യാക്കോബ് 3:9-16

യാക്കോബ് 3:9-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കയ്പുമുള്ള വെള്ളം പുറപ്പെട്ടുവരുമോ? സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായ്ക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കയ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്. ഇത് ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.

യാക്കോബ് 3:9-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നമ്മുടെ പിതാവായ സർവേശ്വരനെ നാവുകൊണ്ട് നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽനിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല. ഒരേ നീരുറവ് ശുദ്ധജലവും ഉപ്പുവെള്ളവും പുറപ്പെടുവിക്കുമോ? എന്റെ സഹോദരരേ, അത്തിവൃക്ഷത്തിൽ ഒലിവുഫലമോ, മുന്തിരിവള്ളിമേൽ അത്തിപ്പഴമോ ഉണ്ടാകുമോ? ഉപ്പുവെള്ളം പുറപ്പെടുവിക്കുന്ന നീരുറവിന് അതിലെ ജലത്തെ മധുരിപ്പിക്കുവാൻ സാധ്യമാണോ? നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവൻ ആരാണ്? ജ്ഞാനത്തിന്റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാൽ അവൻ തന്റെ ഉത്തമജീവിതത്തിൽ അതു കാണിക്കട്ടെ. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ കയ്പു നിറഞ്ഞ അസൂയയും സ്വാർഥനിഷ്ഠമായ താത്പര്യങ്ങളും ഉണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ച് ആത്മപ്രശംസ ചെയ്യരുത്. അത് സത്യത്തിനു നിരക്കാത്തതാണ്. ഇങ്ങനെ ആത്മപ്രശംസ ചെയ്യുന്ന ജ്ഞാനം ദൈവത്തിൽനിന്നുള്ളതല്ല. അത് ഭൗമികവും, അനാത്മികവും, പൈശാചികവുമാണ്. എവിടെ അസൂയയും സ്വാർഥതാത്പര്യവും ഉണ്ടോ, അവിടെ ക്രമക്കേടും എല്ലാവിധ തിന്മകളും ഉണ്ടായിരിക്കും.

യാക്കോബ് 3:9-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല. ഉറവിൻ്റെ ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ? എന്‍റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിന് ഒലിവുപഴമോ, മുന്തിരിവള്ളിക്ക് അത്തിപ്പഴമോ കായിക്കുവാൻ കഴിയുമോ? അല്ല, ഉപ്പുറവയിൽനിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ. എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടുത്ത അസൂയയും സ്വാർത്ഥമോഹവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറയുകയുമരുത്. ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല, ലൗകികവും പ്രാകൃതവും പൈശാചികവും ആയതത്രേ. അസൂയയും സ്വാർത്ഥമോഹവും ഉള്ളിടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.

യാക്കോബ് 3:9-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.

യാക്കോബ് 3:9-16 സമകാലിക മലയാളവിവർത്തനം (MCV)

നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല. ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ. നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.