യാക്കോബ് 5:1-5

യാക്കോബ് 5:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു; ആ കറ നിങ്ങളുടെ നേരേ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.

യാക്കോബ് 5:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ധനവാന്മാരേ, നിങ്ങൾക്കു വരുവാൻ പോകുന്ന ദുരിതങ്ങൾ ഓർത്ത് വിലപിച്ചു കരയുക. നിങ്ങളുടെ സമ്പത്തു ജീർണിച്ചും നിങ്ങളുടെ വസ്ത്രങ്ങൾ പുഴു കരണ്ടും നശിച്ചിരിക്കുന്നു. നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും. തീ എന്നപോലെ അതു നിങ്ങളുടെ മാംസം കാർന്നുതിന്നും. അന്ത്യനാളുകൾക്കുവേണ്ടി നിങ്ങൾ നിക്ഷേപം കൂട്ടിവയ്‍ക്കുന്നു. ഇതാ, നിങ്ങളുടെ നിലം കൊയ്ത തൊഴിലാളികളെ വഞ്ചിച്ചു പിടിച്ചുവച്ച കൂലി ഉച്ചത്തിൽ നിലവിളിക്കുന്നു. ആ കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ ദൈവത്തിന്റെ ചെവികളിൽ എത്തിയിരിക്കുന്നു. ഭൂമിയിൽ നിങ്ങൾ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.

യാക്കോബ് 5:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്തു അലമുറയിട്ട് കരയുവിൻ. നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്‍റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.

യാക്കോബ് 5:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.

യാക്കോബ് 5:1-5 സമകാലിക മലയാളവിവർത്തനം (MCV)

ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക. നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു. നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു. ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.