൂടി കടന്നുപോകുന്നതിന് അനുവാദം അപേക്ഷിച്ചുകൊണ്ട് അവർ ദൂതന്മാരെ അയച്ചു; എന്നാൽ എദോംരാജാവ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് മോവാബ്‍രാജാവിന്റെ അടുക്കലും ദൂതന്മാരെ അയച്ചു; അദ്ദേഹവും അതിനു സമ്മതിച്ചില്ല. അതിനാൽ ഇസ്രായേൽജനം കാദേശിൽതന്നെ പാർത്തു. തുടർന്ന് അവർ മരുഭൂമിയിൽ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അർന്നോൻനദിയുടെ അക്കരെ പാളയമടിച്ചു. അർന്നോൻ മോവാബിന്റെ അതിരായിരുന്നതുകൊണ്ട് അവർ അർന്നോൻനദി കടന്നില്ല. പിന്നീട് ഹെശ്ബോനിലെ അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച് രാജാവിന്റെ സ്ഥലത്തുകൂടി അവരുടെ സ്വന്തം നാട്ടിലേക്കു പോകാൻ അനുവാദം ചോദിച്ചു. സീഹോൻ അതിന് ഇസ്രായേൽജനത്തെ അനുവദിച്ചില്ലെന്നു മാത്രമല്ല തന്റെ സൈന്യങ്ങളെയെല്ലാം വിളിച്ചുകൂട്ടി യഹസിൽ പാളയമടിച്ച് ഇസ്രായേൽജനത്തോടു യുദ്ധം ചെയ്തു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ സീഹോനെയും അയാളുടെ ജനത്തെയും ഇസ്രായേല്യരുടെ കൈയിൽ ഏല്പിച്ചു. ഇസ്രായേൽജനം അവരെ തോല്പിച്ചു; ദേശവാസികളായ അമോര്യരുടെ ദേശം കൈവശമാക്കുകയും ചെയ്തു. അർന്നോൻമുതൽ യബ്ബോക്ക്‍വരെയും മരുഭൂമിമുതൽ യോർദ്ദാൻ നദിവരെയുള്ള ദേശമെല്ലാം ഇസ്രായേൽ പിടിച്ചെടുത്തു. അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ തന്റെ ജനമായ ഇസ്രായേല്യർക്കുവേണ്ടി അമോര്യരെ പുറത്താക്കി. അമോര്യരാജാവായ അങ്ങ് ആ ദേശം വീണ്ടും കൈവശപ്പെടുത്താൻ പോകുകയാണോ? നിങ്ങളുടെ ദൈവമായ കെമോശ് നിങ്ങൾക്ക് അവകാശമായി നല്‌കിയതെല്ലാം നിങ്ങൾ സൂക്ഷിക്കുകയില്ലേ? ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു നല്‌കിയതെല്ലാം ഞങ്ങളും കൈവശമാക്കും. മോവാബിലെ രാജാവായ സിപ്പോരിന്റെ പുത്രനായ ബാലാക്കിനെക്കാൾ അങ്ങ് ശ്രേഷ്ഠനാണോ? അദ്ദേഹം ഒരിക്കലും ഇസ്രായേലിനെ വെല്ലുവിളിച്ചില്ല. ഞങ്ങൾക്കെതിരായി യുദ്ധം ചെയ്യാൻ ആരെയും പ്രേരിപ്പിച്ചുമില്ല. ഇസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയോടു ചേർന്നുള്ള പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാർത്തു. ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല? ഞാൻ അങ്ങയോട് ഒരു അന്യായവും ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുക നിമിത്തം അങ്ങ് എന്നോടാണ് അന്യായം ചെയ്യുന്നത്. ന്യായാധിപനായ സർവേശ്വരൻ ഇസ്രായേൽജനത്തിനും അമ്മോന്യർക്കും മധ്യേ ഇന്ന് ന്യായം വിധിക്കട്ടെ.” എന്നാൽ യിഫ്താഹിന്റെ സന്ദേശം അമ്മോന്യരാജാവു ശ്രദ്ധിച്ചില്ല. അപ്പോൾ സർവേശ്വരന്റെ ആത്മാവ് യിഫ്താഹിന്റെമേൽ ആവസിച്ചു; അദ്ദേഹം ഗിലെയാദിലും മനശ്ശെയിലും കൂടി സഞ്ചരിച്ചു ഗിലെയാദിലെ മിസ്പായിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ തിരിച്ചു. യിഫ്താഹ് ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേൽ എനിക്കു വിജയം നല്‌കുകയും ഞാൻ ജയിച്ചു സമാധാനത്തോടു മടങ്ങി വരികയും ചെയ്യുമ്പോൾ എന്റെ വീട്ടിൽനിന്നു ആദ്യമായി ഇറങ്ങി വരുന്നതാരായാലും ഞാൻ അയാളെ അവിടുത്തേക്ക് ഹോമയാഗമായി അർപ്പിക്കും.” യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യുന്നതിന് അതിർത്തി കടന്നു; സർവേശ്വരൻ അവരുടെമേൽ അദ്ദേഹത്തിനു വിജയം നല്‌കി. അരോവേർമുതൽ മിന്നീത്തു വരെയും അവിടെനിന്ന് ആബേൽ, കെരാമീം- വരെയും ചെന്ന് അദ്ദേഹം അവരെ സംഹരിച്ചു. ഇരുപതു പട്ടണങ്ങൾ പിടിച്ചടക്കി. അങ്ങനെ ഇസ്രായേൽജനത്തിന്റെ മുമ്പിൽ അമ്മോന്യർ ലജ്ജിതരായി. യിഫ്താഹ് മിസ്പായിലുള്ള സ്വന്തം ഭവനത്തിൽ എത്തിയപ്പോൾ തന്റെ പുത്രി തപ്പുകൊട്ടി നൃത്തം ചെയ്തുകൊണ്ട് തന്നെ എതിരേല്‌ക്കാൻ വന്നു. അവൾ അദ്ദേഹത്തിന്റെ ഏകപുത്രിയായിരുന്നു. അവളല്ലാതെ മറ്റൊരു പുത്രനോ, പുത്രിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവളെ കണ്ട മാത്രയിൽ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്റെ മകളേ, നീ എന്റെ ഹൃദയം തകർത്തു; ഞാൻ ദുഃഖിക്കാൻ നീ ഇടവരുത്തിയല്ലോ. സർവേശ്വരനോടു ഞാൻ പ്രതിജ്ഞ ചെയ്തുപോയി; അതിൽനിന്നു പിന്മാറുക സാധ്യമല്ല.” അവൾ പിതാവിനോടു പറഞ്ഞു: “എന്റെ പിതാവേ, അങ്ങ് സർവേശ്വരനോടു ചെയ്ത പ്രതിജ്ഞ നിറവേറ്റുക; അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് അവിടുന്നു പ്രതികാരം ചെയ്തല്ലോ.” അവൾ തുടർന്നു: “ഒരു കാര്യം എനിക്കു ചെയ്തു തരണം; എന്റെ സഖിമാരോടൊത്ത് രണ്ടുമാസം പർവതങ്ങളിൽ അലഞ്ഞു നടന്ന് എന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാൻ അനുവാദം നല്‌കിയാലും.” “പൊയ്‍ക്കൊള്ളുക” എന്നു പറഞ്ഞ് രണ്ടു മാസത്തേക്ക് അദ്ദേഹം അവളെ പറഞ്ഞയച്ചു. അവൾ സഖിമാരോടൊത്ത് പർവതത്തിൽ പോയി തന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിച്ചു; അതിനുശേഷം അവൾ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവർത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവൾ മരിച്ചു. ഇസ്രായേലിലെ കന്യകമാർ ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ ഓർത്തു വർഷംതോറും നാലു ദിവസത്തേക്കു വിലപിക്കുക ഒരു ആചാരമായിത്തീർന്നു.
ന്യായാധിപന്മാർ 11:1-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു. യിഫ്താഹിന്‍റെ പിതാവോ ഗിലെയാദ് ആയിരുന്നു. ഗിലെയാദിന്റെ ഭാര്യയും അവന് പുത്രന്മാരെ പ്രസവിച്ചു; അവർ വളർന്നശേഷം യിഫ്താഹിനോട്: “നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ” എന്നു പറഞ്ഞ് അവനെ ഓടിച്ചുകളഞ്ഞു. അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ട് തോബ് ദേശത്ത് ചെന്നു പാർത്തു. നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഹവസിച്ചു. കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു. അമ്മോന്യർ യിസ്രായേലിനോട് യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരുവാൻ ചെന്നു. അവർ യിഫ്താഹിനോട്: “അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക” എന്നു പറഞ്ഞു. യിഫ്താഹ് ഗിലെയാദ്യരോട്: “നിങ്ങൾ എന്നെ പകച്ച് എന്‍റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്‍റെ അടുക്കൽ എന്തിന് വരുന്നു” എന്നു പറഞ്ഞു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: “നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധംചെയ്കയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നു” എന്നു പറഞ്ഞു. യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: “അമ്മോന്യരോട് യുദ്ധം ചെയ്വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട്, യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ, നിങ്ങൾ എന്നെ തലവനാക്കുമോ” എന്നു ചോദിച്ചു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: “നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു. അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി. ജനം അവനെ തലവനും സൈന്യാധിപനും ആക്കി. യിഫ്താഹ് മിസ്പയിൽവെച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു. അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “നീ എന്നോട് യുദ്ധം ചെയ്വാൻ എന്‍റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം” എന്നു പറയിച്ചു. അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: “മിസ്രയീമിൽ നിന്നു പുറപ്പെട്ടുവന്നപ്പോൾ യിസ്രായേൽ അർന്നോൻ മുതൽ യാബ്ബോക്കോളവും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം കൈവശമാക്കിയതിനാൽ തന്നെ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക” എന്നു പറഞ്ഞു. യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അവനോട് പറയിച്ചതെന്തെന്നാൽ: “യിഫ്താഹ് ഇപ്രകാരം പറയുന്നു: യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ടു മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി. യിസ്രായേൽ ഏദോം രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും ഏദോംരാജാവ് സമ്മതിച്ചില്ല; മോവാബ്‌രാജാവിന്‍റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു. “അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് ഏദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്‍റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്‍റെ അതിരായിരുന്നതിനാൽ മോവാബിന്‍റെ അതിരിനകത്ത് അവർ കടന്നില്ല. “പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു നിന്റെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്ക് കടന്നുപോകുവാൻ അനുവാദം തരേണം എന്ന് പറയിച്ചു. എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യാഹാസിൽ പാളയമിറങ്ങി, അവരോട് യുദ്ധംചെയ്തു. യിസ്രായേലിന്‍റെ ദൈവമായ യഹോവ, സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച്, ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി. അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി. “യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ? നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കുകയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും. സിപ്പോരിന്‍റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ? “യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ, ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല? ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽ മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.” എന്നാൽ യിഫ്താഹിന്‍റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല. അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്‍റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് പറഞ്ഞത്: “നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ, എന്‍റെ വീട്ടുവാതില്‍ക്കൽ നിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.” ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധം ചെയ്വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ, ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല. അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി, “അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ” എന്നു പറഞ്ഞു. അവൾ അവനോട്: “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, യഹോവ നിനക്ക് വേണ്ടി നിന്‍റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്‍റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക” എന്നു പറഞ്ഞു. “എന്നാൽ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്തു തരേണം; ഞാനും എന്‍റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്നു എന്‍റെ കന്യാകാത്വത്തെക്കുറിച്ച് വിലാപം കഴിക്കേണ്ടതിന് എനിക്ക് രണ്ടുമാസം തരേണം“ എന്നു അവൾ തന്‍റെ അപ്പനോട് പറഞ്ഞു. അതിന് അവൻ: “പോക“ എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു. അവൾ തന്റെ സഖിമാരുമായി ചെന്നു തന്‍റെ കന്യാകാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു. രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്‍റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.
ന്യായാധിപന്മാർ 11:1-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു. ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു. അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്നു അവനുമായി സഞ്ചരിച്ചു. കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യർ യിസ്രായേലിനോടു യുദ്ധംചെയ്തു. അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു. അവർ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു. യിഫ്താഹ് ഗിലെയാദ്യരോടു: നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിന്നു വരുന്നു എന്നു പറഞ്ഞു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: നീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു: അമ്മോന്യരോടു യുദ്ധംചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു. ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയിൽവെച്ചു യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു. അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധംചെയ്‌വാൻ എന്റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു. അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻമുതൽ യബ്ബോക് വരെയും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു. യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു; യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടു മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി. യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു. അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർക്കകത്തു അവർ കടന്നില്ല. പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു. എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു. യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി. അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ പിടിച്ചടക്കി. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ? നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും. സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബ്രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ? യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിന്നിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു? ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല. അപ്പോൾ യഹോവയുടെ ആത്മാവു യിഫ്താഹിൻമേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയിൽ എത്തി ഗിലെയാദിലെ മിസ്പയിൽനിന്നു അമ്മോന്യരുടെ നേരെ ചെന്നു. യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു. അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്വരെയും ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി. എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല. അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു. എന്നാൽ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാൻ പർവ്വതങ്ങളിൽ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവൾ തന്റെ അപ്പനോടു പറഞ്ഞു. അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു. രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.
ന്യായാധിപന്മാർ 11:1-40 സമകാലിക മലയാളവിവർത്തനം (MCV)
ഗിലെയാദ്യനായ യിഫ്താഹ് ധീരനായ ഒരു യോദ്ധാവായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗിലെയാദും അമ്മ ഒരു വേശ്യയുമായിരുന്നു. ഗിലെയാദിന് സ്വന്തം ഭാര്യയിലും പുത്രന്മാരുണ്ടായിരുന്നു. അവൻ വളർന്നപ്പോൾ, “ഞങ്ങളുടെ പിതൃഭവനത്തിലെ ഓഹരി നിനക്കു ലഭിക്കുകയില്ല, നീ പരസ്ത്രീയുടെ മകനാകുന്നു” എന്നു പറഞ്ഞ് യിഫ്താഹിനെ ഓടിച്ചുകളഞ്ഞു. അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെവിട്ട് തോബ് ദേശത്തു ചെന്നുപാർത്തു; ആഭാസന്മാരായ ചിലർ യിഫ്താഹിന്റെ ചുറ്റുംകൂടി അദ്ദേഹത്തെ അനുഗമിച്ചു. കുറെക്കാലം കഴിഞ്ഞ് അമ്മോന്യർ ഇസ്രായേലിനോട് യുദ്ധം തുടങ്ങി. ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരാൻ ചെന്നു. അവർ യിഫ്താഹിനോട് പറഞ്ഞു: “വരിക, അമ്മോന്യരോട് യുദ്ധംചെയ്യാൻ നീ ഞങ്ങളുടെ സൈന്യാധിപനായിരിക്കുക.” യിഫ്താഹ് അവരോട്: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതൃഭവനത്തിൽനിന്നും ഓടിച്ചുകളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിലായപ്പോൾ എന്തിനെന്റെ അടുക്കൽ വരുന്നു” എന്നു ചോദിച്ചു. ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോട്: “നീ ഞങ്ങളോടുകൂടെവന്ന് അമ്മോന്യരോടു യുദ്ധംചെയ്യുകയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കുകയും ചെയ്യുക. അതിനുവേണ്ടിത്തന്നെയാണ് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നത്” എന്നു പറഞ്ഞു. “അമ്മോന്യരോടു യുദ്ധംചെയ്യാൻ നിങ്ങൾ എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുന്നു എങ്കിൽ നിങ്ങൾ നിശ്ചയമായും എന്നെ തലവനാക്കുമോ?” എന്ന് യിഫ്താഹ് ചോദിച്ചു. ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോടു പറഞ്ഞു: “യഹോവ നമുക്കു സാക്ഷിയായിരിക്കട്ടെ! നീ പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.” അങ്ങനെ യിഫ്താഹ് ഗിലെയാദിലെ നേതാക്കന്മാരോടുകൂടെ പോയി; ജനം അദ്ദേഹത്തെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പായിൽ യഹോവയുടെമുമ്പാകെ, താൻ പറഞ്ഞതെല്ലാം വീണ്ടും പ്രസ്താവിച്ചു. അതിനുശേഷം യിഫ്താഹ് അമ്മോന്യരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “എന്നോട് എന്തു വിരോധംകൊണ്ടാണ് എന്റെ രാജ്യത്തിനെതിരേ യുദ്ധംചെയ്യാൻ താങ്കൾ വരുന്നത്?” എന്നു ചോദിച്ചു. അമ്മോന്യരാജാവ് യിഫ്താഹിന്റെ ദൂതന്മാരോട് ഇപ്രകാരം പറഞ്ഞയച്ചു: “ഇസ്രായേൽ ഈജിപ്റ്റിൽനിന്നു വന്നപ്പോൾ അർന്നോൻമുതൽ യാബ്ബോക്കും യോർദാനുംവരെയുള്ള എന്റെ ദേശം കൈവശപ്പെടുത്തി, ഇപ്പോൾ ആ ദേശം സമാധാനത്തോടെ മടക്കിത്തരിക.” അമ്മോന്യരാജാവിനോട് ഇപ്രകാരം പറയാൻ യിഫ്താഹ് പിന്നെയും ദൂതന്മാരെ പറഞ്ഞയച്ചു. “യിഫ്താഹ് ഇപ്രകാരം പറയുന്നു: ഇസ്രായേൽ മോവാബുദേശമോ അമ്മോന്യദേശമോ കൈവശപ്പെടുത്തിയിട്ടില്ല. എന്നാൽ ഇസ്രായേൽ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെയും അവിടെനിന്നു കാദേശിലും എത്തി. അപ്പോൾ ഇസ്രായേൽ ഏദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, ‘താങ്കളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദം തരണം’ എന്നു പറയിച്ചു. എങ്കിലും ഏദോം രാജാവ് ചെവിക്കൊണ്ടില്ല. മോവാബുരാജാവിന്റെ അടുക്കലേക്കും അവർ ദൂതന്മാരെ അയച്ചു, അദ്ദേഹവും സമ്മതിച്ചില്ല; അങ്ങനെ ഇസ്രായേൽ കാദേശിൽ താമസിച്ചു. “അവസാനം, അവർ മരുഭൂമിയിൽക്കൂടെ സഞ്ചരിച്ചു. ഏദോം, മോവാബ് എന്നീ ദേശങ്ങൾ ചുറ്റി മോവാബ് ദേശത്തിനു കിഴക്ക് അർന്നോൻനദിക്കക്കരെ പാളയമിറങ്ങി. മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. കാരണം അർന്നോൻ മോവാബിന്റെ അതിരായിരുന്നു. “പിന്നെ ഇസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ‘താങ്കളുടെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്ക് കടന്നുപോകാൻ അനുവാദം തരണമേ’ എന്നു പറയിച്ചു. എങ്കിലും സീഹോൻ തന്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാൻ തക്കവണ്ണം അവരെ വിശ്വസിച്ചില്ല. അദ്ദേഹം തന്റെ ജനത്തെയെല്ലാം വിളിച്ചുകൂട്ടി, യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോട് പൊരുതി. “ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അയാളുടെ സകലജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; അവർ അവരെ തോൽപ്പിച്ചു; ഇങ്ങനെ ഇസ്രായേൽ ആ ദേശവാസികളായ അമോര്യരുടെ ദേശം പിടിച്ചെടുത്തു. അർന്നോൻമുതൽ യാബ്ബോക്കുവരെയും മരുഭൂമിമുതൽ യോർദാൻവരെയുമുള്ള അമോര്യരുടെ ദേശംമുഴുവൻ അവർ കൈവശപ്പെടുത്തി. “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ, നിനക്ക് അവ തിരികെ നൽകേണ്ടതിന്റെ ആവശ്യമെന്ത്? താങ്കളുടെ ദേവനായ കെമോശ് താങ്കൾക്കു തരുന്നത് താങ്കൾ കൈവശം വെക്കുകയില്ലേ? അങ്ങനെതന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്നതൊക്കെ ഞങ്ങളും അവകാശമാക്കും. സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവിനെക്കാൾ താങ്കൾ ശ്രേഷ്ഠനോ? അദ്ദേഹം എപ്പോഴെങ്കിലും ഇസ്രായേലിനോട് കലഹിക്കുകയോ യുദ്ധംചെയ്യുകയോ ചെയ്തിട്ടുണ്ടോ? ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ഗ്രാമങ്ങളിലും അരോവേരിലും അതിന്റെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷക്കാലം താമസിച്ച ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അതു തിരിച്ചു വാങ്ങിയില്ല? ആകയാൽ ഞാൻ താങ്കളോട് അന്യായമൊന്നുംചെയ്തിട്ടില്ല. എനിക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നതിനാൽ താങ്കൾ എന്നോടാകുന്നു അന്യായംചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് ഇസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായംവിധിക്കട്ടെ.” എന്നാൽ യിഫ്താഹ് പറഞ്ഞയച്ച സന്ദേശം അമ്മോന്യരുടെ രാജാവ് അശ്ശേഷം വകവെച്ചില്ല. അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു. യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ, ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.” പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി. യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു. അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു. “അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ. എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു. “പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവതങ്ങളിൽ ദുഃഖാചരണം നടത്തി. രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു. ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.