യാക്കോബ് 5:1-20
യാക്കോബ് 5:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു; ആ കറ നിങ്ങളുടെ നേരേ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റം വിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല. എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു. സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരേ ഒരുവൻ ഞരങ്ങിപ്പോകരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു. സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ. വിശേഷാൽ സഹോദരന്മാരേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു. ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ പാപിയെ നേർവഴിക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 5:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധനവാന്മാരേ, നിങ്ങൾക്കു വരുവാൻ പോകുന്ന ദുരിതങ്ങൾ ഓർത്ത് വിലപിച്ചു കരയുക. നിങ്ങളുടെ സമ്പത്തു ജീർണിച്ചും നിങ്ങളുടെ വസ്ത്രങ്ങൾ പുഴു കരണ്ടും നശിച്ചിരിക്കുന്നു. നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും. തീ എന്നപോലെ അതു നിങ്ങളുടെ മാംസം കാർന്നുതിന്നും. അന്ത്യനാളുകൾക്കുവേണ്ടി നിങ്ങൾ നിക്ഷേപം കൂട്ടിവയ്‍ക്കുന്നു. ഇതാ, നിങ്ങളുടെ നിലം കൊയ്ത തൊഴിലാളികളെ വഞ്ചിച്ചു പിടിച്ചുവച്ച കൂലി ഉച്ചത്തിൽ നിലവിളിക്കുന്നു. ആ കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ ദൈവത്തിന്റെ ചെവികളിൽ എത്തിയിരിക്കുന്നു. ഭൂമിയിൽ നിങ്ങൾ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റവാളിയെന്നു വിധിച്ചുകൊന്നു. അവിടുന്നാകട്ടെ നിങ്ങളോട് എതിർത്തുനില്‌ക്കുന്നില്ല. സഹോദരരേ, കർത്താവിന്റെ ആഗമനംവരെ ക്ഷമയോടെ ഇരിക്കുക. ഭൂമിയിൽനിന്നു മെച്ചപ്പെട്ട ഫലം കിട്ടുന്നതിനു കർഷകൻ മുൻമഴയ്‍ക്കായും പിൻമഴയ്‍ക്കായും ക്ഷമാപൂർവം കാത്തിരിക്കുന്നുവല്ലോ. നിങ്ങളും ക്ഷമയോടുകൂടിയിരിക്കുക. നിങ്ങളുടെ മനസ്സ് ഉറപ്പിക്കുക. കർത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു. സഹോദരരേ, നിങ്ങൾ വിധിക്കപ്പെടാതെയിരിക്കുവാൻ അന്യോന്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഇതാ, വിധികർത്താവ് വാതില്‌ക്കൽ നില്‌ക്കുന്നു. സഹോദരരേ, സർവേശ്വരന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാർ നിങ്ങൾക്കു സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായിരിക്കട്ടെ. അചഞ്ചലരായി ഉറച്ചുനിന്നിട്ടുള്ളവരെ അനുഗൃഹീതരെന്നു നാം പ്രകീർത്തിക്കുന്നു. യോബിന്റെ സഹിഷ്ണുതയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. യോബിനെപ്പറ്റി സർവേശ്വരന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവും ഉള്ളവനെന്നും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. സഹോദരരേ, സർവോപരി സ്വർഗത്തെയോ, ഭൂമിയെയോ, മറ്റേതെങ്കിലും ഒന്നിനെയോ ചൊല്ലി സത്യം ചെയ്യരുത്. നിങ്ങൾ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ ‘അതെ’ എന്നു പറയുന്നത് ‘അതെ’ എന്നും ‘അല്ല’ എന്നു പറയുന്നത് ‘അല്ല’ എന്നും ആയിരിക്കട്ടെ. നിങ്ങളിൽ കഷ്ടത സഹിക്കുന്നവൻ പ്രാർഥിക്കട്ടെ; സന്തോഷിക്കുന്നവൻ സ്തോത്രഗാനം ആലപിക്കട്ടെ. രോഗശയ്യയിൽ കിടക്കുന്നവൻ സഭാമുഖ്യരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പൂശി ആ രോഗിക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാർഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കുകയും ചെയ്യും. നിങ്ങൾക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു. ഏലിയാ നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കുവാൻവേണ്ടി അദ്ദേഹം ശുഷ്കാന്തിയോടെ പ്രാർഥിച്ചു. അതിന്റെ ഫലമായി മൂന്നര വർഷം ഭൂമിയിൽ മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നല്‌കി; ഭൂമി അതിന്റെ ഫലങ്ങൾ നല്‌കുകയും ചെയ്തു. എന്റെ സഹോദരരേ, നിങ്ങളിൽ ആരെങ്കിലും സത്യത്തിൽനിന്നു വ്യതിചലിക്കുകയും, മറ്റൊരാൾ അയാളെ തിരിച്ചു വരുത്തുകയും ചെയ്താൽ, പാപിയെ അവന്റെ വഴിയിൽനിന്നു തിരിക്കുന്നവൻ, അവന്റെ ആത്മാവിനെ മരണത്തിൽനിന്നു രക്ഷിക്കുകയും അവന്റെ അസംഖ്യമായ പാപങ്ങൾ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓർത്തുകൊള്ളുക.
യാക്കോബ് 5:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്തു അലമുറയിട്ട് കരയുവിൻ. നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റം വിധിച്ച് കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല. അതുകൊണ്ട് സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ. നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിൻ; കർത്താവിന്‍റെ പ്രത്യക്ഷത സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; സഹോദരന്മാരേ, വിധിക്കപ്പെടാതിരിക്കുവാൻ ഒരുവന്‍റെ നേരെ ഒരുവൻ പിറുപിറുക്കരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു. സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ, കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും മാതൃകയാക്കികൊള്ളുവിൻ. സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നുവല്ലോ. ഇയ്യോബിന്‍റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ. എന്നാൽ എന്‍റെ സഹോദരങ്ങളേ, എല്ലാറ്റിനുമുപരി, സ്വർഗ്ഗത്തെയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ “ഉവ്വ്” എന്നു പറഞ്ഞാൽ “ഉവ്വ്” എന്നും “ഇല്ല” എന്നു പറഞ്ഞാൽ “ഇല്ല” എന്നും ഇരിക്കട്ടെ. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ രോഗിയായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിയ്ക്കും. അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലപ്രദം ആകുന്നു. ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു വർഷവും ആറു മാസവും ദേശത്ത് മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്ത്, ഭൂമി അതിന്റെ വിളവ് തന്നു. എന്‍റെ സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ട് തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ, പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്‍റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 5:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല. എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു. സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു. സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു. കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ. വിശേഷാൽ സഹോദരന്മാരേ, സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വു എന്നു പറഞ്ഞാൽ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു. ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
യാക്കോബ് 5:1-20 സമകാലിക മലയാളവിവർത്തനം (MCV)
ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക. നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു. നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു. ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു. സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക. സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു! സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക. കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു. സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും. നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ. നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും. ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്. ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല. അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു. എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ടുഴലുകയും അയാളെ ആരെങ്കിലും തിരികെ കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.