ന്യായാധിപന്മാർ 10:6-16

ന്യായാധിപന്മാർ 10:6-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു. അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കൈയിലും അമ്മോന്യരുടെ കൈയിലും ഏല്പിച്ചു. അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നെ ഉപദ്രവിച്ചു ഞെരുക്കി. അമ്മോന്യർ യെഹൂദായോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‍വാൻ യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി. യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ? സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നും രക്ഷിച്ചു. എങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല. നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ. യിസ്രായേൽമക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു. അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവനു സഹതാപം തോന്നി.

ന്യായാധിപന്മാർ 10:6-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനം സർവേശ്വരനു ഹിതകരമല്ലാത്തതു വീണ്ടും പ്രവർത്തിച്ചു; അവർ അവിടുത്തെ ആരാധിക്കാതെ ബാൽദേവന്മാരെയും അസ്താരോത്ത്പ്രതിഷ്ഠകളെയും സിറിയ, സീദോൻ, മോവാബ്, അമ്മോൻ, ഫെലിസ്ത്യ എന്നീ ദേശങ്ങളിലെ ദേവന്മാരെയും ആരാധിച്ചു. അവർ സർവേശ്വരനെ ഉപേക്ഷിച്ചു. അപ്പോൾ അവിടുത്തെ കോപം ഇസ്രായേലിന്റെമേൽ ജ്വലിച്ചു; ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കൈയിൽ അവിടുന്ന് അവരെ ഏല്പിച്ചു. അവർ ഇസ്രായേൽജനത്തെ പീഡിപ്പിച്ചു. യോർദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദിൽ പാർത്തിരുന്ന ഇസ്രായേൽജനത്തെ അവർ പതിനെട്ടു വർഷം ക്രൂരമായി ഞെരുക്കി. യെഹൂദാ, ബെന്യാമീൻ, എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്യാൻ അമ്മോന്യർ യോർദ്ദാൻനദി കടന്നു. ഇസ്രായേൽ കൊടിയ ദുരിതത്തിലായി. അവർ സർവേശ്വരനോടു നിലവിളിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ ആരാധിച്ചതിനാൽ ഞങ്ങൾ അങ്ങേക്ക് എതിരായി പാപം ചെയ്തു.” സർവേശ്വരൻ ഇസ്രായേൽജനത്തോട് അരുളിച്ചെയ്തു: “ഈജിപ്തുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരിൽനിന്ന് ഞാൻ നിങ്ങളെ വിടുവിച്ചില്ലേ? സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചപ്പോഴും നിങ്ങൾ എന്നോടു നിലവിളിച്ചു. ഞാൻ അവരിൽനിന്നെല്ലാം നിങ്ങളെ മോചിപ്പിച്ചു. എന്നിട്ടും, നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലിൽ ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. നിങ്ങൾ പോയി നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ.” ഇസ്രായേൽജനം സർവേശ്വരനോട് അപേക്ഷിച്ചു: “ഞങ്ങൾ പാപം ചെയ്തുപോയി; അവിടുത്തേക്ക് ഉചിതമായി തോന്നുന്നതു ഞങ്ങളോട് പ്രവർത്തിച്ചാലും. എങ്കിലും ഇന്നു ഞങ്ങളെ രക്ഷിക്കുക.” ഇസ്രായേൽജനം തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കം ചെയ്തു; അവർ സർവേശ്വരനെത്തന്നെ ആരാധിക്കുകയും ചെയ്തു. അപ്പോൾ ഇസ്രായേൽജനത്തിന്റെ സങ്കടത്തിൽ അവിടുത്തേക്ക് അനുകമ്പ തോന്നി.

ന്യായാധിപന്മാർ 10:6-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് ദേവിയേയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു. അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു. അവർ ആ വർഷംമുതൽ പതിനെട്ട് വർഷം യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി. കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‌വാൻ യോർദ്ദാൻ കടന്നു. യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങേയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. യഹോവ യിസ്രായേൽ മക്കളോട് അരുളിച്ചെയ്തത്: “മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ? കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു. എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല. നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.” യിസ്രായേൽ മക്കൾ യഹോവയോട്: “ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങേയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്ന് മാത്രം ഞങ്ങളെ വിടുവിക്കേണമേ” എന്നു പറഞ്ഞു. അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.

ന്യായാധിപന്മാർ 10:6-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു. അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു. അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി. അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി. യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ? സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു. എങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല. നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ. യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു. അവർ തങ്ങളുടെ ഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവന്നു സഹതാപം തോന്നി.

ന്യായാധിപന്മാർ 10:6-16 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽജനം പിന്നെയും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. ബാൽവിഗ്രഹങ്ങളെയും അസ്തരോത്തിനെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു. ഇസ്രായേൽജനം യഹോവയെ ഉപേക്ഷിച്ചു; അവിടത്തെ സേവിച്ചതേയില്ല. യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. അവിടന്ന് അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും ഏൽപ്പിച്ചു. ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു. അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീം ഗൃഹത്തോടും യുദ്ധംചെയ്യാൻ യോർദാൻ കടന്നു; തന്മൂലം ഇസ്രായേൽജനം വലിയ കഷ്ടത്തിലായി. അപ്പോൾ ഇസ്രായേൽജനം യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ സേവിക്കുകയാൽ അങ്ങയോട് പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. യഹോവ ഇസ്രായേൽജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചില്ലയോ? സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു; നിങ്ങൾ സഹായത്തിനായി എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നു മോചിപ്പിച്ചില്ലയോ? എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!” എന്നാൽ ഇസ്രായേൽമക്കൾ യഹോവയോട്: “ഞങ്ങൾ പാപംചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇപ്പോൾമാത്രം ഞങ്ങളെ വിടുവിക്കണമേ” എന്നപേക്ഷിച്ചു. അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കിക്കളഞ്ഞു; യഹോവയെ സേവിച്ചു; ഇസ്രായേലിന്റെ കഷ്ടത യഹോവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.