യാക്കോബ് 4:11-16 - Compare All Versions
യാക്കോബ് 4:11-16 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളൂ: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നെ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്. നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.
യാക്കോബ് 4:11-16 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, നിങ്ങൾ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കിൽ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികർത്താവാണ്. നിയമകർത്താവും വിധികർത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്റെ അയൽക്കാരനെ വിധിക്കുവാൻ നീ ആരാണ്? “ഇന്നോ നാളെയോ ഞങ്ങൾ പട്ടണത്തിൽപോയി ഒരു വർഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്റെ വാക്കുകൾ കേൾക്കൂ. നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തിൽ കാണാതാകുകയും ചെയ്യുന്ന മൂടൽമഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങൾ. “ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങൾ പറയേണ്ടത്. അതിനുപകരം ഗർവ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്.
യാക്കോബ് 4:11-16 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്‍റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ? “ഇന്നോ നാളെയോ ഞങ്ങൾ ഇന്നിന്ന പട്ടണത്തിൽ പോയി അവിടെ ഒരു വർഷം താമസിച്ച് വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും” എന്നു പറയുന്നവരേ, കേൾക്കുവിൻ: നാളെ എന്ത് സംഭവിക്കും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു. പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്. എന്നാൽ നിങ്ങളോ അഹങ്കാരത്താൽ പ്രശംസിക്കുന്നു; ഈ വക പ്രശംസ എല്ലാം ദോഷം ആകുന്നു.
യാക്കോബ് 4:11-16 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു. നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.
യാക്കോബ് 4:11-16 MCV (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്. ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം? “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്.