യാക്കോബ് 3:5-13
യാക്കോബ് 3:5-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മെരുങ്ങുന്നു, മെരുങ്ങിയുമിരിക്കുന്നു. നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കാവതല്ല; അത് അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കയ്പുമുള്ള വെള്ളം പുറപ്പെട്ടുവരുമോ? സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായ്ക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
യാക്കോബ് 3:5-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു. എത്ര വലിയ വനമായാലും മുഴുവൻ കത്തി നശിക്കുവാൻ ഒരു തീപ്പൊരി മതി. നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തിൽ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു. ഏതു തരം മൃഗത്തെയും പക്ഷിയെയും ഇഴജന്തുവിനെയും ജലജീവിയെയും മനുഷ്യനു മെരുക്കിയെടുക്കാം; മെരുക്കിയിട്ടുമുണ്ട്. എന്നാൽ നാവിനെ മെരുക്കുവാൻ ഒരു മനുഷ്യനും സാധ്യമല്ല. അത് അടക്കാനാവാത്ത ദോഷവും മാരകമായ വിഷവും നിറഞ്ഞതാണ്. നമ്മുടെ പിതാവായ സർവേശ്വരനെ നാവുകൊണ്ട് നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽനിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല. ഒരേ നീരുറവ് ശുദ്ധജലവും ഉപ്പുവെള്ളവും പുറപ്പെടുവിക്കുമോ? എന്റെ സഹോദരരേ, അത്തിവൃക്ഷത്തിൽ ഒലിവുഫലമോ, മുന്തിരിവള്ളിമേൽ അത്തിപ്പഴമോ ഉണ്ടാകുമോ? ഉപ്പുവെള്ളം പുറപ്പെടുവിക്കുന്ന നീരുറവിന് അതിലെ ജലത്തെ മധുരിപ്പിക്കുവാൻ സാധ്യമാണോ? നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവൻ ആരാണ്? ജ്ഞാനത്തിന്റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാൽ അവൻ തന്റെ ഉത്തമജീവിതത്തിൽ അതു കാണിക്കട്ടെ.
യാക്കോബ് 3:5-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു; അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു. എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്. അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല. ഉറവിൻ്റെ ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ? എന്‍റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിന് ഒലിവുപഴമോ, മുന്തിരിവള്ളിക്ക് അത്തിപ്പഴമോ കായിക്കുവാൻ കഴിയുമോ? അല്ല, ഉപ്പുറവയിൽനിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ.
യാക്കോബ് 3:5-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു. നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
യാക്കോബ് 3:5-13 സമകാലിക മലയാളവിവർത്തനം (MCV)
അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു. എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്. നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല. ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ. നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ.